
കൊച്ചി: വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ വിമാനത്താവളത്തില്‍ വെച്ച് മൂന്ന് മണിക്കൂറോളം തന്നെ തടഞ്ഞുവെച്ച് ദേഹപരിശോധന നടത്തിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്തരിച്ച നടൻ സുധിയുടെ ഭാര്യ രേണു സുധി.
കടുത്ത അസുഖ ബാധിതയായി തുടർച്ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു അനുഭവമുണ്ടായതെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രേണു സുധി വ്യക്തമാക്കി.
തന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു അനുഭവമെന്നും ശരീരം മുഴുവൻ പരിശോധിച്ചിട്ടും ബാഗുകള്‍ പൂർണ്ണമായി അരിച്ചുപെറുക്കിയിട്ടും ഉദ്യോഗസ്ഥർക്ക് ഒന്നും കണ്ടെത്താനായില്ലെന്നും രേണു പറഞ്ഞു. ചിലർ മനപ്പൂർവ്വം തെറ്റായ വിവരം നല്‍കിയതിന്റെ പേരിലാണ് കസ്റ്റംസ് തന്നെ എയർപോർട്ടില്‍ തടഞ്ഞുവെച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
“അസുഖം സ്ഥിരീകരിച്ചതുകൊണ്ട് അതിന്റെ തുടർചികിത്സയ്ക്ക് വേണ്ടി റാസല്‍ഖൈമയില്‍ നിന്നാണ് ഞാൻ പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചു വന്നത്. എന്നാല്‍ എയർപോർട്ടില്‍ എത്തിയപ്പോള്‍ കസ്റ്റംസ് എന്റെ പാസ്പോർട്ട് വാങ്ങി വെക്കുകയും പെട്ടികളെല്ലാം വിശദമായി പരിശോധിക്കാൻ തുടങ്ങുകയും ചെയ്തു.
എനിക്ക് ആദ്യമായിട്ടുള്ള അനുഭവമായിരുന്നു അത്. എങ്കിലും കൃത്യമായ എന്തെങ്കിലും വിവരം കിട്ടാതെ അവർ അങ്ങനെ ചെയ്യില്ലല്ലോ. ഞാൻ എന്റെ ജീവിതത്തില്‍ ഒരു തട്ടിപ്പും വെട്ടിപ്പും ചെയ്തിട്ടില്ല. ദുബായിലും ബഹ്റൈനിലും ഒരുപാട് തവണ ഞാൻ പോയിട്ടുള്ളതാണ്. ഇന്ന്, ഈ നിമിഷം വരെ ഒരു സോഡാ കുപ്പിയുടെ അടപ്പ് പോലും കള്ളത്തരത്തില്‍ ഞാൻ കൊണ്ടുവന്നിട്ടില്ല. ഞാൻ അങ്ങനെ ചെയ്യത്തുമില്ല,”- രേണു സുധി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ഉദ്യോഗസ്ഥർ ഫുള്‍ ബോഡി ചെക്ക് ചെയ്തെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഒടുവില്‍ അവർ എക്സ്റേ എടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് സ്വന്തം രോഗവിവരത്തെക്കുറിച്ച് തുറന്നു പറയേണ്ടി വന്നതെന്നും രേണു ഓർക്കുന്നു. “രാവിലെ സമയമായിരുന്നു, ആഹാരമൊന്നും കഴിച്ചിരുന്നതുമില്ല. ആശുപത്രിയിലേക്ക് അടിയന്തരമായി പോകേണ്ട അവസ്ഥയിലായിരുന്നു ഞാൻ. അവിടെ രണ്ടു രണ്ടര മൂന്ന് മണിക്കൂറെങ്കിലും എനിക്ക് നില്‍ക്കേണ്ടി വന്നു.
കസ്റ്റംസിന് എനിക്ക് അസുഖമാണെന്ന് മുൻകൂട്ടി അറിയില്ലല്ലോ, അവർ അവരുടെ ജോലിയാണ് ചെയ്തത്. അതുകൊണ്ട് ഉദ്യോഗസ്ഥരെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. ഒരാളുടെ ഒരു സാധാരണ സാധനം എടുക്കാൻ പോലും പേടിയുള്ള ഞാനൊരിക്കലും വലിയൊരു കള്ളത്തരം ചെയ്യില്ല. എന്നെ നിരന്തരം സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വേട്ടയാടുന്നവരുടെ വിചാരം ഞാൻ എന്തോ കള്ളക്കടത്തിന് പോയതാണെന്നാണ്. എന്നാല്‍ എന്നെ ചതിക്കാൻ വേണ്ടി ആരോ ഉദ്യോഗസ്ഥർക്ക് കള്ളവിവരം കൊടുത്തതാണെന്ന് ഇപ്പോള്‍ എല്ലാവർക്കും മനസ്സിലായിക്കാണും,”- രേണു സുധി വികാരാധീനയായി വ്യക്തമാക്കി.







