
“ഞങ്ങളുടെ കുട്ടികളെ തൊട്ടാലുണ്ടല്ലോ, കാല് തല്ലിയൊടിക്കും…..! വിദ്യാര്‍ത്ഥി സമരത്തിനിടെ കോളേജിലെത്തി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിനെതിരെ ഭീഷണി: എസ്‌എഫ്‌ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുത്തു
സ്വന്തം ലേഖിക
തൃശ്ശൂര്‍: വിദ്യാര്‍ത്ഥി സമരത്തിനിടെ തൃശ്ശൂര്‍ മഹാരാജാസ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ‍്യൂട്ടില്‍ അധ്യാപകന്റെ കാല് തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ എസ്‌എഫ്‌ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ പോലീസ് കേസെടുത്തു.
തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. എസ്‌എഫ്‌ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി അസം മുബാറക് ഉള്‍പ്പെടെ 6 പേര്‍ക്കെതിരെയാണ് കേസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോക്ടര്‍ ദിലീപിന്റെ പരാതിയിലാണ് കേസെടുത്തത്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അന്യായമായി സംഘം ചേരല്‍, അതിക്രമിച്ച് കടക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
വിദ്യാര്‍ത്ഥി സമരത്തിനിടെ കോളേജിലെത്തിയ എസ്‌എഫ്‌ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി അസം മുബാറകും സംഘവുമാണ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിനെ ഭീഷണിപ്പെടുത്തിയത്. ‘അധ്യാപകരോട് ഞങ്ങള്‍ക്ക് ബഹുമാനമാണ്. പക്ഷേ തെമ്മാടിത്തരം കാണിച്ചാല്‍ കാല് തല്ലിയൊടിക്കും. ഞങ്ങള്‍ കുറേ പേരെ കണ്ടിട്ടുണ്ട്. സിന്‍ഡിക്കേറ്റിലും സെനറ്റിലും ഒക്കെ ഞങ്ങള്‍ അംഗങ്ങളാണ്. ഞങ്ങളുടെ കുട്ടികളെ തൊട്ടാലുണ്ടല്ലോ, മര്യാദയ്ക്ക് മാപ്പെഴുതി കൊടുത്തോ. ഇല്ലെങ്കിലുണ്ടല്ലോ, കാല് തല്ലിയൊടിക്കും, പുറത്തിറങ്ങ്. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയാണ് പറയുന്നത്’. ഇതായിരുന്നു ഭീഷണി.
മറ്റ് അധ്യാപകരുടേയും പൊലീസിന്റെയും സാന്നിധ്യത്തിലായിരുന്നു പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോക്ടര്‍ പി.ദിലീപിനെ എസ്‌എഫ്‌ഐ നേതാവ് ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.