
സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കിയിരുന്ന കൊടും ചൂടിന് ശമനമാകുന്നു. ആഴ്ചകളായി വിവിധ ജില്ലകളില്‍ നിലനിന്നിരുന്ന ഉയര്‍ന്ന താപനില മുന്നറിയിപ്പുകള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. വേനല്‍ മഴ സജീവമായതും ആന്ധ്രായ്ക്കും കര്‍ണാടയ്ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന പ്രതി ചക്രവാതത്തിന്റെ സ്വാധീനം കുറയുന്നതുമാണ് ചൂട് കുറയാന്‍ കാരണമെന്നാണ് നിഗമനം. സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം.
ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്തു. നിരവധി നാശനഷ്ടങ്ങളാണ് മിക്ക സ്ഥലങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. നിരവധി പേർക്ക് ഇടിമിന്നലേൽക്കുകയും മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.






