
തിരുവനന്തപുരം: എല്ലാ വിവരാവകാശ അപേക്ഷകളിലും അഞ്ചുദിവസത്തിനകം തന്നെ നടപടികൾ ആരംഭിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ ഡോ.എ. അബ്ദുൽ ഹക്കീം. ഓഫീസിലില്ലാത്ത വിവരങ്ങളാണ് അപേക്ഷയിൽ ഉള്ളതെങ്കിൽ അഞ്ചാം ദിവസം തന്നെ വിവരങ്ങളുള്ള ഓഫീസിലേക്ക് അപേക്ഷ അയക്കണം.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ സിറ്റിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമത്തിന് മുമ്പില്ലാത്ത വിധത്തിലുള്ള പ്രശസ്തിയും പ്രചാരവും ആണ് രാജ്യത്തും സംസ്ഥാനത്തും കൈവന്നിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ന്യുയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ കേരളത്തിലെ വിവരാവകാശ കമ്മീഷനെ പ്രശംസിച്ച് ലേഖനം എഴുതുന്ന സ്ഥിതിയുണ്ടായി. ഈ സാഹചര്യം നിലനിർത്തുന്നതിന് വിവരാവകാശ ഓഫീസർമാരുടെ ഭാഗത്തുനിന്ന് സജീവമായ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരുടെ സമയം അനാവശ്യമായി കവരുന്ന രീതിയിൽ വിവരാവകാശ അപേക്ഷകൾ നൽകുന്നത് ശരിയല്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളുടെ സമയമാണ് ഇതിലൂടെ ദുരുപയോഗം ചെയ്യപ്പെടുന്നത്. പുതുതായി ഒരു ഫയൽ തുടങ്ങുമ്പോൾ വിവരാവകാശ അപേക്ഷക്കുള്ള സാധ്യതകൾ കൂടി മുന്നിൽകണ്ട് വേണം അവ ആരംഭിക്കാനെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ അപേക്ഷയുടെ ആദ്യ മറുപടിയിൽ തന്നെ രേഖകൾക്ക് അടയ്ക്കേണ്ട തുകയുടെ വിശദാംശങ്ങളും പേജുകളുടെ എണ്ണവും അപേക്ഷകനെ അറിയിക്കണം.
ഫറോക്ക് മുൻസിപ്പാലിറ്റിയിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെഴുത്തി ഒരാൾക്ക് 375,000 രൂപ ലോൺ അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് കെ.ടി. അബ്ദുൽ മനാഫ് നൽകിയ അപേക്ഷയിൽ വിവരങ്ങൾ നൽകാതിരുന്ന നഗരസഭ സെക്രട്ടറി, വിവരാവകാശ ഉദ്യോഗസ്ഥൻ എന്നിവരിൽ നിന്ന് വിശദീകരണം തേടാൻ കമ്മീഷൻ തീരുമാനിച്ചു.
രേഖകളുടെ ആവശ്യമായ പരിശോധനകൾ ഇല്ലാതെ ലോൺ അനുവദിച്ചതുമായി ബന്ധപ്പെട്ട പൊലീസ്, വിജിലൻസ് കേസുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷകന് നൽകാനും വിവരാവകാശ കമീഷണർ ഉത്തരവിട്ടു. ഇദ്ദേഹം തന്നെ നൽകിയ മറ്റൊരു വിവരാവകാശ അപേക്ഷയിൽ മറുപടി നൽകുന്നത് രണ്ടുമാസവും 12 ദിവസവും വൈകിപ്പിച്ചതിന് വിവരാവകാശ നിയമത്തിലെ 20(1)വകുപ്പ് പ്രകാരം പിഴ ഈടാക്കാനും തീരുമാനമായി.







