
ജബൽപുർ ക്രൂയിസ് ബോട്ട് അപകടത്തിൽ ആകെ മരണസംഖ്യ 13 ആയി ഉയർന്നു. അപകടത്തിൽ കാണാതായ അവസാനത്തെ രണ്ട് പേരുടെ മൃതദേഹം ലഭിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. മധ്യപ്രദേശിലെ ബർഗി ഡാമിൽ മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. സൈനിക ഡൈവർമാർ, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പ്രാദേശിക മുങ്ങൽ വിദഗ്ധർ എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് ക്രൂയിസ് ബോട്ട് അപകടത്തിൽപ്പെട്ടത്. വിനോദ സഞ്ചാരികളും ജീവനക്കാരും അടക്കം 41 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. അപകടം നടന്ന ദിവസം തന്നെ 28 പേരെ രക്ഷപ്പെടുത്തിയിരുന്നു. അപകടത്തിൽ സംസ്ഥാന സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. വീഴ്ച വരുത്തിയ മൂന്ന് ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതിനൊപ്പം സംസ്ഥാനത്തെ സമാനമായ ബോട്ട് സർവീസുകൾക്ക് സർക്കാർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.






