video
play-sharp-fill

റോബിൻ മാത്യുവിന്റെ കോടികളുടെ തട്ടിപ്പ്: പ്രതിയുടെ അക്കൗണ്ടിൽ ആകെയുള്ളത് അയ്യായിരം രൂപ; മുങ്ങും മുൻപ് അക്കൗണ്ടിൽ നിന്നും പിൻവലിച്ചത് 55 ലക്ഷം രൂപ; കൂട്ടുപ്രതികളെയും സ്വന്തം അച്ഛനെയും റോബിൻ പറ്റിച്ചു

റോബിൻ മാത്യുവിന്റെ കോടികളുടെ തട്ടിപ്പ്: പ്രതിയുടെ അക്കൗണ്ടിൽ ആകെയുള്ളത് അയ്യായിരം രൂപ; മുങ്ങും മുൻപ് അക്കൗണ്ടിൽ നിന്നും പിൻവലിച്ചത് 55 ലക്ഷം രൂപ; കൂട്ടുപ്രതികളെയും സ്വന്തം അച്ഛനെയും റോബിൻ പറ്റിച്ചു

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: എസ്.എച്ച് മൗണ്ട് ഫിനിക്‌സ് തട്ടിപ്പു കേസിലെ പ്രതിയായ റോബിൻ കടന്നത് സ്വന്തം അക്കൗണ്ടിൽ നിന്നും പിൻ വലിച്ച 55 ലക്ഷം രൂപയുമായി. നാടു വിടുന്ന 24 ന് തലേന്ന് റോബിൻ സ്വന്തം എസ്.ബി.ഐ അക്കൗണ്ടിൽ നിന്നും 55 ലക്ഷം രൂപ പിൻവലിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. റോബിന്റെ അക്കൗണ്ടുകളിൽ ഇനി ബാക്കിയുള്ളത് അയ്യായിരം രൂപ മാത്രമാണെന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അറസ്റ്റിലായ റോബിൻ മാത്യുവിന്റെ ഫിനിക്‌സ് സ്്ഥാപനത്തിലെ ജീവനക്കാർ നാട്ടകം പള്ളം കരിമ്പിൻകാല വഴിയിൽപ്പറമ്പിൽ കരുണാകരൻ മകൻ നവീൻകുമാർ (29), കൊല്ലാട് നാൽക്കവല പുത്തേട്ട് വീട്ടിൽ വർഗീസ് മകൻ ജെയിംസ് വർഗീസ് (30) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.ധനപാലൻ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം രണ്ടു പേരെയും അറസ്റ്റ് ചെയ്തത്. തായ്‌ലൻഡിലേയ്ക്ക് കടന്ന രണ്ടു പ്രതികളെയും തന്ത്രപരമായ നീക്കത്തിനൊടുവിലാണ് പൊലീസ് കുടുക്കിയത്.
എസ്.എച്ച് മൗണ്ടിൽ പ്രവർത്തിച്ചിരുന്ന ഫിനിക്സ് കൺസൾട്ടൻസി ആൻഡ് ട്രാവൽ ഏജൻസിയാണ് മുന്നൂറോളം പേരിൽ നിന്നായി അഞ്ചോ കോടിയോളം രൂപ തട്ടിയെടുത്തത്.കേസ് അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ റോബിന്റെ പിതാവ് മാത്യു (60), സഹോദരൻ തോമസ് മാത്യു (32) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോഴും റിമാൻഡിൽ കഴിയുകയാണ്.
കഴിഞ്ഞ മാസം 25 നാണ് അപേക്ഷകക്കെല്ലാം വിസാ നൽകാമെന്ന് റോബിൻ ഉദ്യോഗാർത്ഥികൾക്ക് ഉറപ്പു നൽകിയിരുന്നത്.
എന്നാൽ, 24 ന് തന്നെ റോബിനും സംഘാംഗങ്ങളും അക്കൗണ്ടിലുള്ള പണവും പിൻവലിച്ച് വിമാനത്താവളങ്ങൾ വഴി മുങ്ങുകയായിരുന്നു. എന്നാൽ, റോബിൻ തങ്ങളെയും പറ്റിച്ചതായാണ് അച്ഛനും, ഒപ്പം ജോലി ചെയ്തിരുന്നവരും പൊലീസിനു നൽകിയ മൊഴി. പണം നൽകാമെന്ന് വാഗാദാനം ചെയ്ത റോബിൻ ആർക്കും ഒരു രൂപ പോലും നൽകാതെ എല്ലാം ഒറ്റയ്ക്ക് അടിച്ചുമാറ്റി മുങ്ങുകയായിരുന്നു.
വ്യാജ പാസ്‌പോർട്ടിൽ കാനഡയിലേയ്ക്കാണ് റോബിൻ മുങ്ങിയിരിക്കുന്നത്. 29 നാണ് പണം നഷ്ടമായവർ പരാതിയുമായി രംഗത്ത് എത്തിയത്. ഇതിനു ശേഷം പൊലീസ് ഇരുവർക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ തായ്‌ലൻഡിൽ നിന്നും നിർബന്ധിതമായി തിരികെ വരേണ്ടി വന്ന പ്രതികളെ ലുക്ക് ഔട്ട് നോട്ടീസ് നിലവിലുള്ളതിനാൽ നെടുമ്പാശേരി വിമാനത്താവളത്തിൽ തടഞ്ഞു നിർത്തി. തുടർന്ന് എസ്.ഐമാരായ വിനോദ്കുമാർ, വേണുഗോപാൽ, അനിൽകുമാർ, എ.എസ്.ഐമാരായ സജിമോൻ, തോമസ്, എൻ.പി സജി, എ.കെ അനിൽ, സിവിൽ പൊലീസ് ഓഫിസർമാരായ അനിൽകുമാർ, നിയാസ് , പ്രവീൺ, വനിതാ സിവിൽ പൊലീസ് ഓഫിസർ അംബിക എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ നെടുമ്പാശേരിയിൽ നിന്നും പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.