
കോട്ടയം: പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയില്‍ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിന് കൊടിയേറി.
എറികാട്, പുതുപ്പള്ളി കരകളില്‍ നിന്ന് ഘോഷയാത്രയായി കൊണ്ടുവന്ന കൊടിമരത്തില്‍ സഖറിയാസ് മാർ സേവേറിയോസ് മെത്രപ്പോലീത്ത കൊടിയേറ്റി. വൈദ്യുതി ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍കർമ്മം വികാരി ഫാ.ആൻഡ്രൂസ് ടി.ജോണ്‍ നിർവഹിച്ചു.
ദിവസവും രാവിലെ വിശുദ്ധ കുർബാന, മദ്ധ്യസ്ഥപ്രാർത്ഥന, വൈകിട്ട് 5.30ന് സന്ധ്യാ നമസ്ക്കാരം. മേയ് 1 മുതല്‍ 4 വരെയാണ് പുതുപ്പള്ളി കണ്വെൻഷൻ.
ഇന്ന് രാവിലെ 10ന് വയോജനസംഗമം. മേയ് 5 മുതല്‍ 7 വരെയാണ് പ്രധാന പെരുന്നാള്‍. മേയ് മൂന്നിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം എം.ജി.എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാന് നല്‍കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

6ന് രാവിലെ 11ന് പൊന്നിൻ കുരിശ് ത്രോണോസില്‍ പ്രതിഷ്ഠിക്കും. അഞ്ചിന് വെച്ചൂട്ട് സദ്യ ഒരുക്കുന്നതിനുള്ള വിറകിടീല്‍ച്ചടങ്ങ്, പന്തിരുനാഴി പുറത്തെടുക്കല്‍, സന്ധ്യാനമസ്കാരത്തിന് ശേഷം പുതുപ്പള്ളി കവലചുറ്റി പ്രദക്ഷിണം.
പ്രധാന തിരുനാള്‍ ദിവസമായ ഏഴിന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ കാർമികത്വത്തില്‍ ഒൻപതിന്മേല് കുർബാന. തുടർന്ന് വെച്ചൂട്ട് നേർച്ചസദ്യ, കുട്ടികള്‍ക്കുള്ള ആദ്യ ചോറൂണ്, സമാപന പ്രദക്ഷിണത്തിന് ശേഷം അപ്പവും കോഴിയിറച്ചിയും നേർച്ച.







