play-sharp-fill
അയർക്കുന്നത്തെ പതിനഞ്ചുകാരി ക്രൂരബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്; കൊലപാതകം നടത്തിയത് ശ്വാസം മുട്ടിച്ച്: ശരീരത്തിൽ പരിക്കുകളൊന്നുമില്ല: പ്രതിയെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും

അയർക്കുന്നത്തെ പതിനഞ്ചുകാരി ക്രൂരബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്; കൊലപാതകം നടത്തിയത് ശ്വാസം മുട്ടിച്ച്: ശരീരത്തിൽ പരിക്കുകളൊന്നുമില്ല: പ്രതിയെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും

ക്രൈം ഡെസ്‌ക്

കോട്ടയം: അയർക്കുന്നത്ത് പതിനഞ്ചുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് തന്നെയാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. ക്രൂരമായ ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ കഴുത്തിൽ ഷോൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മാർട്ടം വിശദമായ പോസ്റ്റ്മാർട്ടം റിപ്പോർട്ട് രണ്ടു ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർ ഡിവൈഎസ്പി ആർ.ശ്രീകുമാറിനു കൈമാറും. ഇതിനിടെ ഞായറാഴ്ച ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കിയ പ്രതി, അയർക്കുന്നം ചേലക്കുന്നേൽ അജേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും. 
ശനിയാഴ്ച ഉച്ചയോടെയാണ് അയർക്കുന്നം അരീപ്പറമ്പ് ചെന്നിക്കര ഹോളോബ്രിക്‌സ് ഫാക്ടറിയ്ക്കുള്ളിലെ വാഴത്തോപ്പിൽ പതിനഞ്ചുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച അയർക്കുന്നത്തെ വീട്ടിൽ നിന്നു കാണാതായ പെൺകുട്ടിയുടെ മൃതദേഹമാണ് അരീപ്പറമ്പിലെ വാഴത്തോട്ടത്തിൽ നിന്നു പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ ഇതേ സ്ഥാപനത്തിലെ ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മൊഴിയെടുപ്പും, മറ്റു നടപടികളും പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ശനിയാഴ്ച രാത്രി മുഴുവൻ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച ശേഷം ഞായറാഴ്ച ഉച്ചയോടെയാണ് പോസ്റ്റ്മാർട്ടം നടത്തിയത്. 
വിവാദങ്ങളും തർക്കങ്ങളും ഒഴിവാക്കാൻ മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിലാണ് മൃതദേഹം പോസ്റ്റ്മാർട്ടം നടത്തിയത്. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ പോസ്റ്റ്മാർട്ടം നടത്തിയ ഡോക്ടറുമായി സംസാരിച്ചതോടെയാണ് കൊലപാതകം ശ്വാസം മുട്ടിച്ചാണെന്നും പീഡനം നടന്നിട്ടുണ്ടെന്നും വ്യക്തമായത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ആന്തരിക അവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഈ പരിശോധനാ ഫലങ്ങൾ പുറത്ത് വരുന്നതോടെ മാത്രമേ പീഡനത്തിന്റെ കൃത്യമായ വിവരങ്ങൾ ലഭിക്കൂ. കേസിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും. ഇയാളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമാവും കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടം അവസാനിപ്പിക്കുക. ഡിവൈഎസ്പി ആർ.ശ്രീകുമാർ, ഈസ്റ്റ് സി.ഐ ടി.ആർ ജിജു, അയർക്കുന്നം എസ്.ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.