
കോട്ടയം: ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം കണക്കുകൂട്ടി മുന്നണികള്‍.
സംസ്ഥാനത്ത് ഏറ്റുവും കൂടുതല്‍ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ ഒന്നായി പുതുപ്പള്ളി മാറുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്.
ചാണ്ടി ഉമ്മന്‍ മത്സരിച്ച പതുപ്പള്ളിയില്‍ ഭൂരിപക്ഷം നാല്പതിനായിരം കടക്കുമെന്നു യു.ഡി.എഫ് വിലയിരുത്തല്‍.
പോളിങ് ശതമാനം കുറഞ്ഞെങ്കിലും ഭൂരിപക്ഷം വര്‍ധിക്കുമെന്ന കണക്കുകൂട്ടലില്‍ ആണു നേതൃത്വം.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടിയുടെ ഭൂരിപക്ഷം 37,719 വോട്ടായിരുന്നു.
2011ല്‍ ഉമ്മന്‍ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ഭൂരിപക്ഷമാണ് ചാണ്ടി മറികടന്നത്. ഇക്കുറി അതുക്കും മേലെ എന്നാണ് യു.ഡി.എഫ് പറയുന്നത്.
കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഭൂരിപക്ഷം 30,000 മറികടക്കുമെന്നു യു.ഡി.എഫ് പ്രതീക്ഷിക്കുന്നു.
2021ലെ തെരഞ്ഞെടുപ്പില്‍ 18,743 വോട്ടിന്റെ ഭൂരിപക്ഷം തിരുവഞ്ചൂരിനുണ്ടായിരുന്നു.
ഏറ്റുമാനൂരില്‍ ആറായിരം വോട്ടിന് നാട്ടകം സുരേഷ് വിജയിക്കുമെന്ന പ്രതീക്ഷ യു.ഡിഎഫിനുണ്ട്.
കഴിഞ്ഞ തവണ 14,303 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വി.എന്‍. വാസവനായിരുന്നു വിജയിച്ചത്. ഇക്കുറി രണ്ടാം ഊഴത്തിന് ഇറങ്ങുന്ന വാസവന് അടിപതറുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്.
യു.ഡി.എഫ് അപ്രതീക്ഷിത വിജയം പ്രതീക്ഷിക്കുന്നത് വൈക്കത്താണ്. അവസാന ദിവസങ്ങളിലെ അടിയൊഴുക്കുകള്‍ അനുകൂലമാക്കിയിട്ടുണ്ടെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.
ഏറ്റവും കുറഞ്ഞത് മൂവായിരം വോട്ടിനെങ്കിലും മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് യു.ഡി.എഫ്. കണക്കുകൂട്ടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്‍.ഡി.എഫിന്റെ പരമ്പരാഗത മണ്ഡലമായ വൈക്കത്ത് കഴിഞ്ഞ തവണ സി.കെ. ആശയ്ക്കു ലഭിച്ചത് 29,122 വോട്ടിന്റെ ഭൂരിപക്ഷമാണ്.
ന്യൂനപക്ഷ ഏകീകരണം പൂഞ്ഞാറില്‍ തുണച്ചുവെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തല്‍. കുറഞ്ഞത് പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷ.
സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 16817 വോട്ടിന് വിജയിച്ച മണ്ഡലമാണിത്. ചങ്ങനാശേരിയില്‍ കടുത്ത മത്സരം നേരിട്ടെങ്കിലും വിനു ജോബ് അയ്യായിരം വോട്ടിനെങ്കിലും വിജയിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
6059 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഇവിടെ ജോബ് മൈക്കളിന് ഉണ്ടായിരുന്നത്.
പാലായിലും കടുത്തുരുത്തിയിലും 10000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാകുമെന്നും യു.ഡി.എഫ് പ്രതീക്ഷിക്കുന്നു.
പാലയില്‍ മാണി സി കാപ്പന് കഴിഞ്ഞ തവണ 15378 വോട്ടിന്റെയും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിന് 4256 വോട്ടിന്റെയും ഭൂരിപക്ഷം ലഭിച്ചിരുന്നു.
ജില്ലയില്‍ എല്‍.ഡി.എഫ് ഏറ്റവും കൂടുതല്‍ പ്രതീക്ഷവെക്കുന്നത് കാഞ്ഞിരപ്പള്ളിയിലാണ്. കാഞ്ഞിരപ്പള്ളി ഉറപ്പായും വിജയിക്കുമെന്നും കുറഞ്ഞത് പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷമെങ്കിലും എന്‍. ജയരാജിന് ലഭിക്കുമെന്നാണ് എല്‍..ഡി.എഫിന്റെ കണക്കുകൂട്ടല്‍.
വി.എന്‍. വാസവന് മത്സരിക്കുന്ന ഏറ്റുമാനൂരില്‍ ഭൂരിപക്ഷം കുറയുമെങ്കിലും കുറഞ്ഞത് ഏഴായിരം വോട്ടിൻ്റെ മേല്‍കൈയ്യോടെ മണ്ഡലം നിലനിര്‍ത്താന്‍ കഴിയും.
പാലായില്‍ ശക്തമായ മത്സരം നടന്നുവെങ്കിലും ജോസ് കെ. മാണിക്ക് ലഭിച്ച അനുകൂല തരംഗം വഴി പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും. ഇടതു കോട്ടയായ വൈക്കത്തെ പതിനായിരം വോട്ടും പൂഞ്ഞാറില്‍ അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷവും എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നു.
ചങ്ങനാശേരിയില്‍ കുറഞ്ഞത് അയ്യായിരം വോട്ടിനെങ്കിലും ജോബ് മൈക്കിള്‍ വിജയിക്കുമെന്നാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ.
ജില്ലയില്‍ ബി.ജെ.പിക്ക് ഏക പ്രതീക്ഷയുള്ള എ ക്ലാസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യന് പതിനായിരം വോട്ടിന്റെ എങ്കിലും ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ കഴിയുമെന്നുമാണ് ബി.ജെ.പി യുടെ പ്രതീക്ഷ.
വൈക്കത്ത് നേരിയ ഭൂരിപക്ഷത്തോടെ അജിത്ത് വിജയിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു.







