വെള്ളം കൂടി വരുന്നത് കണ്ട് ഗർഭിണി ബോധം കെട്ട് വീണു; ദുരന്ത രക്ഷാ സേന ഹെലികോപ്ടറിലെത്തി രക്ഷിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: വെള്ളം കൂടി വരുന്നതു കണ്ട് ബോധംകെട്ട ഗർഭിണിയെ ദുരന്തമുഖത്തു നിന്നും ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി. പൂർണ ഗർഭിണിയായ യുവതി ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു. ഏയ്ഞ്ചൽവാലി ആറാട്ടുകളം മുട്ടുമണ്ണിൽ വീട്ടിൽ അനീഷിന്റെ ഭാര്യ രജനി (24)യെയാണ് ഹെലികോപ്റ്ററിലെത്തിയ സംഘം രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ മൂന്നു ദിവസമായി കനത്ത മഴ പെയ്യുന്ന ഏയ്ഞ്ചൽ വാലിയിൽ റോഡുകൾ മിക്കതും മണ്ണിടിഞ്ഞ് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലാണ്. മിക്ക വീടുകളും ഒറ്റപ്പെട്ടു കിടക്കുന്നു. ഇന്നലെ രാവിലെ വേദന അനുഭവപ്പെട്ട രജനിയെ മുൻ വാർഡംഗം സിബിയുടെ നേതൃത്വത്തിൽ ഏയ്ഞ്ചൽവാലി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഗ്രൗണ്ടിലെത്തിച്ചു. ജില്ലാ ഭരണകൂടത്തിൻെ സമയോചിതമായ ഇടപെടൽ മൂലം കൃത്യ സമയത്ത് തന്നെ മെഡിക്കൽ സംഘവുമായി ഹെലികോപ്റ്റർ എയ്ഞ്ചൽവാലി സ്കൂൾ ഗ്രൗണ്ടിൽ എത്തിക്കാൻ സാധിച്ചു. ജില്ലാ ആശുപത്രിയിലെ ഡോ. ഭാഗ്യശ്രീയുടെ നേതൃത്യത്തിലുള്ള മെഡിക്കൽ സംഘം ചെക്കപ്പിനു ശേഷം രജനിയെ ഹെലികോപ്റ്ററിലേക്ക് കയറ്റി. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളജ് ഗ്രൗണ്ടിലെത്തിച്ച രജനിയെ പെട്ടെന്ന് തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. രോഗി അപകടനില തരണം ചെയ്തുവെന്നും ലേബർ റൂമിൽ നിരീക്ഷണത്തിലാണെന്നും സൂപ്രണ്ട് ഡോ. ബാബു സെബാസ്റ്റ്യൻ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group