play-sharp-fill
ലോക്ക് ഡൗൺ : ഇതര സംസ്ഥാനങ്ങളിൽ നിന്നും ചരക്ക് ലോറികളുടെ വരവ് നിലച്ചു: അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയർന്നു

ലോക്ക് ഡൗൺ : ഇതര സംസ്ഥാനങ്ങളിൽ നിന്നും ചരക്ക് ലോറികളുടെ വരവ് നിലച്ചു: അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയർന്നു

സ്വന്തം ലേഖകൻ

കണ്ണൂർ: രാജ്യത്ത് ലോക്ക് ഡൗൺ തുടരുന്നതിനിടെ അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നും ചരക്കു ലോറികൾ എത്താതായതോടെയാണ് വിലക്കയറ്റം രൂക്ഷമായത്. പഞ്ചസാര കിലോയ്ക്ക് മൂന്നു രൂപ മുതൽ അഞ്ചു രൂപ വരെ വില വർദ്ധിച്ചു. 38 മുതൽ 40 രൂപ വരെ ഈടാക്കിയാണ് പഞ്ചസാര വിൽപ്പന.


 

മുളക്, മല്ലി, പാമോയിൽ, ഉഴുന്നുപരിപ്പ് എന്നിവയ്ക്ക് കടുത്ത ക്ഷാമവും രക്ഷപ്പെട്ടു. കണ്ണൂർ ടൗൺ, പുതിയതെരു ചാലാട് കമ്പോാളങ്ങളിൽ പഴവർഗങ്ങൾ പലതും കിട്ടാനില്ല.രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 20 രൂപ നിരക്കിൽ ഏത്തപ്പഴം വിറ്റുപോയിരുന്നെങ്കിൽ ഇപ്പോൾ കിട്ടാനില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഓറഞ്ച്, മുന്തിരി, ആപ്പിൾ എന്നിവയെല്ലാം തീർന്നു. മീൻ വിലയും വർദ്ധിച്ചു. ഉണക്ക മത്സ്യം പലയിടങ്ങളിലും സ്റ്റോക്കില്ല. ഉണക്കച്ചെമ്മീന് ആയിരം രൂപയാണ് വില. ഉണക്ക തിരണ്ടിക്ക് 800 രൂപാ മുതലാണ് വില. 240 രൂപയ്ക്ക് വിറ്റിരുന്ന ബീഫിന് കിലോയ്ക്ക് 300 രൂപയായി. ആട്ടിറച്ചിയ്ക്ക് 600 രൂപ വരെയാണ് വില.

 

അയലയ്ക്ക് 500, അയക്കൂറയ്ക്ക് 800 രൂപയാണ് കിലോയ്ക്ക് വില. മത്തിയാണെങ്കിൽ കാണാനേ ഇല്ല. മത്സ്യത്തിന് കടുത്ത ക്ഷാമം നേരിട്ടപ്പോൾ പോലും അയല 350 രൂപയ്ക്ക് ലഭിച്ചിരുന്നു. ചെമ്മീന് കിലോയ്ക്ക് 600 രൂപയാണ് വില.പഴവർഗങ്ങൾക്കും വിലയേറി. തണ്ണിമത്തൻ ഹോൾസെയിൽ കിലോയ്ക്ക് 14 -18 രൂപയായി. പൈനാപ്പിൾ 30 രൂപ വില. ഇറാൻ ആപ്പിളിന് കിലോയ്ക്ക് 120.

 

നാരങ്ങ കിലോയ്ക്ക് 100 രൂപയാണ് വില. ഹുൻസൂരിൽ നിന്നെത്തിയ പൂവമ്പഴത്തിന് കിലോയ്ക്ക് ഹോൾസെയിൽ വില 30. മേട്ടുപ്പാളയത്തുനിന്ന് എത്തിയ ഏത്തപ്പഴത്തിന് കിലോയ്ക്ക് 20, 24 രൂപാവരെ ഈടാക്കുന്നുണ്ട്. ലഗോൺ മുട്ടയ്ക്ക് 4. 40 ആണ് വില. താറാവു മുട്ടയ്ക്കും വില കൂടി 7. 20 ആയി.

 

അതേ സമയം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ആരംഭിച്ചു. രാവിലെ മുതൽ ഉച്ചവരെ അന്ത്യോദയ മുൻഗണന വിഭാഗങ്ങൾക്കും ഉച്ചക്ക് ശേഷം മറ്റുള്ളവർക്കും റേഷൻ വിതരണം നടത്തുന്നത്. അതേസമയം റേഷൻ കടയിലെത്തി വാങ്ങാൻ സാധിക്കാത്തവർക്ക് വീട്ടിലെത്തിച്ച് നൽകുന്നുണ്ട്.

 

റേഷൻ വാങ്ങനെത്തുന്നവർ നിൽക്കുന്ന വരിയിൽ ഒരു സമയം അഞ്ച് പേർ വരെ മാത്രമേ ഉണ്ടാകാവൂ. സർക്കാർ കണക്കാക്കിയ ശാരീരിക അകലം പാലിക്കണം. അതിന് ടോക്കൺ വ്യവസ്ഥ പാലിക്കാം. റേഷൻ വീടുകളിൽ എത്തിക്കാൻ സന്നദ്ധരായി മുന്നോട്ട് വരുന്നവരെ പ്രോത്സാഹിപ്പിക്കാൻ ആവില്ല.

 

ജനപ്രതിനിധികളോ രജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകരുടെയോ സഹായം മാത്രമേ റേഷൻ വ്യാപാരികൾ സ്വീകരിക്കാവൂ.നിശ്ചയിച്ച ദിവസങ്ങളിൽ വാങ്ങാൻ കഴിയാത്തവർക്ക് പിന്നീട് എത്തി സാധനങ്ങൾ വാങ്ങാനാകും. നേരിട്ടെത്തി റേഷൻ വാങ്ങാനാകാത്തവർക്ക് സാധനങ്ങൾ നേരിട്ട് വീട്ടിലെത്തിച്ച് നൽകണം. സാധനങ്ങളുടെ വിതരണം നടത്തേണ്ടത് നിശ്ചയിക്കപ്പെട്ടിട്ടുള്ളവർ മാത്രമാകണം.