play-sharp-fill
കുറിച്ചി രാജാസ് സ്‌കൂളിന്റെ ബസ് ലോറിയുമായി കൂട്ടിയിടിച്ചു: മൂന്നു വിദ്യാർത്ഥികൾക്ക് പരിക്ക്; അപകടം മുക്കാൻ സ്‌കൂൾ അധികൃതരുടെ ശ്രമം

കുറിച്ചി രാജാസ് സ്‌കൂളിന്റെ ബസ് ലോറിയുമായി കൂട്ടിയിടിച്ചു: മൂന്നു വിദ്യാർത്ഥികൾക്ക് പരിക്ക്; അപകടം മുക്കാൻ സ്‌കൂൾ അധികൃതരുടെ ശ്രമം

സ്വന്തം ലേഖകൻ

ചിങ്ങവനം: കുറിച്ചി രാജാസ് ഇന്റർനാഷണൽ സ്‌കൂളിന്റെ വാഹനം നിർമ്മാണ കമ്പനിയുടെ ലോറിയുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്‌കൂൾ ബസിന്റെ മുന്നിലെ ചില്ല് തകർന്നു. മൂന്നു സ്‌കൂൾ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെ കുറിച്ചി മന്ദിരം കവലയ്ക്കു സമീപമായിരുന്നു അപകടം. സ്‌കൂളിലെ 22 കുട്ടികളുമായി പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മന്ദിരം ജംഗ്ഷനിൽ വച്ച് മുന്നിൽ പോകുകയായിരുന്ന പള്ളാത്ര കളസ്ട്രഷൻ കമ്പനിയുടെ ലോറിയുടെ പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുന്നിലെ ചില്ല് തകർന്നു. ബസിന്റെ ചില്ല് വീണും, ഉള്ളിൽ തെറിച്ചു വീണുമാണ് കുട്ടികൾക്ക് പരിക്കേറ്റത്. പരിക്കേറ്റ കുട്ടികളെ കുറിച്ചിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കയ്യിൽ പൊട്ടലുള്ള കുട്ടിയെ പോലും ഇവിടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ നിന്നു പെട്ടന്ന് മാറ്റിയത് സംശയത്തിനു ഇടനൽകിയിട്ടുണ്ട്.
അപകട വിവരമറിഞ്ഞ് തേർഡ് ഐ ന്യൂസ് ലൈവ് സംഘം സ്‌കൂളിന്റെ ലാൻഡ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ തെറ്റിധരിപ്പിക്കുന്ന വിവരങ്ങളാണ് നൽകിയത്. സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടിട്ടില്ലെന്ന് ആദ്യം വിവരം നൽകിയ അധികൃതർ, പിന്നീട് പല തവണ വിളിച്ച ശേഷമാണ് അപകടമുണ്ടായതായി സമ്മതിച്ചത്. കുട്ടികൾ എല്ലാവരും സുരക്ഷിതരാണെന്നും, വാഹനത്തിന്റെ മുന്നിലെ ചില്ല് പൊട്ടിയത് മാത്രമാണ് ഉള്ളതെന്നുമായിരുന്നു ഇവരുടെ വാദം. ഇതേ തുടർന്ന തേർഡ് ഐ ന്യൂസ് ലൈവ് പൊലീസിനെയും, ആശുപത്രി അധികൃതരെയും ബന്ധപ്പെട്ടതോടെയാണ് അപകടം സംബന്ധിച്ചുള്ള കൃത്യമായ വിവരം ലഭിച്ചത്. മൂന്നു കുട്ടികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ഇവരുടെ വിവരങ്ങൾ നൽകാൻ ആശുപത്രി അധികൃതരും, സ്‌കൂൾ അധികൃതരും, പൊലീസും തയ്യാറായതുമില്ല.