
സെപ്‌റ്റിക് ടാങ്ക് മാലിന്യവുമായി വന്ന ലോറി നടുറോഡിൽ താഴ്ന്നു; ദുർഗന്ധം മൂലം വഴി നടക്കാനാവാതെ നാട്ടുകാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ശാസ്തമംഗലം ഭാഗത്ത് നിന്ന് ശേഖരിച്ച സെപ്‌റ്റിക് ടാങ്ക് മാലിന്യം മുട്ടത്തറ പ്ലാന്റിലേക്കു കൊണ്ടുപോയ ലോറി നടുറോഡിലെ കുഴിയിൽ താഴ്ന്നു.
ഡ്രൈനേജ് പണികൾക്കായി റോഡിലുണ്ടാക്കിയ കുഴിയാണിതെന്ന് പറയുന്നു. പണികഴിഞ്ഞ് മൂടിയതാണെങ്കിലും മൂടലിന്റെ ഗുണമാണ് പ്രശ്‌നമുണ്ടാക്കിയത്. 8000 ലിറ്റർ മാലിന്യം ലോറിയിലുണ്ടായിരുന്നു. റോഡിലെ തിരക്കിൽ ലോറി നിറുത്തിയപ്പോൾ പിന്നിലെ ടയർ ഈ കുഴിയുടെ മുകളിലായിട്ടാണ് വന്നത്.
തുടർന്ന് നിമിഷനേരംകൊണ്ട് ലോറിയുടെ ടയർ കുഴിയിൽ താഴ്ന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ടാങ്കർ ലോറിക്കാർ തന്നെ പുറത്തുനിന്ന് ക്രെയിൻ വരുത്തിയാണ് ലോറി ഉയർത്തിയത്. മാലിന്യമായതിനാൽ അത് മറ്റൊരു ടാങ്കറിലേക്കു മാറ്റി ഭാരം കുറയ്ക്കാനും സാധിക്കില്ലായിരുന്നു.
ഓട്ടത്തിന് ലഭിക്കുന്നതിന്റെ ഇരട്ടിയോളം തുക ലോറി ഉയർത്താൻ ടാങ്കർ ലോറിക്കാർ കൊടുക്കേണ്ടി വന്നു. ലോറിയുടെ പിന്നിലെ പ്ലേറ്റ് ഒടിഞ്ഞതുൾപ്പെടെ കേടുപാടുകൾ പറ്റിയിട്ടുമുണ്ട്.
ടാങ്കറിനു പിന്നിൽ ബലവത്തായ കമ്പിയുണ്ടായിരുന്നതിനാൽ മാത്രമാണ് ലോറി റോഡിൽ മറിയാതെ കമ്പിയിൽ കുത്തി ചരിഞ്ഞു നിന്നത്.
ടാങ്കർ ഉയർത്തിയെങ്കിലും വഴിയിലെ വൻകുഴി അവശേഷിക്കുന്നുണ്ടായിരുന്നു. ഇരുചക്ര വാഹനങ്ങളിലാണെങ്കിൽ ചിലപ്പോൾ ജീവൻ വരെ നഷ്ടപ്പെട്ടേക്കാം.