Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂർ: സിപിഎം പന പോലെ വളർത്തി പിന്നീട് തള്ളി പറഞ്ഞ ആകാശ തില്ലങ്കേരിക്കും അർജുൻ ആയങ്കിക്കു ശേഷം മറ്റൊരു വെല്ലുവിളിയായി പോരാളി ഷാജിയെന്ന പാർട്ടി അനുകുല സൈബർ ഗ്രൂപ്പ് ലോക് സഭാ’തെരഞ്ഞെടുപ്പ് തോല്‍വിയോടെ ദുർബലമായ സിപിഎം നേതൃത്വത്തിനെതിരെ സൈബർ വെട്ടുകിളികള്‍ നേതൃത്വത്തിനെതിരെ ആഞ്ഞു കൊത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്..

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വമ്ബൻ തോല്‍വിയെ തുടർന്ന് സോഷ്യല്‍ മീഡിയയില്‍ ചേരിതിരിഞ്ഞ് പോരാടുകയാണ് സിപിഎമ്മും അവരുടെ ചെങ്കൊടിയുടെ തണലില്‍ അറിയപ്പെടുന്ന സൈബർ സംഘങ്ങളും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎം നേതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞ പോരാളി ഷാജിയുള്‍പ്പെടെ ഗ്രൂപ്പുകളാണ് സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി നവമാധ്യമങ്ങളില്‍രംഗത്തുവന്നത്. ഇതോടെ ഇതുവരെയില്ലാത്ത ശക്തമായ വെല്ലുവിളിയാണ് സിപിഎം സോഷ്യല്‍ മീഡിയയില്‍ നേരിടുന്നത്. കഴിഞ്ഞ ദിവസം പരസ്യമായി ഇടതു സാമൂഹിക മാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ സിപിഎം നേതാവ് എം വി ജയരാജനെതിരെ ചുട്ട മറുപടിയുമായാണ് ‘പോരാളി ഷാജി’ ഫേസ്‌ബുക്ക് പേജില്‍ തിരിച്ചടിച്ചത്.

തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം അധികാരത്തിന്റെ സുഖസൗകര്യങ്ങളില്‍ മതിമറന്ന് ജനങ്ങളെ പിഴിഞ്ഞ് ഭരിച്ച സർക്കാരിനു തന്നെയാണെന്നാണ് ‘പോരാളി ഷാജി’യുടെ ഫേസ്‌ബുക്ക് കുറിപ്പ്. അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്കല്ല കയറേണ്ടതെന്ന തലക്കെട്ടോടെയാണ് കുറിപ്പ്. ഇട്ടിരിക്കുന്നത്.

‘പോരാളി ഷാജി’ ഉള്‍പ്പെടെയുള്ള ഇടതു സാമൂഹിക മാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം വി ജയരാജൻ രംഗത്തുവന്നതിനു പിന്നാലെയാണ് മറുപടിയുമായി ഫേസ്‌ബുക്ക് കുറിപ്പ്. പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ തുടങ്ങിയ ഇടതുപക്ഷമെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന സാമൂഹിക മാധ്യമങ്ങള്‍ വിലയ്ക്ക് വാങ്ങിയതാണെന്നും യുവാക്കള്‍ ഇത് മാത്രം നോക്കിയിരുന്നതിന്റെ ദുരന്തമാണ് പാർട്ടി തെരഞ്ഞെടുപ്പില്‍ നേരിട്ടതെന്നും ജയരാജൻ കണ്ണൂരില്‍ പറഞ്ഞിരുന്നു.

ഇതിനാണ് ഫേസ്‌ബുക്ക് പേജില്‍ ജയരാജന് മറുപടിയുമായി ‘പോരാളി ഷാജി’യെത്തിയത്. സിപിഐഎം പ്രതിരോധത്തിലാകുന്ന സാഹചര്യങ്ങളിലെല്ലാം പോരാളി ഷാജിയില്‍ നിന്ന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഇത്തരം ഗ്രൂപ്പുകള്‍ പാർട്ടിക്കെതിരെ പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്. വരും ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ സിപിഎമ്മും അവർ എതിരാളികളെ താറടിക്കാനും ഭീഷണിപ്പെടുത്താനും ബോധ പൂർവ്വം വളർത്തിയ സൈബർ വെട്ടുകിളികളും തമ്മിലുള്ള യുദ്ധമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

