പച്ചസാരിയുടുത്ത് കൈകൂപ്പി കാറിന്റെ മുന്‍സീറ്റില്‍; പശ്ചാത്തല സംഗീതം എംജിആര്‍ ഗാനങ്ങള്‍; പൊലീസ് വിലക്കിയിട്ടും എഐഎഡിഎംകെയുടെ കൊടിവച്ച കാറില്‍ ദ്രാവിഡ മണ്ണില്‍ കാല്‍കുത്തി ശശികല; തമിഴകത്തിന്റെ അമ്മയാകാന്‍ കച്ചകെട്ടി ‘ചിന്നമ്മ’ ഇറങ്ങുമ്പോള്‍…

സ്വന്തം ലേഖകന്‍

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം തടവ് അനുഭവിച്ച വി കെ ശശികല എ.ഐ.എ.ഡി.എം.കെയുടെ കൊടിവച്ച കാറില്‍ തമിഴ്നാട്ടിലെത്തി. സംസ്ഥാന അതിര്‍ത്തിയായ ആറ്റെബെല്ലെയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശശികലയെ രാജകീയമായി സ്വീകരിച്ചു.

കനത്ത സുരക്ഷാവലയത്തിലാണ് കര്‍ണാടക, തമിഴ്നാട് അതിര്‍ത്തിപ്രദേശങ്ങള്‍. 30 കാറുകളാണ് ശശികലയുടെ വാഹനത്തെ പിന്തുടരുന്നത്. നൂറുകണക്കിന് പൊലീസുകാരെയാണ് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. അണ്ണാഡിഎംകെ ആസ്ഥാനത്തിന് ചുറ്റും മറീന ബീച്ചിലെ ജയലളിത സ്മാരകത്തിലും കനത്ത സുരക്ഷാവലയമാണ് ഒരുക്കിയിരിക്കുന്നത്.

വാഹനത്തില്‍ എ.ഐ.എ.ഡി.എം.കെയുടെ പാര്‍ട്ടി പതാക ഉപയോഗിക്കരുതെന്ന് നേരത്തെ കൃഷ്ണഗിരി പൊലീസ് ശശികലയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അഞ്ചില്‍ കൂടുതല്‍ വാഹനങ്ങള്‍ ശശികലയുടെ വാഹനവ്യൂഹത്തില്‍ അനുവദിക്കില്ലെന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍, പൊലീസ് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ശശികലയുടെ അഭിഭാഷകന്‍ രാജാ സെന്തൂര്‍ പാണ്ഡ്യന്‍ പറഞ്ഞു ‘ഞങ്ങള്‍ പതാക പ്രശ്നത്തെ നിയമപരമായി കോടതിയില്‍ നേരിടും,’ അദ്ദേഹം പറഞ്ഞു.

ശശികലയുടെ മടക്കത്തിന്റെ തത്സമയദൃശ്യങ്ങള്‍ ജയ ടിവി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. അകമ്പടിയായി എംജിആറിന്റെ ഗാനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. നമത് എംജിആര്‍ എന്ന പഴയ അണ്ണാഡിഎംകെ മുഖപത്രവും ജയ ടിവിയും ഇപ്പോഴും ശശികല പക്ഷത്തിന്റെ കയ്യില്‍ത്തന്നെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ബംഗളൂരുവിലെ റിസോര്‍ട്ടില്‍ നിന്ന് തമിഴ്നാട്ടിലേക്ക് അണ്ണാഡിഎംകെയുടെ കൊടിവച്ച വാഹനത്തിലാണ് ശശികല ഇന്ന് രാവിലെ യാത്ര തിരിച്ചത്. ചെന്നൈയില്‍ എത്തുന്നതുവരെ 32 ഇടങ്ങളില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്. കാറിന്റെ മുന്‍സീറ്റില്‍ ജയലളിതയെപ്പോലെത്തന്നെ പച്ച സാരി ധരിച്ചാണ് ശശികല എത്തുന്നത്. കാര്‍ പൊലീസ് തടഞ്ഞ് അണ്ണാഡിഎംകെ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് പതാക മാറ്റി. ഇതോടെ മറ്റൊരു കാറിലേക്ക് മാറിക്കയറി യാത്ര തുടരുകയാണ് ശശികല. ആ കാറിലും അണ്ണാഡിഎംകെയുടെ കൊടിയുണ്ട്.

