
കാബൂളിൽ പാക്കിസ്ഥാനെതിരെ സ്ത്രീകളും, കുട്ടികളും തെരുവിൽ; വെടിയുതിർത്ത് താലിബാൻ
സ്വന്തം ലേഖകൻ
കാബൂൾ: കാബൂളിൽ പാക്കിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങളുമായി സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ജനങ്ങൾ തെരുവിൽ. സ്ത്രീകൾ ഉൾപ്പടെയുളള പ്രതിഷേധക്കാർ ‘പാകിസ്ഥാൻ അഫ്ഗാൻ വിടുക’ എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിക്കുന്നത്.
ഇവരെ പിരിച്ചുവിടാൻ താലിബാൻ ഭീകരർ ആകാശത്തേക്ക് വെടിയുതിർത്തു. പാകിസ്ഥാനെതിരെ മുദ്രാവാക്യം വിളിച്ചും ബാനറുകൾ ഉയർത്തിയും കാബൂളിലെ പാകിസ്ഥാൻ എംബസിയിലേക്കാണ് പ്രതിഷേധക്കാർ പ്രകടനം നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സർക്കാർ രൂപീകരണത്തിലേക്ക് കടന്ന താലിബാൻ പാകിസ്ഥാനും ഇറാനും ചൈനയും ഉൾപ്പടെ ആറ് രാജ്യങ്ങളെ അധികാരമേൽക്കുന്ന ചടങ്ങിന് ക്ഷണിച്ചു.
നിലവിൽ അമേരിക്കയുമായി ചേർന്ന് ഇന്ത്യ അഫ്ഗാനിസ്ഥാനിലുണ്ടാക്കിയിരിക്കുന്ന സൽപേര് നഷ്‌ടപ്പെടുത്താനും കാശ്‌മീരിലേക്ക് താലിബാന്റെ ശ്രദ്ധ കൊണ്ടുവന്ന് തങ്ങൾക്ക് നേട്ടമുണ്ടാക്കാനുമാണ് പാകിസ്ഥാന്റെ ശ്രമം.
താലിബാൻ ഭരണകൂടത്തിനെതിരായി പ്രതിരോധിച്ചിരുന്ന പ്രതിരോധ സേന ആസ്ഥാനമായ പഞ്ച്‌ശീർ താഴ്‌വര താലിബാൻ പിടിച്ചെടുത്തത് തിങ്കളാഴ്‌ചയാണ്. മുൻ വൈസ് പ്രസിഡന്റ് അമറുളള സലെഹ്, പ്രതിരോധ സേന തലവനായ അഹമ്മദ് മസൂദ് എന്നിവർ രാജ്യം വിട്ടതായാണ് സൂചന. അതേസമയം പോരാട്ടം തുടരുമെന്നാണ് പ്രതിരോധ സേന അറിയിച്ചത്.
പാക്കിസ്ഥാൻറെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ മേധാവി കാബൂളിൽ ഉണ്ടായിരുന്ന സമയത്താണ് പഞ്ച്‌ശീർ താലിബാൻ പിടിച്ചെടുത്തതെന്നാണ് വിവരം.
താലിബാൻ ഭീകരർക്കൊപ്പം ചേർന്ന് പാക് വ്യോമസേന പ്രതിരോധ മുന്നണിക്കെതിരെ ബോംബാക്രമണം നടത്തിയെന്നാണ് പ്രതിരോധ മുന്നണി വൃത്തങ്ങൾ പറയുന്നത്. പാക്കിസ്ഥാൻ ഇക്കാര്യം ഇതുവരെ നിഷേധിച്ചിട്ടില്ല.