ഐ.പി.എല്ലിൽ രസം കൊല്ലിയായി മഴ;  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിന് ഏഴ് റണ്‍സ് ജയം; ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം വിജയിച്ച് ആതിഥേയർ

ഐ.പി.എല്ലിൽ രസം കൊല്ലിയായി മഴ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിന് ഏഴ് റണ്‍സ് ജയം; ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം വിജയിച്ച് ആതിഥേയർ

Spread the love

സ്വന്തം ലേഖകൻ

അമൃതസർ: മഴ മുടക്കിയ ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള രണ്ടാം മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിന് വിജയം. ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരമാണ് ആതിഥേയർ വിജയിച്ചത്. കൊൽക്കത്തയുടെ മറുപടി ബാറ്റിംഗ് 16 ഓവറിലെത്തിയപ്പോഴാണ് മഴ പെയ്തത്. അപ്പോൾ ടീം ഏഴു വിക്കറ്റ് നഷ്ടത്തിൽ 146 റൺസാണ് നേടിയിരുന്നത്.

ഡിഎൽഎസ് പാർ സ്‌കോർ 153 വേണ്ടിയിരുന്നു. ഏഴ് റൺസ് കുറവുണ്ടായതോടെയാണ് പഞ്ചാബ് വിജയിച്ചത്. ആൻഡ്രേ റസ്സൽ(35), വെങ്കിടേഷ് അയ്യർ (34), നിതീഷ് റാണ(24), ഗുർബാസ്(22) എന്നിവരാണ് കൊൽക്കത്തൻ നിരയിൽ രണ്ടക്കം കടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മോശം തുടക്കമാണ് ലഭിച്ചത്. പഞ്ചാബ് പേസർ അർഷദീപ് തന്റെ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെയാണ് കൊൽക്കത്ത പരുങ്ങലിലായിരുന്നത്. കേവലം നാലു റൺസ് വിട്ടുകൊടുത്ത് മൻദീപ് സിംഗിന്റെയും അൻകുൽ റോയിയുടെയും വിക്കറ്റാണ് അർഷദീപ് വീഴ്ത്തിയത്. മൻദീപിനെ സാം കറണും റോയിയെ റാസയും പിടികൂടുകയായിരുന്നു. റഹ്മാനുല്ലാഹ് ഗുർബാസിനെ നഥാൻ എല്ലിസ് ബൗൾഡാക്കി. മൂന്നു വിക്കറ്റെടുത്ത അർഷദീപാണ് പഞ്ചാബ് ബൗളിംഗ് നിരയിൽ തിളങ്ങിയത്. സാം കറൺ, എല്ലിസ്, റാസ, രാഹുൽ ചാഹർ എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്‌സ്‌ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് അടിച്ചുകൂട്ടിയത്. വൺഡൗണായെത്തിയ ശ്രീലങ്കൻ താരം ബാനുക രജപക്‌സയും ഓപ്പണറും നായകനുമായ ശിഖർ ധവാനും തകർത്തടിച്ചതോടെയാണ് ടീമിന് തരക്കേടില്ലാത്ത സ്‌കോർ നേടാനായത്. രജപക്‌സ 32 പന്തിൽ രണ്ട് സിക്‌സും അഞ്ച് ഫോറുമായി അർധസെഞ്ച്വറി നേടി. ധവാൻ 29 പന്തിൽ ആറു ഫോറുമായി 40 റൺസാണടിച്ചത്.

പഞ്ചാബിന്റെ ഓപ്പണർ പ്രഭ്‌സിമ്രാൻ സിംഗ് 12 പന്തിൽ രണ്ട് വീതം സിക്‌സും ഫോറുമായി കസറി. ആദ്യ രണ്ടോവറിൽ പഞ്ചാബ് നേടിയ 23 റൺസും സിംഗിന്റെ ബാറ്റിൽനിന്നായിരുന്നു. എന്നാൽ ടിം സൗത്തിയുടെ പന്തിൽ ഗുർബാസ് പിടിച്ച് താരം പുറത്തായി. ഇതോടെയാണ് ധവാനും രജപക്‌സയും ഒരുമിച്ചത്. ഇരുവരും ചേർന്ന് സ്‌കോർ 109ൽ എത്തിയപ്പോഴാണ് പിരിഞ്ഞത്.

ബാനുകയെ ഉമേഷ് യാദവാണ് വീഴ്ത്തിയത്. റിങ്കു സിംഗാണ് ക്യാച്ചെടുത്തത്. പിന്നീടെത്തിയ ജിതേഷ് ശർമയെ (21) ടിം സൗത്തി ഉമേഷിന്റെ കൈകളിലെത്തിച്ചു. ധവാനെ വരുൺ ചക്രവർത്തി ബൗൾഡാക്കി. സിക്കന്ദർ റാസയെ സുനിൽ നരയ്ൻ പുറത്താക്കി. നിതീഷ് റാണ പിടികൂടുകയായിരുന്നു. വാലറ്റത്ത് സാം കറണും ഷാരൂഖ് ഖാനും കത്തിക്കയറി. കറൺ 16 പന്തിൽ 26 ഉം ഷാരൂഖ് 11 പന്തിൽ ഏഴും റൺസ് നേടി. കൊൽക്കത്തയ്ക്കായി ടിം സൗത്തി രണ്ടും ഉമേഷ് യാദവ്, സുനിൽ നരയ്ൻ, വരുൺ ചക്രവർത്തി എന്നിവർ ഓരോന്നും വിക്കറ്റെടുത്തു.