Spread the love

ഈരാറ്റുപേട്ട : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നഗരസഭയുടെ വിവിധയിടങ്ങളിൽ പരിശോധന നടത്തി. നഗരസഭ ആരോഗ്യവിഭാഗവും പോലീസും എക്സൈസും ചേർന്ന് ബുധനാഴ്ച നടത്തിയ പരിശോധനയിൽ രണ്ട് താത്‌കാലിക കടകൾ പൊളിച്ചുമാറ്റി. നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലെ താത്ക്കാലിക കടകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. തോട്ടുമുക്ക് കോസ്‌വേക്ക് സമീപത്തും കടുവാമുഴി ഭാഗത്തും പൊതുസ്ഥലത്തായിരുന്നു താത്‌കാലിക കടകൾ.

video
play-sharp-fill

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നഗരസഭയിൽ ചേർന്ന അവലോകന യോഗത്തിലും താത്‌കാലിക ഷെഡ്ഡുകൾ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുറുക്കാൻ കടകൾ കേന്ദ്രീകരിച്ച് ലഹരി വില്പനകൾ സജീവമാണെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി കടുപ്പിച്ചത്. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തെ വ്യാപാര സ്ഥാപനത്തിലും പരിശോധന നടത്തി. ആറുചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ക്ലീൻസിറ്റി മാനേജർ ടി രാജന്റെ നേതൃത്വത്തിൽ പോലീസ്, എക്സൈസ്, സന്നദ്ധ സംഘടനകൾ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. വരുംദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.