തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ വിവാദം: മേയ് 11 മുതൽ ഉത്സവത്തിന് ഇനി ആനകളെ എഴുന്നെള്ളിക്കാൻ നൽകില്ലെന്ന് ആന ഉടമകളുടെ സംഘടനകൾ; ഇക്കുറി ആനയില്ലാതെ തൃശൂർ പൂരം..!

തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ വിവാദം: മേയ് 11 മുതൽ ഉത്സവത്തിന് ഇനി ആനകളെ എഴുന്നെള്ളിക്കാൻ നൽകില്ലെന്ന് ആന ഉടമകളുടെ സംഘടനകൾ; ഇക്കുറി ആനയില്ലാതെ തൃശൂർ പൂരം..!

തേർഡ് ഐ ബ്യൂറോ

തൃശൂർ: തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിന് വിട്ടു നൽകാനാവില്ലന്ന നിലപാടിൽ പ്രതിഷേധിച്ച് മേയ് 11 മുതൽ സംസ്ഥാനത്തെ ഒരു ഉത്സവങ്ങളിലും ആനകളെ വിട്ടു നൽകാനാവില്ലെന്ന് എലിഫന്റെ ഓണേഴ്‌സ് ഫെഡറേഷൻ പ്രഖ്യാപിച്ചു. തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ എന്ന കൊമ്പനെ തൃശൂരിൽ എഴുന്നെള്ളിക്കാൻ അനുവദിക്കില്ലെന്നും, ആനയ്ക്ക് വിലക്ക് തുടരുന്നതിൽ പ്രതിഷേധിച്ചുമാണ് ആന ഉടമകൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ 13 ന് നടക്കുന്ന തൃശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാകും. സംസ്ഥാനത്തെ എല്ലാ ആനഉടമകളും അംഗങ്ങളായതാണ് എലിഫന്റെ ഓണേഴ്‌സ് ഫെഡറേഷൻ. എന്നാൽ, സർക്കാരും, തൃശൂർ ജില്ലാ കളക്ടർ അനുപമയും എടുത്ത നിലപാടിൽ പ്രതിഷേധിച്ചാണ് ഇപ്പോൾ ആന ഉടമകൾ രംഗത്ത് എത്തിയിരിക്കുന്നത്.
തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാൻ അനുവദിക്കില്ലെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ ആന ഉടമകളെ പ്രകോപിതരാക്കിയിരിക്കുന്നത്. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇപ്പോൾ ഉത്സവങ്ങളെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വനം വകുപ്പ് മന്ത്രി എടുത്ത തീരുമാനത്തിൽ നിന്നും പിന്നോട്ട് പോണം. ഉത്സവം മികച്ച രീതിയിൽ നടപ്പാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയെന്നും ആന ഉടമകളുടെ സംഘടനകൾ ആവശ്യപ്പെട്ടു.
തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാൻ അനുവദിച്ചില്ലെങ്കിൽ തൃശൂർ പൂരത്തിന് ആനകളെ എഴുന്നെള്ളിക്കാൻ വിട്ടു നൽകില്ലന്നാണ് ഇപ്പോൾ ഇവരുടെ നിലപാട്. ദേവസ്വം ബോർഡിന്റേത് അടക്കം സംസ്ഥാനത്ത് 120 ആനകളാണ് ഉള്ളത്. ആന ഉടമകളുടെ സംഘടനകളിൽ 90 ശതമാനവും ഈ ആന ഉടമകളുടെ സംഘടനയിൽ അംഗമാണ്. തൃശൂർ പൂരത്തിനും തൃശൂർ ക്ഷേത്രത്തിലെ മറ്റു ചടങ്ങുകൾക്കുമായി അൻപതിലേറെ ആനകളെയാണ് പങ്കെടുപ്പിക്കുന്നത്. ആന ഉടമകൾ കടുത്ത നിലപാട് സ്വീകരിക്കുന്നതോടെ ക്ഷേത്ര ചടങ്ങുകൾ ഒഴികെയുള്ള എഴുന്നെള്ളത്ത് എല്ലാം പ്രതിസന്ധിയിലാകും.
ആന ഇടഞ്ഞോടി പ്രശനമുണ്ടാക്കിയാൽ പാപ്പാനും, ആന ഉടമയ്ക്കും എതിരെ 304 എ വകുപ്പ് പ്രകാരം കേസെടുക്കുമെന്നാണ് ഭീഷണി. ഇത് ഒഴിവാക്കണമെന്നും ആന ഉടമകൾ ആവശ്യപ്പെടുന്നു. തെച്ചിക്കോട്കാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം ഉണ്ടായിരുന്നു. എന്നാൽ, ഇത് മറികടന്നാണ് കളക്ടർ ഇപ്പോൾ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇതിൽ ഗൂഡാലോചന ഉണ്ടെന്നും ആന ഉടമകൾ ആരോപിക്കുന്നു.