
ശിവപുരി: യൂട്യൂബിൽ വീട്ടുവിശേഷങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും പ്രദർശിപ്പിച്ച പ്രമുഖ യൂട്യൂബറുടെ വീട്ടിൽ വൻ കവർച്ച. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ മോഹനി ഗ്രാമത്തിൽ താമസിക്കുന്ന യൂട്യൂബർ രചന ഗുർജറിന്റെ വീട്ടിൽ നിന്നാണ് 8 മുതൽ 10 ലക്ഷം രൂപ വരെ വിലമതിക്കുന്ന സ്വർണ-വെള്ളി ആഭരണങ്ങളും പണവും മോഷണം പോയത്.
ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അജ്ഞാതർ വീട്ടിൽ അതിക്രമിച്ച് കയറിയത്. രചനയെയും കുടുംബാംഗങ്ങളെയും ഒരു മുറിയിൽ പൂട്ടിയിട്ട ശേഷമാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. സ്വർണവും പണവും കൂടാതെ ഒരു കാർട്ടൺ എനർജി ഡ്രിങ്കും സംഘം കൊണ്ടുപോയതായി കുടുംബം അറിയിച്ചു. പുലർച്ചെ നാല് മണിയോടെ ഉണർന്ന കുടുംബം മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തിൽ നർവാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീടിന്റെ വിവിധ ഭാഗങ്ങളും ആഭരണങ്ങളും പണവും കാണിക്കുന്ന ‘ഹോം ടൂർ’ വീഡിയോകൾ രചന അടുത്തിടെ യൂട്യൂബിൽ പങ്കുവെച്ചിരുന്നു. ഈ വീഡിയോകൾ മോഷ്ടാക്കൾക്ക് സഹായകമായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബത്തിന്റെ ദിനചര്യയെക്കുറിച്ച് വ്യക്തമായ അറിവുള്ളവരാണ് കവർച്ചയ്ക്ക് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







