
തൃശൂർ : പ്രിയദർശിനി വന്നതോടെ സ്വകാര്യ ബസുകൾ കടന്നു പോകുന്നത് കടുത്ത പ്രതിസന്ധിയിലൂടെയാണ്. യാത്രക്കാർ കുറഞ്ഞതോടെ ജില്ലയിൽ ഇന്നലെ സർവീസ് നടത്താതിരുന്നത് നൂറോളം സ്വകാര്യ ബസുകളാണ്. ജി ഫോം കൊടുക്കാത്ത ബസുകളും ഇതിൽ ഉൾപ്പെടും. കെഎസ്ആർടിസി പ്രിയദർശിനി ബസുകൾ വന്നതോടെ സ്വകാര്യ ബസുകളിൽ ആളു കയറാത്ത അവസ്ഥയായതിനാലാണ് ബസുകൾ സർവീസ് ഉപേക്ഷിക്കുന്നത്. ഡീസൽ വിലവർധനയും സ്വകാര്യ ബസുകൾക്ക് ഇരട്ടി ആഘാതമായി.
നിലവിൽ പകുതി ശമ്പളത്തിനാണ് ഒട്ടുമിക്ക റൂട്ടുകളിലെ ജീവനക്കാരും ജോലിയെടുക്കുന്നത്. ജീവനക്കാർ ജോലിയുപേക്ഷിക്കുമോ എന്ന ആശങ്കയുമുണ്ട് ബസുടമകൾക്ക്. സർക്കാർ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ബസുകൾ ജി ഫോം കൊടുക്കാതിരിക്കുന്നത്. നിശ്ചിത കാലയളവിൽ വാഹനം റോഡിൽ ഓടിക്കില്ലെന്ന് മോട്ടർ വാഹന വകുപ്പിനെ മുൻകൂട്ടി അറിയിക്കുന്ന സംവിധാനമാണ് ജി ഫോം. ഇതു സമർപ്പിക്കുക വഴി വാഹനങ്ങളുടെ നികുതി ഒഴിവാക്കാൻ സാധിക്കും.






