
തിരുവനന്തപുരം: പത്തുവർഷത്തിന് ശേഷം അധികാരത്തില്‍ വരുമ്പോള്‍ സർക്കാർ രൂപവത്കരണത്തിന് നടപടികള്‍ വേഗത്തിലാക്കുകയാണ് യുഡിഎഫ്.
ഘടകകക്ഷികളുമായി മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും സംബന്ധിച്ച് ഇന്ന് ധാരണയിലെത്തുമെന്നാണ് സൂചന. അതേസമയം മുഖ്യമന്ത്രി ഉള്‍പ്പടെ 11 മന്ത്രിമാരും, സ്പീക്കറും, ഡെപ്പൂട്ടി സ്പീക്കറും ആകും കോണ്‍ഗ്രസിന് ലഭിക്കാൻ സാധ്യതയുള്ള സ്ഥാനങ്ങള്‍.
തിങ്കളാഴ്ചയാണ് യുഡിഎഫിന്റെ പൂർണ്ണ മന്ത്രിസഭ അധികാരമേല്‍ക്കുന്നത്. വിഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടിക നാളെ ഉച്ചയോടെ ഗവർണ്ണർക്ക് കൈ മാറും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഭ്യന്തരം, വിജിലൻസ്, വൈദ്യുതി, ഗതാഗതം, റവന്യൂ, ആരോഗ്യം, ടൂറിസം, ഗ്രാമവികസനം, സഹകരണം, എക്സൈസ്, വനം പരിസ്ഥിതി വകുപ്പുകള്‍ ഉമ്മൻചാണ്ടി മന്ത്രിസഭയില്‍ കോണ്‍ഗ്രസ് കൈകാര്യം ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ ഇതില്‍ ചിലത് ഇത്തവണ ഘടക കക്ഷികള്‍ക്ക് കൈമാറിയേക്കും. അതേസമയം കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് നല്‍കിയിരുന്ന ധനവകുപ്പ് ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. ഉടക്കി നില്ക്കുന്ന രമേശ് ചെന്നിത്തല അയഞ്ഞാല്‍ സുപ്രധാന വകുപ്പുതന്നെ നല്‍കേണ്ടി വരും. രമേശിന് പുറമേ മുതിർന്ന നേതാക്കളായ സണ്ണി ജോസഫ്, കെ മുരളീധരൻ എന്നിവരും മന്ത്രിസഭയില്‍ ഉണ്ടാകും.
മന്ത്രിസഭയില്‍ ഉറപ്പുള്ള മറ്റൊരാള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ആണ്. തിരുവഞ്ചൂരിനെ സ്പീക്കർ സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്. വനിതകളില്‍ ബിന്ദുകൃഷ്ണയും ഷാനിമോള്‍ ഉസ്മാനും പരിഗണനയിലുണ്ട്. പി.സി വിഷ്ണുനാഥ്, എം.വിൻസന്റ് അല്ലെങ്കില്‍ ടി.ജെ വിനോദ്, എം.ലിജു അല്ലെങ്കില്‍ കെ. ജയന്ത്, മാത്യു കുഴല്നാടൻ അല്ലെങ്കില്‍ റോജി. എം ജോണ്‍ എന്നീ പേരുകള്‍ ചർച്ചയിലുണ്ട്.
എ.പി അനില്‍കുമാറോ വി.പി സജീന്ദ്രനോ മന്ത്രി പദവി ലഭിക്കാനും സാധ്യതയുണ്ട്. അൻവര്‍ സാദത്തിനും സാധ്യത ഉണ്ട്. ടി. സിദ്ധിഖ്, ചാണ്ടി ഉമ്മൻ, വിടി ബല്‍റാം, ഐസി ബാലകൃഷ്ണൻ എന്നീ പേരുകളും സജീവ ചർച്ചയില്‍ ആണ്.
അതേസമയം ലീഗിന് അഞ്ചു മന്ത്രി സ്ഥാനം തന്നെ നല്കാൻ തീരുമാനം വന്നേക്കും. ഉമ്മൻചാണ്ടി സർക്കാരില്‍ കിട്ടിയ അതെ വകുപ്പുകള്‍, വിദ്യാഭ്യാസം, വ്യവസായം, ഐടി, നഗരവികസനം, പൊതുമരാമത്ത്, ന്യൂനപക്ഷ ക്ഷേമം, സാമൂഹിക ക്ഷേമം എന്നിവയാണ് ലീഗ് ആവശ്യപ്പെടുന്നത്. പിഎം ശ്രീ കുരുക്കുള്ള വിദ്യാഭ്യാസം വേണ്ടെന്ന് ഇടയ്ക്ക് ലീഗില്‍ ചർച്ച ഉയർന്നെങ്കിലും ഇപ്പോള്‍ ആ അഭിപ്രയം ഇല്ല.
പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ ബഷീർ, എൻ.ഷംസുദ്ദീൻ മന്ത്രിസഭയില്‍ ഉണ്ടാകും. ബാക്കി രണ്ടു മന്ത്രി സ്ഥാനങ്ങളിലേക്ക് കെ.എം ഷാജി , എകെഎം അഷ്റഫ് , പാറയ്ക്കല്‍ അബ്ദുല്ല എന്നീ പേരുകളാണ് പരിഗണനയിലുള്ളത്.







