സിസ്റ്റർ അഭയുടെ നെറുകയിൽ ഉണ്ടായ മുറിവ് കോടാലിയുടെ കൈപ്പിടി കൊണ്ടുള്ള ശക്തമായ അടിയിൽ നിന്നും ; അഭയാക്കേസിന് പിന്നിൽ ലൈംഗികബന്ധവും കൊലപാതകവുമാണെന്ന് സി.ബി.ഐ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച സിസ്റ്റർ അഭയക്കേസിനു പിന്നിൽ ലൈംഗികബന്ധവും കൊലപാതകവുമാണെന്ന് സി.ബി.ഐ എസ്.പി. നന്ദകുമാർ നായർ. ഇതുമായി ബന്ധപ്പെട്ട് എസ്.പി നന്ദകുമാർ പ്രത്യേക സി.ബി.ഐ കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്.
സിസ്റ്റർ അഭയയുടെ പിൻകഴുത്തിനു മുകളിലെ മുറിവുകൾ ഉണ്ടായത് കൈക്കോടാലിയുടെ മൂർച്ചയേറിയ ഭാഗത്തു നിന്ന് ഉണ്ടായതാണെന്നും ഒപ്പം നെറുകയിലെ ആഴമേറിയ മുറിവ് കോടാലിയുടെ കൈപ്പിടി കൊണ്ടുളള ശക്തമായ അടിയിൽ നിന്ന് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
1993 മാർച്ചിലാണ് അഭയാക്കൊല കേസിൽ സി.ബി.ഐ കേസ് അന്വേഷണം ആരംഭിച്ചത്. 2008 ൽ താൻ കേസ് അന്വേഷണം ഏറ്റെടുത്തു. അതുവരെയുളള അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും നേരിട്ട് മൊഴി എടുത്ത നിരവധി സാക്ഷികളിൽ നിന്നു ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നും നന്ദകുമാർ മൊഴി നൽകി.
അന്വേഷണത്തിന്റെ ഭാഗമായി കോൺവെന്റിൽ എത്തിയപ്പോൾ കോൺവെന്റ് അധികാരികൾ പിൻഭാഗത്തെ ഉയരം കുറഞ്ഞ മതിൽ പണിചെയ്ത് ഉയർത്തിയിരുന്നു. ആ മതിലുവഴിയാണ് കേസിലെ പ്രതികളായിരുന്ന അച്ചൻമാർ കോൺവെന്റിലേക്ക് കടന്നതെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തൽ.
കേസ് അന്വേഷണത്തിന്റൈ ഭാഗമായി 2008 നവംബർ 18 ന് ഫാദർ തോമസ്.എം.കോട്ടൂർ,ഫാദർ ജോസ് പൂതൃക്കയിൽ എന്നിവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇരുവരുടെയും മൊഴിയിൽ ഏറെ പൊരുത്തക്കേടുകൾ ഉണ്ടായതിനാൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതിന് പിന്നാലെ സിസ്റ്റർ സെഫിയെ അടുത്തദിവസം വിളിച്ചുവരുത്തി ചോദ്യം ചെയതു. എന്നാൽ ഇവർ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാകാത്തതിനാൽ അവരെയും പ്രതിയാക്കി എറണാകുളം സി.ജെ.എം കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു.
സെഫിയുടെ അനുമതിയോടെ തന്നെ അവരെ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഇതിന്റെ മെഡിക്കോ ലീഗൽ സർട്ടിഫിക്കറ്റ് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് വാങ്ങിയതായും നന്ദകുമാർ പറഞ്ഞു.
കേസന്വേഷണത്തിന്റെ തുടക്കത്തിൽ കേരള പൊലീസ് തെളിവുകൾ നശിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. ഇൻക്വസ്റ്റിൽ തിരുത്തലുകൾ വരുത്തി വ്യാജ ഇൻക്വസ്റ്റ് തയ്യാറാക്കുകയായിരുന്നു.
വിരലടയാളങ്ങൾ എടുക്കുയോ അവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുയോ ചെയ്തില്ല. കോടതിയിൽ നിന്നു വാങ്ങിയ തൊണ്ടിമുതലുകൾ നശിപ്പിച്ചുകളഞ്ഞു. ക്രൈംബ്രാഞ്ച് എസ്.പി കെ. സാമുവൽ കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ട് സാമാന്യ യുക്തിക്ക് നിരക്കാത്തതും ഒപ്പം ഭാവനയുമായിരുന്നു.
താൻ മൊഴി എടുത്ത ഫോറൻസിക് വിദഗ്ദ്ധൻ ഡോ. കന്ദസ്വാമി, അഭയയുടെ മൃതദേഹം പോസ്റ്റ് മാർട്ടം ചെയ്ത ഡോ. രാധാകൃഷ്ണൻ, കോൺവെന്റിനു സമീപം താമസിക്കുന്ന സഞ്ജു പി.മാത്യൂ,സ്ഥലവാസി കളർകോട് വേണു ഗോപാൽ നായർ എന്നിവരെ നേരത്തെ കോടതി സാക്ഷികളായി വിസ്തരിച്ചിട്ടുണ്ടെന്നും നന്ദകുമാർനായർ പ്രത്യേക കോടതിയിൽ മൊഴി നൽകി.