
ബലാത്സംഗത്തിനിരയായ 12കാരി രക്തമൊലിപ്പിച്ച് അർധനഗ്നയായി സഹായം തേടിയത് 2 മണിക്കൂർ; തിരിഞ്ഞുനോക്കാതെ നാട്ടുകാര്‍; വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ്, സ്വകാര്യഭാഗങ്ങളിലടക്കം മുറിവ്; പരിക്കേറ്റ നിലയിൽ പെൺകുട്ടി നടന്നത് 8 കിലോമീറ്റർ
സ്വന്തം ലേഖകൻ
ഭോപ്പാൽ: മധ്യപ്രദേശിൽ രാജ്യത്തെ ഞെട്ടിച്ച് 12കാരി ക്രൂരബലാത്സംഗത്തിനിരയായി. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് 12കാരി ക്രൂരബലാത്സംഗത്തിനിരയായത്. ബലാത്സംഗത്തിനിരയായ പെൺകുട്ടി വീടുകളിൽ സഹായത്തിനായി അർധ നഗ്നയായി രണ്ട് മണിക്കൂറോളം യാചിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.
വീഡിയോ പുറത്തായതോടെയാണ് സംഭവം വാർത്തയായത്. ഏകദേശം 12 വയസ്സുള്ള പെൺകുട്ടിയെ പിന്നീട് വൈകുന്നേരത്തോടെ ബോധമില്ലാത്ത അവസ്ഥയിൽ കണ്ടെത്തുകയും ഗുരുതര പരിക്കുകളുടെ ചികിത്സക്കായി ഇൻഡോറിലേക്ക് മാറ്റുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് ഉജ്ജയിൻ പൊലീസ് സൂപ്രണ്ട് (എസ്‌പി) സച്ചിൻ ശർമ്മ പറഞ്ഞു.
പെൺകുട്ടിയുടെ നാടിനെക്കുറിച്ചോ മാതാപിതാക്കളെക്കുറിച്ചോ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിക്കുകയും സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയുമാണ്. കുട്ടി ഉത്തർപ്രദേശ് പ്രയാഗ്‌രാജ് സ്വദേശിയാണെന്നാണ് പൊലീസ് നിഗമനം.
വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ്, സ്വകാര്യഭാഗങ്ങളിലടക്കം മുറിവായി, രക്തമൊലിപ്പിച്ച് ഏകദേശം രണ്ടര മണിക്കൂറോളം സംവ്രഖേഡി സിംഹസ്ത ബൈപാസിലെ റെസിഡൻഷ്യൽ കോളനികളിൽ പെൺകുട്ടി സഹായത്തിനായി അലഞ്ഞു.
എന്നാൽ, കുട്ടിയെ സഹായിക്കാനോ പൊലീസിൽ വിവരമറിയിക്കാനോ ആരും മുന്നോട്ടുവന്നില്ല. പരിക്കേറ്റ നിലയിൽ 8 കിലോമീറ്ററാണ് പെൺകുട്ടി നടന്നത്. ബദ്‌നഗർ റോഡിലെ ദണ്ഡി ആശ്രമത്തിന് സമീപമാണ് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് സന്ന്യാസിയാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. 12കാരി ബലാത്സംഗത്തിനിരയായ സംഭവം ഇന്ത്യയെ ഞെട്ടിക്കുന്നതാണെന്നും രാജ്യം മുഴുവൻ മധ്യപ്രദേശിലെ പെൺമക്കളുടെ അവസ്ഥയിൽ ലജ്ജിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.
സംഭവത്തിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ലജ്ജയില്ല. തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾക്കും പൊള്ളയായ വാഗ്ദാനങ്ങൾക്കും ഇടയിൽ പെൺമക്കളുടെ നിലവിളി അവർ അടിച്ചമർത്തുകയാണെന്നും രാഹുൽ പ്രതികരിച്ചു.