
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഷിഗെല്ല സ്ഥിരീകരിച്ചു. എഴിക്കാട് ഉന്നതിയിലെ പത്ത് വയസുകാരിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
പെണ്‍കുട്ടി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
അതേസമയം, സംസ്ഥാനത്ത് ഷിഗെല്ല ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ആറ് പേര്‍ക്കാണ് ഇന്നലെ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് (4), പാലക്കാട്, പത്തനംതിട്ട ഒന്നുവീതം ജില്ലകളില്‍ എന്നിവിടങ്ങളിലായിരുന്നു ഇത്. സംസ്ഥാനത്ത് ജൂണ്‍ മാസം മുതല്‍ 216 പേര്‍ക്ക് രോഗബാധയും ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 294 പേര്‍ക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം മുതല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (76), വയനാട് (26), തൃശൂര്‍ (14) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (36), തിരുവനന്തപുരം (19), കണ്ണൂര്‍ (13), കൊല്ലം (15), ഇടുക്കി (3), എറണാകുളം (4), പാലക്കാട് (6) പത്തനംതിട്ട (1) എന്നിവിടിങ്ങളിലും ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് 2025 ല്‍ 132 പേർക്കായിരുന്നു ഷിഗെല്ല രോഗം ബാധിച്ചത്. 2024ല്‍ 121 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. 2023ല്‍ 90 പേർക്കും 2022ല്‍ 83 പേർക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ ജില്ലകളില്‍ രോഗസാന്നിധ്യം ഉണ്ടെന്നും ഈ വർഷത്തേത് അസാധാരണ സാഹചര്യമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ രോഗികള്‍ക്കും രോഗ ലക്ഷണങ്ങള്‍ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.







