സഞ്ജു വീണു; രാജസ്ഥാനും; കൊൽക്കത്തക്കാരുടെ പോരാട്ട വീര്യത്തിൽ രാജസ്ഥാൻ റോയൽസിന് അടിപതറി

സഞ്ജു വീണു; രാജസ്ഥാനും; കൊൽക്കത്തക്കാരുടെ പോരാട്ട വീര്യത്തിൽ രാജസ്ഥാൻ റോയൽസിന് അടിപതറി

Spread the love

തേർഡ് ഐ സ്‌പോട്‌സ്

ദുബായ്: അടിച്ച അടിമുഴുവൻ സ്‌റ്റേഡിയത്തിനു പുറത്തേയ്ക്കു പറത്തിയിരുന്ന സഞ്ജു സാംസണിന് മൂന്നാം മത്സരത്തിൽ പിഴച്ചു. സഞ്ജു അടിതെറ്റി വീണതോടെ അടിപതറി രാജസ്ഥാനും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 37 റൺസുകൾക്ക് രാജസ്ഥാനെ കീഴടക്കി. 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ ബാറ്റിങ് തകർച്ചയെ തുടർന്നാണ് പരാജയപ്പെട്ടത്. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ അവർ 137 റൺസെടുത്തു. കൊൽക്കത്തയ്ക്ക് വേണ്ടി കമലേഷ് നഗരോത്തി, ശിവം മാവി, സ്പിന്നർ വരുൺ ചക്രവർത്തി എന്നിവർ വിക്കറ്റുകൾ വീഴ്ത്തി.

രാജസ്ഥാന് ഇത് ഈ ഐപിഎൽ സീസണിലെ ആദ്യ പരാജയമായപ്പോൾ, കൊൽക്കത്തയ്ക്ക് രണ്ടാം ജയവും. ഷാർജയിലെ ചെറുസ്റ്റേഡിയങ്ങൾ വിട്ട് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ എത്തിയപ്പോഴായിരുന്നു യഥാർത്ഥ പരീക്ഷണം. അതിൽ രാജസ്ഥാൻ പരാജയപ്പെട്ടതോടെ ഇനിയങ്ങോട്ടുള്ള മത്സരങ്ങളുടെ ഒരുദിശാസൂചിക കൂടിയായി ഈ മത്സരം. ബൗളിങ് ഡിപ്പാർട്മെന്റ് മികച്ച് നിന്നതോടെ കൊൽക്കത്തയ്ക്ക് തലയുയർത്തി പവലിയനിലേക്ക് മടങ്ങാനായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജസ്ഥാന് ആകെ അഭിമാനിക്കാനുള്ളത് ടോം കറന്റെ അർദ്ധ സെഞ്ചുറിയാണ്. 35 പന്തിൽ 50 റൺസാണ് കറൻ എടുത്തത്. സുനിൽ നരെയ്ന്റെ ഓവറിൽ കറൻ മൂന്നു സിക്സർ പായിച്ചു. രാജസ്ഥാൻ ബാറ്റ്സ്മാന്മാരിൽ മൂന്നു പേർക്കു മാത്രമാണ് രണ്ടക്കം കടക്കാനെങ്കിലും സാധിച്ചത്. മലയാളി താരം സഞ്ജു സാംസൺ 9 പന്തിൽ 8 റൺസെടുത്തു പുറത്തായി.

ടോസ് നേടിയ രാജസ്ഥാൻ കൊൽക്കത്തയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. സുനിൽ നരെയ്നും നിതീഷ് റാണയ്ക്കും ഒപ്പം ശുഭ്മാൻ ഗിൽ(47) കൊൽക്കത്തയ്ക്ക് മികച്ച തുടക്കം നൽകി. ആ്രേന്ദ റസൽ ചെറുത്തുനിന്നെങ്കിലും മധ്യനിര രാജസ്ഥാന്റെ ഷാർപ്പ് ബൗളിങ്ങിൽ തകർന്നടിഞ്ഞു. 16 ാം ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 127 എന്ന നിലയിലായിരുന്ന കൊൽക്കത്തയെ ഒയിൻ മോർഗനാണ് 174 റൺസിലേക്ക് നയിച്ചത്. 20 ഓവർ പൂർത്തിയാകുമ്‌ബോൾ കൊൽക്കത്തയ്ക്ക് 6 വിക്കറ്റുകൾ നഷ്ടമായിരുന്നു. മോർഗൻ 23 പന്തിൽ പുറത്താകാതെ 34 റൺസെടുത്തു.

നിതീഷ് റാണയോടൊപ്പം ശകംലേഷ് നാഗർകോട്ടിയും ( 5 പന്തിൽ 8) പുറത്താകാതെനിന്നു. 4 ഓവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ ജോഫ്ര ആർച്ചർ രാജസ്ഥാനുവേണ്ടി തിളങ്ങി. അങ്കിത് രാജ്പുത്ത്, ജയ്ദേവ് ഉനദ്ഘട്ട്, ടോം കറൻ, രാഹുൽ തെവാട്ടിയ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഈ ഐ.പി.എൽ സീസണിൽ ആദ്യമായാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും തമ്മിലേറ്റുമുട്ടിയത്. രാജസ്ഥാൻ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചിരുന്നു. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും കൊൽക്കത്ത രണ്ടാമത്തെ മത്സരത്തിലൂടെ വിജയവഴിയിൽ തിരികെയെത്തി.