കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം ; വ്യാപക നാശം! ; 29 വീട് പൂർണമായും 642 വീട് ഭാഗികമായും തകർന്നു, പെരുമഴയിൽ മരണം 5; കണ്ണൂരും കാസർകോട്ടും ഉരുൾപൊട്ടൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തിൽ നാലു ദിവസമായി തുടരുന്ന കനത്ത മഴയിൽ വ്യാപക നാശം. തിരുവനന്തപുരത്ത് ദുരിതം വിതച്ച് നാലുദിവസമായി പെയ്യുന്ന മഴയിൽ ഇന്നലെ മൂന്നു വിദ്യാർത്ഥികളടക്കം അഞ്ചു പേർ കൂടി മരിച്ചു. ഒരാളെ കാണാതായി.
ഇതോടെ കാലവർഷത്തിൽ മരണസംഖ്യ 10 ആയി. പല ജില്ലകളിലും മഴയിലും ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടങ്ങളുണ്ടായി. തിരുവനന്തപുരത്ത് രണ്ടുപേരും കോട്ടയം, കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ ഒരാൾ വീതവുമാണ് മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലപ്പുഴയിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. സംസ്ഥാനത്താകെ 137 ക്യാമ്പിലായി 931 കുടുംബത്തിലെ 3076 പേരാണുള്ളത്. 29 വീട് പൂർണമായും 642 വീട് ഭാഗികമായും തകർന്നു.
കാസർകോട് വെള്ളരിക്കുണ്ട് താലൂക്കിലെ മാലോം പുഞ്ച ചെത്തിപുഴതട്ടിൽ ഇന്നലെ ഉച്ചയോടെ ഉരുൾപൊട്ടി. ചെറുവീട്ടിൽ കാവേരിയുടെ കുടുംബത്തെ മാറ്റി പാർപ്പിച്ചു. കണ്ണൂർ ആലക്കോട് കാപ്പിമലയ്ക്കടുത്തുള്ള വൈതൽകുണ്ടിൽ രണ്ടിടത്ത് ഉരുൾ പൊട്ടി.
ഇന്നലെ രാവിലെയാണ് ചാവനാലിൽ ചാക്കോച്ചൻ,പട്ടരുമഠത്തിൽ കുഞ്ഞൂഞ്ഞ്, വലിയവീട്ടിൽ ജോസ് എന്നിവരുടെ കൃഷിയിടങ്ങൾ ഉരുൾപൊട്ടലിൽ നശിച്ചത്. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തി പ്രാപിച്ചതോടെ കുട്ടനാട്, അപ്പർകുട്ടനാട് പ്രദേശങ്ങളിൽ ജലനിരപ്പ് അപകട നിലയ്ക്കു മുകളിലായി.
ഇടുക്കിയിൽ മലയോര മേഖലയിൽ മഴയ്ക്ക് ശമനമില്ല. എറണാകുളം ജില്ലയിൽ കണ്ണമാലിയിൽ കടൽക്ഷോഭമുണ്ടായി. വെള്ളിയാഴ്‌ചയോടെ മഴയുടെ തീവ്രത കുറയുമെന്നാണ് പ്രവചനം. എന്നാൽ, വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരാനാണ് സാധ്യത.
കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്‌ത മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തം പാടില്ല.
പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ ആറുകളിലെ ശക്തമായ ഒഴുക്കിൽ കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും ജലനിരപ്പ് ഉയർന്നു. രണ്ടുപാടശേഖരത്തിൽ മടവീണു. വീയപുരം– -ചെറുതന അച്ചനാരി കുട്ടൻകരി പാടത്ത് ബണ്ടുപൊളിഞ്ഞ് വെള്ളം കയറി.
കോട്ടയത്ത് പടിഞ്ഞാറൻമേഖലയിൽ വെള്ളം കയറിയ സ്ഥലങ്ങളിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പമ്പാനദിയിൽ ജലനിരപ്പ് കൂടുതലാണ്.കണ്ണൂർ കാപ്പിമല വൈതൽക്കുണ്ടിൽ ഉരുൾപൊട്ടി. വെള്ളക്കെട്ടിനെത്തുടർന്ന് മുഴപ്പിലങ്ങാട്ട് നൂറിലേറെ പേരെ ബന്ധുവീടുകളിലേക്ക് മാറ്റി. അഴീക്കോട്, തലശേരി മണ്ഡലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
കാസർകോട്ട് നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കോഴിക്കോട്ട് ചോറോട് പുഴയിൽ കാണാതായ യുവാവിനായുള്ള തെരച്ചിൽ പുരോഗമിക്കുന്നു. ഉള്ള്യേരി–- കൊയിലാണ്ടി സംസ്ഥാന പാതയ്‌ക്കു സമീപമുള്ള റോഡ് മഴയിൽ ഇടിഞ്ഞുതാഴ്‌ന്നു.
ബത്തേരി നൂൽപ്പുഴയിൽ കല്ലൂർപുഴ കരകവിഞ്ഞു. എറണാകുളത്ത് കാലടി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പാർശ്വഭിത്തി തകർന്നു. കൊല്ലത്ത് കന്നേറ്റിയിൽ സമാന്തര പാലം നിർമാണത്തിനായി സ്ഥാപിച്ച തടയണ തകർന്നു.