ആരാധനാലായങ്ങൾക്ക് ഇനി ‘ തിരുപ്പതി മോഡൽ ‘ സുരക്ഷ

ആരാധനാലായങ്ങൾക്ക് ഇനി ‘ തിരുപ്പതി മോഡൽ ‘ സുരക്ഷ

Spread the love

സ്വന്തം ലേഖിക

കൊച്ചി: സംസ്ഥാനത്തെ തിരക്കേറിയ ആരാധനാലായങ്ങളിലെ സുരക്ഷയ്ക്കായി ആരാധനാലയ സംരക്ഷണ സേന രൂപീകരിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ശബരിമലയടക്കം പ്രമുഖ ആരാധനാലയങ്ങളിലെ തിരക്കു നിയന്ത്രിക്കാനും സുരക്ഷയൊരുക്കാനുമാണ് ആരാധനാലയ സംരക്ഷണ സേന രൂപവത്കരിക്കുക. പോലീസ് ആസ്ഥാനത്ത് ചേർന്ന പോലീസ് സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണു ആരാധനാലയങ്ങൾക്ക് ‘തിരുപ്പതി മോഡൽ’ സുരക്ഷ കേരളത്തിലും നടപ്പാക്കണമെന്ന നിർദേശം ഉയർന്നത്.

പദ്ധതിയുടെ വിശദാംശങ്ങൾ സംബന്ധിച്ച് ഡിജിപി ഉടൻ സർക്കാരിനു കത്തു നൽകും. സംസ്ഥാന ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (എസ്ഐഎസ്എഫ്) രൂപവത്കരിച്ചതു പോലെ ‘ആരാധനാലയ സംരക്ഷണ സേന’ രൂപവത്കരിക്കണമെന്നാണ് നിർദേശം. നിലവിൽ പഴനി, തിരുപ്പതി ക്ഷേത്രങ്ങളിലൊക്കെ ഇത്തരം സേനകളെ അതതു സംസ്ഥാനങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ സ്റ്റേഷനുകളിൽ മതിയായ പോലീസുകാരില്ലാത്തപ്പോഴാണ് ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്. ഇതോടെ സ്റ്റേഷൻ പ്രവർത്തനം താളം തെറ്റുന്നതായും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ അമിത ജോലിഭാരത്താൽ വലയുന്നതായും അസോസിയേഷൻ പ്രതിനിധികൾ യോഗത്തിൽ അഭിപ്രായപ്പെട്ടു. ഗുരുവായൂർ ഉൾപ്പെടെ ഒട്ടേറെ അമ്ബലങ്ങളിലും ചില പള്ളികളിലും സേനയെ കൂടുതൽ ഉപയോഗിക്കേണ്ടി വരുന്നുണ്ട്.

എസ്പിമാരുടെ മോശം പെരുമാറ്റം കീഴുദ്യോഗസ്ഥരെ മാനസികമായി തളർത്തുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ ദിവസവും രാവിലെ എട്ടിനു യൂണിറ്റ് എസ്പിമാർ നടത്തുന്ന സ്റ്റേഷൻ അവലോകനം പോലീസ് ആസ്ഥാനത്ത് നിരീക്ഷിക്കാനും തീരുമാനമായി.