
നവകേരളയാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മർദ്ദിച്ച സംഭവത്തില്‍ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.
മർദന രീതി പുനരാവിഷ്കരിക്കാനാണ് എസ്‌ഐടി നീക്കം. പ്രതികളുടെ തിരിച്ചറിയല്‍ പരേഡും ഇന്ന് നടക്കും. മർദനമേറ്റ എ.ഡി തോമസിനോടും അജയ് ജുവല്‍ കുര്യാക്കോസിനോടും ക്രൈം ബ്രാഞ്ച് ഓഫീസിലെത്താൻ നിർദേശം. സാക്ഷികളും തിരിച്ചറിയല്‍ പരേഡിന്റെ ഭാഗമാകും.
സുരക്ഷ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ എല്ലാക്രമീകരണങ്ങളും പൂർത്തിയാക്കിയ ശേഷമായിരിക്കും തെളിവെടുപ്പ്. അഞ്ചു പ്രതികളുടെയും ചോദ്യം ചെയ്യല്‍ ഇന്നും തുടരും.ഇന്നലെ പ്രതികളെ ഒറ്റയ്ക്കിരുത്തിയാണ് ചോദ്യം ചെയ്തത്. ഇന്ന് ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്യല്‍.
കേസില്‍ ശാസ്ത്രീയ തെളിവ് ശേഖരണമാണ് എസ്‌ഐടിയുടെ ലക്ഷ്യം. മർദനത്തിനു പിന്നില്‍ ഗൂഢാലോചന നടന്നോ എന്നും തെളിയിക്കേണ്ടതുണ്ട്. വകുപ്പ് അനുവദിക്കാത്ത ആയുധം വച്ച് മർദ്ദിച്ചതില്‍ പ്രതികള്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രത്യേക അന്വേഷണ സംഘ തലവൻ എ പി ഷൗക്കത്തലിയുടെയും അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ പൗലോസിന്റെയും നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ആരുടെയും അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് അറസ്റ്റ് ചെയ്താലും മുൻകൂർജാമ്യം ഉള്ളതിനാല്‍ ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലും പ്രതികളെ വിട്ടയക്കണമെന്നാണ് കോടതി നിർദേശം.






