
വടിവാളുമായി സ്കൂളിലെത്തി പ്രധാനാധ്യാപകൻ ; ദൃശ്യങ്ങൾ വൈറൽ; നടപടിയുമായി അധികൃതർ; അധ്യാപകൻെറ വിശദീകരണത്തിൽ അമ്പരന്ന് പൊലീസ്
ദിസ്‌പൂർ: വടിവാളുമായി സ്കൂളിലെത്തിയ പ്രധാനാധ്യാപകനെതിരെ നടപടിയുമായി അധികൃതർ. അസമിലെ കച്ചാർ ജില്ലയിലെ ഒരു എൽപി സ്കൂളിലെ പ്രധാനാധ്യാപകനാണ് വടിവാൾ വീശി സ്കൂളിലെത്തിയത്. സ്കൂളിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. 38കാരനായ ധൃതിമേധ ദാസിനെ വിദ്യാഭ്യാസ വകുപ്പ് സസ്പൻഡ് ചെയ്തു. ധൃതിമേധ സ്കൂൾ വാരാന്തയിലൂടെ വടിവാളുമായി നടക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ധൃതിമേധ പതിനൊന്ന് വർഷമായി സ്കൂളിലെ അദ്ധ്യാപകനായി പ്രവർത്തിച്ചുവരികയായിരുന്നു. ചില അദ്ധ്യാപകരുടെ ഉത്തരവാദിത്തമില്ലായ്‌മയിൽ അസ്വസ്ഥനായിരുന്നെന്നും അവരെ വിരട്ടുന്നതിനായാണ് വടിവാളുമായി എത്തിയതെന്നുമാണ് ധൃതിമേധയുടെ വിശദീകരണം.അദ്ധ്യാപകൻ വടിവാളുമായി എത്തിയ വിവരം സ്കൂളിൽ നിന്ന് പൊലീസിനെ വിളിച്ചറിയിച്ചിരുന്നു. പിന്നാലെ പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. എന്നാൽ ഇയാൾ വടിവാൾ ഒളിപ്പിക്കാൻ ശ്രമിക്കുകയും ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ പെരുമാറുകയും ചെയ്തതായി പൊലീസ് പറയുന്നു.
പ്രഥമ പരിശോധനയിൽ സംശയാസ്പദമായ ചില രേഖകൾ ധൃതിമേധാ ദാസിന്റെ പക്കൽ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇതിൽ തനിക്കെന്തെങ്കിലും സംഭവിച്ചാൽ ചില അദ്ധ്യാപകരായിരിക്കും ഉത്തരവാദിയെന്ന് രേഖപ്പെടുത്തിയിരുന്നു. മറ്റൊന്നിൽ നാല് അദ്ധ്യാപകരെ കൊലപ്പെടുത്താൻ ഇയാൾ ആഗ്രഹിച്ചിരുന്നതായും വ്യക്തമാക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
