
ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ഗുണഭോക്താക്കള്‍ക്ക് അർഹതപ്പെട്ട റേഷന്‍ വിഹിതത്തില്‍ ക്രമക്കേട് നടന്നെന്നുള്ള മാധ്യമവാർത്തയ്ക്ക് പിന്നാലെ റേഷന്‍ കടകളില്‍ നേരിട്ട് പരിശോധന നടത്തി ഭക്ഷ്യ കമ്മീഷന്‍. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശാനുസരണമാണ് പരിശോധന നടത്തിയത്.
ഇടമലക്കുടിയിലെ വിവിധ ഉന്നതികള്‍ സന്ദർശിക്കുകയും ഗുണഭോക്താക്കളെ നേരില്‍ കണ്ട് മൊഴിയെടുക്കുകയും ചെയ്തു. ഗിരിജന്‍ സർവീസസ് സൊസൈറ്റി നം.112 ന്റെ സെക്രട്ടറി ശ്രീ.അഖില്‍ ജോസിന്റെ പേരിലുള്ള സൊസൈറ്റിക്കുടി FPS.NO.125, വെള്ളവരക്കുടി FPS.NO.148 എന്നീ റേഷന്‍കടകള്‍ വഴിയാണ് ഇടമലക്കുടി പഞ്ചായത്തില്‍ റേഷന്‍ വിതരണം നടന്നുവരുന്നത്. മാധ്യമവാർത്തയെ തുടർന്നുള്ള വകുപ്പുതല നടപടികളുടെ ഭാഗമായി വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ അഞ്ചംഗ സ്പെഷ്യല്‍ സ്ക്വാഡ് രൂപീകരിക്കുകയും നിലവില്‍ ഇടമലക്കുടിയില്‍ പരിശോധന പുരോഗമിക്കുകയും ചെയ്യുന്നുണ്ട്.
റേഷന്‍കടകളുടെ അംഗീകാരം 18.04.2026 ല്‍ സസ്പെന്റ് ചെയ്യുകയും റേഷന്‍ വിതരണത്തിനായി ബദല്‍ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. കൂടാതെ ലൈസന്‍സിയ്ക്ക് എതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുവാനുള്ള നിർദ്ദേശം പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ, ഇടുക്കി ജില്ലാ സപ്ലൈ ഓഫീസർക്ക് നല്‍കിയിട്ടുണ്ട്. ജില്ലയിലെ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥന്‍മാരുടെ ഭാഗത്തുനിന്ന് ഏതെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിച്ച് രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോർട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉത്തരവാദികളായി കണ്ടെത്തുന്ന എല്ലാവരുടെയും പേരില്‍ വിജിലന്‍സ് ഓഫീസറുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കർശന നടപടി കൈക്കൊള്ളുന്നതാണെന്ന് മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.