സിപിഎം പ്രവർത്തകരും അനുഭാവികളുമാണ് പോരാളി ഷാജിയുടെ ഫോളോവേഴ്‌സ് പാർട്ടി വിലക്കിയതു കാരണം പലരും ഇപ്പോള്‍ പേജില്‍ നിന്ന് പിൻവലിയാൻ തുടങ്ങിയിട്ടുണ്ട്. ഈ കാരണത്താലാണ് പാർട്ടിക്കെതിരെ പരസ്യ വിമർശനവുമായി പോരാളി ഷാജി രംഗത്തുവന്നിരിക്കുന്നത്. നേരത്തെ സോഷ്യല്‍ മീഡിയയില്‍ പാർട്ടി പ്രവർത്തകരായ ഫോളോവേഴ്‌സ് കൂടുതലുള്ള പി.ജെ ആർമിയെ കണ്ണൂരിലെ പാർട്ടി നേതൃത്വം ഒതുക്കിയിരുന്നു.

പാർട്ടി നിർദ്ദേശപ്രകാരം പി. ജയരാജൻ പരസ്യമായി തള്ളി പറഞ്ഞതോടെയാണ് ഇവർ പത്തി താഴ്‌ത്തി മാളത്തില്‍ ഒളിച്ചത്. സിപിഎം സൈബർ പോരാളികളായി അറിയപ്പെട്ടിരുന്ന ആകാശ് തില്ലങ്കേരിയെയും അർജുൻ ആയങ്കിയെയും പൊലിസിന്റെ ഉരുക്കു മുഷ്ടി കൊണ്ടാണ് സിപിഎം ഒതുക്കിയത്. ഗുണ്ടാനിയമമായ കാപ്പ ഉള്‍പ്പെടെ ഇവർക്കെതിരെ പ്രയോഗിക്കപ്പെട്ടു. അതിനു ശേഷമാണ് മറ്റൊരു തലവേദനയായി പോരാളി ഷാജി മാറിയിരിക്കുന്നത്.

പോരാളി ഷാജിയുടെ വിവാദമായ ഫേസ്‌ബുക്ക് കുറിപ്പ്

അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്ക് അല്ല കയറേണ്ടത്. ഇത്രയും വലിയ തോല്‍വിയിലേക്ക് ഇടതുപക്ഷം പോകാനുള്ള കാരണം പോരാളി ഷാജിയോ, ഗ്രൂപ്പോ അല്ല. അധികാരത്തിന്റെ സുഖസൗകര്യങ്ങളില്‍ ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചതാണ്. കേരളം കടം കയറി മുടിഞ്ഞതും, ആരോപണങ്ങളും ജനം ചർച്ച ചെയ്യുമ്ബോള്‍. ഭരണ തുടർച്ചയുടെ ഓബ്രോ വിളികളില്‍. ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്ന പഞ്ച് ഡയലോഗ് പറഞ്ഞാലൊന്നും ജനം വോട്ട് ചെയ്യില്ല സേർ… ജനം എല്ലാം കണ്ടു അതാണ് 19 ഇടത്തും എട്ടുനിലയില്‍ പൊട്ടിയത്.

ജനാധിപത്യത്തില്‍ ജനങ്ങളാണ് വലുതെന്ന് നേതാക്കള്‍ ഇനിയെങ്കിലും തിരിച്ചറിയണം. ദന്തഗോപുരങ്ങളില്‍ നിന്ന് താഴെയിറങ്ങി ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം. അതിന് പറ്റില്ലെങ്കില്‍ ചോര കൊണ്ട് ചുവപ്പിച്ച ഈ ചെങ്കൊടി താഴെ വച്ച്‌ വല്ലോ പണിയുമെടുത്ത് ജീവിക്ക്…. ബംഗാളിലെ ഭരണ തുടർച്ച ആസ്വദിച്ച്‌ മണിമാളികളില്‍ സുഖവസിച്ച ഒരു കൂട്ടം നേതാക്കളുടെ ആ പഴയ കഥകളൊക്കെ ഇന്റർനെറ്റില്‍ ഇന്നും ലഭ്യമാണ്.

