ഡോക്ടറുടെ ബുള്ളറ്റ് മോഷണം കുപ്രസിദ്ധ ഗുണ്ട പെരുമ്പാവൂർ അനസിൻ്റെ കൂട്ടാളി പിടിയിൽ: പ്രതിയെ പിടികൂടിയത് സാഹസികമായി
സ്വന്തം ലേഖകൻ
ചിറ്റൂർ : തൃശൂർ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന ഡോക്ടറുടെ ബുള്ളറ്റ് മോഷ്ടിച്ച് മറ്റൊരു ബുള്ളറ്റിൻ്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഓടിച്ച കേസ്സിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പോലീസ് പിടിയിലായി. പുതുനഗരം , കാട്ടുത്തെരുവ് കോഴിക്കുട്ടൻ വീട്ടിൽ അസീസ് എന്ന മുഹമ്മദ് അജീഷ് ( 22) നെയാണ് ചിറ്റൂർ പൊലീസ് അറസ്റ്റു ചെയ്തത്. കേസ്സിൽ പെട്ട വാഹനം രണ്ട് മാസം മുമ്പ് രഹസ്യവിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ തത്തമംഗലത്തുള്ള പ്രതിയുടെ വാടക വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ശേഷം ഒളിവിൽ പോയ പ്രതിയെയാണ് സാഹസികമായി പിടികൂടിയത്.
കഴിഞ്ഞ വർഷമാണ് തൃശൂർ മെഡിക്കൽ കോളേജിൽ പ്രാക്ടീസിനു വന്ന ഡോക്ടറുടെ ബുള്ളറ്റ് മോഷണം പോയത്. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്തിരുന്നു. കഞ്ചാവു കച്ചവടക്കാരനായ പ്രതിയെ കഴിഞ്ഞ വർഷം ടിയാൻ്റെ ബുള്ളറ്റോടുകൂടി മണ്ണുത്തി പൊലീസ് പിടികൂടിയിരുന്നു. മണ്ണുത്തി പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ച ബുള്ളറ്റിൻ്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചാണ് ജാമ്യത്തിലിറങ്ങിയ പ്രതി മോഷണ ബുള്ളറ്റ് ഉപയോഗിച്ചിരിന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാഴ്ചയിൽ ഒരേ രൂപത്തിലുള്ള വാഹനമായ തിനാൽ ആർക്കും സംശയം ഉണ്ടായിരുന്നില്ല. പ്രതിയുടെ പേരിൽത്തന്നെയാണ് വാഹനം രജിസ്റ്റർ ചെയ്തിരുന്നത്. ടിയാൻ വീണ്ടും കഞ്ചാവ് കച്ചവടം നടത്തുന്നുവെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷിക്കാൻ ചെന്ന ഡാൻസാഫ് സ്ക്വാഡ് ആണ് ബുള്ളറ്റ് കണ്ടെത്തിയത്. തുടർന്ന് പരിശോധിച്ചതിൽ മോഷണ വാഹനമാണെന്ന് തിരിച്ചറിഞ്ഞു, ചിറ്റൂർ പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് ബുള്ളറ്റ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇയാനെതിരെ പുതുനഗരം, ചിറ്റൂർ, മണ്ണുത്തി എന്നീ പൊലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസ്സുകളും കഞ്ചാവു കേസ്സും നിലവിലുണ്ട്. കുപ്രസിദ്ധ ഗുണ്ടയും കരിപ്പൂർ സ്വർണ്ണക്കടത്തു കേസ്സിൽ അന്വേഷണം നേരിടുകയും ചെയ്തു വരുന്ന പെരുമ്പാവൂർ അനസ്സിൻ്റെ സുഹൃത്താണ് അജീഷ്. പ്രതിയെ നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കും.
ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിൻ്റെ നിർദ്ദേശത്തെത്തുടർന്ന് , പാലക്കാട് നർകോട്ടിക് സെൽ ഡിവൈ.എസ്.പി സി.ഡി ശ്രീനിവാസൻ്റെ മേൽനോട്ടത്തിൽ ചിറ്റൂർ ഇൻസ്പെക്ടർ ബിനു, സബ് ഇൻസ്പെക്ടർ ജയപ്രദീപ്, എ.എസ്.ഐ മുഹമ്മദ് റാഫി, സിവിൽ പൊലീസ് ഓഫിസർമാരായ സന്ദീപ്, ശബരി ഡാൻസാഫ് സ്ക്വാഡ് അംഗം ആർ. രാജീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.