നാല് വര്‍ഷത്തിന് ശേഷമുള്ള ശശികലയുടെ തിരിച്ചുവരവ് ശക്തിപ്രകടനമാക്കി മാറ്റുന്നതു തടയാന്‍ അണ്ണാഡിഎംകെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ക്രമസമാധാനം തകര്‍ക്കാന്‍ ശശികലയും അനന്തരവന്‍ ടി ടിവി ദിനകരനും പദ്ധതിയിട്ടിട്ടുണ്ടെന്നും, തടയണമെന്നുമാവശ്യപ്പെട്ട് പാര്‍ട്ടി നേതാക്കള്‍ ഡി ജി പിക്കു പരാതി നല്‍കി. അണ്ണാഡിഎംകെയില്‍ നിന്ന് ശശികലയെ ജയില്‍വാസകാലത്തിന് മുമ്പ് പുറത്താക്കിയതാണ്. അതിന് ശേഷമാണ് ടിടിവി ദിനകരന്റെ നേതൃത്വത്തില്‍ അമ്മ മക്കള്‍ മുന്നേറ്റകഴകം എന്ന പാര്‍ട്ടി രൂപീകരിച്ച് ശശികല ജയിലിലിരുന്ന് ദിനകരനെ സ്ഥാനാര്‍ത്ഥിയായി ആര്‍ കെ നഗറില്‍ ഇറക്കിയത്. ജയലളിതയുടെ മരണശേഷം ഒഴിവുവന്ന ആര്‍ കെ നഗര്‍ സീറ്റില്‍ അണ്ണാഡിഎംകെയെയും ഡിഎംകെയെയും തോല്‍പ്പിച്ച് ദിനകരന്‍ എംഎല്‍എയായി.

ജയലളിതയുടെ സമാധിയിലെത്തി ശക്തിപ്രകടനം നടത്താനൊരുങ്ങുകയാണ് ചിന്നമ്മ. എന്നാല്‍ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ വിലക്ക് ലംഘിച്ചും സമാധിയിലെത്തും എന്നാണ് ശശികലയുടെ നിലപാട്. ശശികലയുടെ മടങ്ങിവരവ് പാര്‍ട്ടിയുടെ ശക്തി തെളിയിക്കുന്ന വന്‍പ്രകടനമാക്കി മാറ്റാനൊരുങ്ങുകയാണ് ടിടിവി ദിനകരന്‍.

ജയലളിതയുടെ മരണ ശേഷം, പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം ഒറ്റക്കെട്ടായാണു ശശികലയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പിന്നീട് ഒപിഎസ് കലാപക്കൊടി ഉയര്‍ത്തി. എടപ്പാടി മുഖ്യമന്ത്രിയായി. ശശികല ജയിലിലായി. ഇതോടെ, ബിജെപിയുടെ മധ്യസ്ഥതയില്‍ ഒപിഎസും ഇപിഎസും ഒന്നിച്ചപ്പോള്‍ ശശികല പുറത്തായി.

2017 സെപ്റ്റംബറില്‍ വിളിച്ചു ചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ യോഗം ശശികലയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കി. ജനറല്‍ സെക്രട്ടറി പദവി ജയലളിതയ്ക്കുള്ള ആദരമായി നീക്കിവച്ചു. പാര്‍ട്ടി ഭരണത്തിനു പുതിയ സംവിധാനം കൊണ്ടുവന്നു. എന്നാല്‍, ജനറല്‍ കൗണ്‍സില്‍ യോഗം വിളിക്കേണ്ടതു ജനറല്‍ സെക്രട്ടറിയാണെന്നും താന്‍ അറിയാതെ വിളിച്ച ജനറല്‍ കൗണ്‍സില്‍ യോഗം റദ്ദാക്കണമെന്നുമാവശ്യപ്പെട്ടു ശശികല ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇപ്പോഴും അണ്ണാഡിഎംകെയുടെ ജനറല്‍ സെക്രട്ടറി താനാണെന്നാണ് ശശികല അവകാശപ്പെടുന്നത്. ശശികലയെ പുറത്താക്കിയതിനെത്തുടര്‍ന്ന് ജയലളിതയുടെ സമാധിയില്‍ സത്യപ്രതിജ്ഞ ചെയ്താണ് അവര്‍ ജയിലിലേക്ക് പോയത്. തന്നെ പുറത്താക്കിയത് പാര്‍ട്ടി ചട്ടം ലംഘിച്ചാണെന്ന് അവര്‍ പറയുന്നു.