play-sharp-fill
പാർക്കിംഗിന് ഒരു തുള്ളി സ്ഥലമില്ല: പരസ്യ കച്ചവടത്തിന് ആവശ്യത്തിലേറെ ഇടം; നഗരസഭയുടെ പാർക്കിംഗ് മൈതാനം സ്വകാര്യ കമ്പനിയ്ക്ക് വാടകയ്ക്ക്

പാർക്കിംഗിന് ഒരു തുള്ളി സ്ഥലമില്ല: പരസ്യ കച്ചവടത്തിന് ആവശ്യത്തിലേറെ ഇടം; നഗരസഭയുടെ പാർക്കിംഗ് മൈതാനം സ്വകാര്യ കമ്പനിയ്ക്ക് വാടകയ്ക്ക്

സ്വന്തം ലേഖകൻ

കോട്ടയം: പാർക്കിംഗിന് ഒരു തുള്ളി സ്ഥലമില്ലാതെ നാട്ടുകാർ നട്ടം തിരിയുമ്പോൾ നഗരസഭയുടെ പാർക്കിംഗ് മൈതാനം സ്വകാര്യ കമ്പനിയ്ക്ക് വാടകയ്ക്കു നൽകി. നഗരസഭയിൽ നിന്നും മൈതാനം കരാറെടുത്ത കരാറുകാരനാണ് നഗരസഭ പോലും അറിയാതെ മൈതാനം മറിച്ചു നൽകിയത്. നഗരമധ്യത്തിലെ പഴയ പച്ചക്കറി മാർക്കറ്റിന്റെ മൈതാനമാണ് കരാറുകാരൻ മാരുതിയുടെ വാഹന ഡീലർക്ക് പരസ്യം പ്രദർശിപ്പിക്കാൻ വാടകയ്ക്കു നൽകിയത്.



കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പല വാഹന നിർമ്മാതാക്കൾക്കും, ഡീലർമാർക്കുമായാണ് ഈ മൈതാനം വാടകയ്ക്കു നൽകുന്നത്. നഗരസഭയിൽ നിശ്ചിത തുക നൽകിയാണ് ഇയാൾ കരാർ പിടിക്കുന്നത്. ഈ കരാർ പ്രകാരം മൈതാനം വാഹന പാർക്കിംഗിന് അല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കില്ല. കഴിഞ്ഞയാഴ്ച ടൊയോറ്റ കമ്പനിക്കും വാഹനങ്ങളുടെ ഡിസ്പ്ലെയ്ക്കായി മൈതാനം വാടകയ്ക്ക് നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, വാഹന പാർക്കിംഗിൽ നിന്നും ലഭിക്കുന്ന തുക കൂടാതെ അധിക വരുമാനം ഈടാക്കുന്നതിനായാണ് ഇപ്പോൾ ഈ മൈതാനം സ്വകാര്യ വാഹന ഡീലർക്കു വാടകയ്ക്കു നൽകിയിരിക്കുന്നത്. തിരുനക്കര മൈതാനം നവീകരണത്തിനായി പൊളിച്ചിട്ടിരിക്കുന്നതിനാൽ നിലവിൽ നഗരത്തിൽ പാർക്കിംഗ് സംവിധാനം അപര്യാപ്തമാണ്. അതുകൊണ്ടുതന്നെ നഗരത്തിലെ ഏക പാർക്കിംഗ് സ്ഥലമാണ് ഇത്തരത്തിൽ മറുവാടകയ്ക്ക് കരാറുകാരൻ നൽകിയത്.


നഗരത്തിലെ ഏറ്റവും തിരക്കേറിയ വാണിജ്യ കേന്ദ്രമാണ് ടി.ബി റോഡ്. ഇവിടെ ബിഗ് ബസാറും, നാല് തീയറ്ററുകളും പ്രവർത്തിക്കുന്നുണ്ട്. ഇവിടേയ്ക്കുള്ള വാഹനങ്ങളെല്ലാം ഈ മൈതാനത്താണ് പാർക്ക് ചെയ്യുന്നത്. ഇതു കൂടാതെയാണ് കോട്ടയം മാർക്കറ്റിലേയ്ക്കുള്ള വാഹനങ്ങളുടെ തിരക്ക്. ഇതെല്ലാം നിലനിൽക്കേയാണ് ഈ മൈതാനം അനധികൃതമായി വാടകയ്ക്ക് നൽകിയിരിക്കുന്നത്.

എന്നാൽ, വാഹന പാർക്കിംഗിനുള്ള സ്ഥലം വാടകയ്ക്ക് നൽകുന്നത് നിയമവിരുദ്ധമാണെന്നു നഗരസഭ അധ്യക്ഷ ഡോ.പി.ആർ സോന പറഞ്ഞു. ഇതു പരിശോധിച്ച ഉചിതമായ നടപടി സ്വീകരിക്കും. പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഇവർ അറിയിച്ചു.