
ന്യൂഡല്‍ഹി: ഡിഎംകെയും ആം ആദ്മി പാര്‍ട്ടിയും വിട്ടുനിന്നെങ്കിലും ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ 25 രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുത്തതായി മുന്നണി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അറിയിച്ചു. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളും വോട്ട് തട്ടിപ്പ് ആരോപണങ്ങളും ശക്തമായി ഉയര്‍ത്തിക്കാട്ടാന്‍ തീരുമാനിച്ച യോഗം, വിഷയത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കാനും ധാരണയായി.
സിബിഎസ്ഇ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സ്ഥിതി, വിലക്കയറ്റം, കര്‍ഷക പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി സര്‍വകക്ഷി യോഗം വിളിക്കണമെന്നും ഇന്ത്യ മുന്നണി ആവശ്യപ്പെട്ടു.
രണ്ട് മാസത്തിലൊരിക്കല്‍ മുന്നണി യോഗം ചേരാനും അടുത്ത യോഗം ഒക്ടോബര്‍ എട്ടിന് ഹൈദരാബാദില്‍ നടത്താനും തീരുമാനിച്ചു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനകാലത്ത് എല്ലാ ദിവസവും രാവിലെ പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ യോഗം ചേരുമെന്നും ഖര്‍ഗെ അറിയിച്ചു. പരീക്ഷാ സംവിധാനത്തിലെ അപാകതകള്‍ മൂലം ലക്ഷക്കണക്കിന് യുവാക്കളുടെ പ്രതീക്ഷകള്‍ തകര്‍ന്നുവെന്നും പിന്നാക്ക-ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