ഇംഗ്ലിഷ് അറിയാവുന്ന സഖാക്കള്‍ പഴയ സഖാക്കള്‍ക്ക് ഒന്ന് മൊഴിമാറ്റം നടത്തി നല്‍കണം. പഴയ കണ്‍സള്‍ട്ടൻസി കഥകളൊക്കെ അറിയുന്നത് നല്ലതാ. തോല്‍വിയുടെ കാരണങ്ങളില്‍ ചിലത് ഇവയാണ് അതിന്റ കാരണക്കാരും നിങ്ങളാണ്… 6 മാസം പെൻഷൻ മുടങ്ങി അതുകൊടുക്കാനായില്ല. പെൻഷൻ നല്‍കാൻ ഇന്ധനവിലയില്‍ ഏർപെടുത്തിയ സെസ് എവിടെ..?

പെൻഷൻ ജനങ്ങളുടെ അവകാശമാണെന്ന് തുടർ ഭരണത്തിന് വേണ്ടി പറഞ്ഞു, പിന്നെയത് കോടതിയില്‍ മാറ്റി പറഞ്ഞു. ഇത് ജനം വിലയിരുത്തും തിരിച്ചടിയാകുമെന്ന് മനസിലാക്കാനുള്ള കഴിവ് നിങ്ങള്‍ക്ക് ഇല്ലാതായോ..? വില കുറവില്‍ സാധനങ്ങള്‍ വാങ്ങാൻ സാധാരണക്കാർ ആശ്രയിക്കുന്ന സപ്ലൈകോയില്‍ സാധനങ്ങള്‍ ഉണ്ടോ..? ഇല്ല. ആരെങ്കിലും വില കുറച്ചു നല്‍കാൻ ഉണ്ടെങ്കിലെ വില കുറയൂ എന്ന ബേസിക് തിയറി പോലും മറന്ന് കേരളത്തെ വിലക്കയറ്റത്തിലേക്ക് തള്ളി വീട്ടു.

പെൻഷൻ വാങ്ങുന്നവനും, സപ്ലൈകോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവനുമാണ് നമ്മുടെ വോട്ടേഴ്സ് എന്ന് എന്തുകൊണ്ട് നിങ്ങള്‍ക്ക് മനസിലായില്ല..? ഉത്തരം പറയണം. ഭരണം ലഭിച്ചത് മുതല്‍ ഘട്ടം ഘട്ടമായി ഉയർത്തേണ്ട കെട്ടിട പെർമ്മിറ്റ് ഫീസ് കുത്തനെ കൂട്ടി സാധാരണക്കാരുടെ വീട് പണി പോലും തടസപ്പെടുത്തി. അത് വഴി നിർമ്മാണ മേഖല തകർന്ന് നിർമ്മാണ തൊഴിലാളികള്‍ക്ക് പണിയില്ലാതായി. ആര അതിന് ഉത്തരവാദി..? നിർമ്മാണ മേഖല തകർന്നാല്‍ എല്ലാം തകരും.. വീട് വെക്കുന്നവൻ പഞ്ചായത്തില്‍ കെട്ടേണ്ട പെർമ്മിറ്റ് ഫീ 15 ഇരട്ടി വർദ്ധിപ്പിച്ചത്…

ഒരു വർഷം മുമ്ബ് വരെ 1400 കെട്ടേണ്ടവൻ ഇന്ന് കെട്ടേണ്ടത് പഞ്ചായത്തില്‍ 20000 ഉം കോർപ്പറേഷനില്‍ 30000 ഉം ആണ്. അത് പോലെ തന്നെ കരണ്ട് ബില്ലും ഉയർത്തി ഇതൊക്കെ തിരിച്ചടി ആകുമെന്ന് മനസിലാക്കാൻ സിപിഎമ്മിന് സാധിക്കാത്തത. PSC റാങ്ക് പട്ടികയിലുള്‍പ്പെട്ട SFIക്കാർ അടക്കമുള്ള വിദ്യാർത്ഥികള്‍ തിരുവനന്തപുരത്ത് 60 ദിവസം സമരം നടത്തിയപ്പോള്‍ പതിനായിരക്കണിന് യുവാക്കളാണ് പിന്തുണ അറിയിച്ച്‌ എത്തിയത്. ആ സമരത്തോട് CPIM സ്വീകരിച്ച സമീപനം എന്ത..? അവരെ ചർച്ചയ്ക്ക് ക്ഷണിച്ച്‌ പരിഹസിച്ചു വിടുകയാണ് സർക്കാർ പ്രതിനിധികള്‍ ചെയ്തത്.

