
തിരുവനന്തപുരം: കേരളത്തിലേക്ക് തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ വരും ദിവസങ്ങളില്‍ പൂർണതോതില്‍ വ്യാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 2 മുതല്‍ 3 ദിവസത്തിനകം കാലവർഷം സംസ്ഥാനത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കാൻ അനുകൂലമായ അന്തരീക്ഷ സാഹചര്യങ്ങളാണ് നിലവിലുള്ളത്. ഇതിനൊപ്പം സംസ്ഥാനത്തിന് മുകളിലും സമീപത്തുമായി രൂപപ്പെട്ടിരിക്കുന്ന ഇരട്ട ചക്രവാതചുഴികളുടെ സ്വാധീനവും കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴയുടെ ശക്തി വർധിപ്പിക്കും.
ഇരട്ട ചക്രവാതചുഴികള്‍; മഴമേഘങ്ങള്‍ സജീവം
കേരളത്തിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട രണ്ട് അന്തരീക്ഷ വ്യതിയാനങ്ങള്‍ ഇപ്പോള്‍ സജീവമാണ്. തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപ് മേഖലയിലും നിലനിന്നിരുന്ന ഉയർന്ന അന്തരീക്ഷ ചക്രവാതചുഴി ഇപ്പോള്‍ ദക്ഷിണ കേരള തീരത്തിന് സമീപത്തേക്ക് മാറിയിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 7.6 കിലോമീറ്റർ ഉയരം വരെ ഇത് വ്യാപിച്ചുകിടക്കുന്നതിനാല്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിനും തമിഴ്നാടിനും മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 1.5 കിലോമീറ്റർ ഉയരത്തില്‍ മറ്റൊരു ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇത് മഴമേഘങ്ങളുടെ ദ്രുതഗതിയിലുള്ള രൂപീകരണത്തിന് സഹായകരമാകുന്നു.
മണ്‍സൂണ്‍ മുന്നേറ്റം
നിലവില്‍ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ മേഖലകള്‍, ലക്ഷദ്വീപ്, കേരളം, തമിഴ്നാട്, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലേക്ക് മണ്‍സൂണ്‍ കൂടുതല്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. മണ്‍സൂണിന്റെ വടക്കൻ അതിർത്തി ഈ പ്രദേശങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
കേരളത്തിന് പുറമെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും കാലാവസ്ഥാ സംവിധാനങ്ങള്‍ സജീവമാണ്. വടക്കുപടിഞ്ഞാറൻ ഉത്തർപ്രദേശിന് മുകളിലെ പടിഞ്ഞാറൻ വ്യതിയാനവും, കേന്ദ്ര പാകിസ്ഥാൻ, രാജസ്ഥാൻ, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളിലെ ചക്രവാതചുഴികളും രാജ്യവ്യാപകമായി മഴ ശക്തമാക്കാൻ കാരണമാകുന്നുണ്ട്.
വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലർട്ടുകള്‍
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ചും മഞ്ഞയും അലർട്ടുകള്‍ പ്രഖ്യാപിച്ചു. ചിലയിടങ്ങളില്‍ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ അതിശക്തമായ മഴയ്ക്കാണ് സാധ്യത. കാലവർഷം ശക്തി പ്രാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സർക്കാരും പൊതുജനങ്ങള്‍ക്കായി കർശന ജാഗ്രതാ നിർദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളില്‍ നാളെ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് ഉള്ളത്. ജൂണ്‍ നാലിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളില്‍ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.