DYFI നേതാവ് വസീഫ് അവരോട് പറഞ്ഞത് എന്ത..? ഒഴിവ് ഉണ്ടായിട്ടും 11000 വിദ്യാർത്ഥികളില്‍ കുറച്ചു പേർക്കെങ്കിലും നിയമനം നല്‍കി ആ പ്രശ്നം തീർക്കാമായിരുന്നു. എന്നിട്ട് തീർത്തോ.? കേവലം ഒരു വർഷം കാലാവധിയുള്ള റാങ്ക് ലിറ്റ് വൈകി പ്രസിദ്ധീകരിക്കുയും, മികച്ച മാർക്കുള്ള വിദ്യാർത്ഥികളെ വർഷങ്ങള്‍ ആശ നല്‍കി പറ്റിക്കുകയുമാണ് സർക്കാർ ചെയ്തത്. എന്നിട്ട് ഞങ്ങളാണ് ഏറ്റവും കൂടുതല്‍ നിയമനം നടത്തിയതെന്ന ക്യാപ്സ്യൂളുമായി ദേശാഭിമാനില്‍ രണ്ട് കോളം വാർത്ത നല്‍കിയാലൊന്നും യുവാക്കാള്‍ വോട്ട് തരില്ല എന്ന് മനസിലാക്കാൻ ആയില്ല..?

നവകേരള സദസിന്റെ ഘട്ടത്തിലുണ്ടായ പ്രതിഷേധത്തെ പൊലീസ് നേരിട്ട രീതിയും, സമരക്കാരെ കായികമായി നേരിട്ട DYFI യെ രക്ഷാപ്രവർത്തകരാക്കി അവതരിപ്പിച്ചതും ജനങ്ങള്‍ക്ക് ദഹിക്കുന്നതായിരുന്നില്ല. സെക്യൂരിറ്റി അംഗങ്ങളും പാർട്ടി പ്രവർത്തകരും തെരുവിലിറങ്ങി തല്ലിയതും സർക്കാരിനെതിരേയുള്ള ജനവികാരമായി മാറുമെന്ന് എന്തുകൊണ്ട് നിങ്ങള്‍ക്ക് മനസിലാക്കാൻ ആയില്ല CPIM ബുദ്ധി ജീവികളെ…? ജനത്തിന്റെ പരാതി പരിഹരിക്കാനെന്ന പേരും പറഞ്ഞ് പൗരപ്രമുഖർക്ക് 5 സ്റ്റാർ ഭക്ഷണവും നല്‍കി, ബെൻസ് ബസില്‍ ജനത്തെ പൂശ്ചിച്ച്‌ അവരെ കാണാതെ മന്ത്രിമാർ നടത്തിയ ‘നവകേരള യാത്ര’ തിരിച്ചടി ഉണ്ടാക്കുമെന്ന് ഏത് ബുദ്ധി കുറഞ്ഞ ആള്‍ക്കും മനസിലാക്കാം.

എന്തുകൊണ്ട് നിങ്ങള്‍ക്ക് അത് മനസ്സിലാക്കാൻ ആയില്ല..? ഇത്ര ബുദ്ധി ശൂന്യർ ആണോ സിപിഎമ്മില്‍..? കർഷകർക്ക് വേണ്ട ആനുകൂല്യങ്ങള്‍ നല്‍കാത്തത്തും, കാട്ടുമ്യഗങ്ങള്‍ കർഷകന്റെ വിളകള്‍ നശിപ്പിച്ചപ്പോള്‍ സർക്കാർ നോക്കുകുത്തിയായതും എന്തുകൊണ്ടാണ്..? മലയോര മേഖലകളില്‍ ഇത് തിരിച്ചടി ഉണ്ടാക്കുമെന്ന് മനസിലാക്കാൻ എന്തുകൊണ്ട് നിങ്ങള്‍ക്ക് സാധിച്ചില്ല..? കേരളത്തില്‍ കൃഷി ഇല്ലെങ്കില്‍ തമിഴ്‌നാട്ടില്‍ നിന്ന് സാധനങ്ങള്‍ വരുമെന്നും, വിദ്യാസമ്ബന്നരായ വിദ്യാർത്ഥികളോട് മീൻ വിറ്റോ പോലുള്ള പരാമർശങ്ങള്‍ ഒരു മന്ത്രി നടത്തിയപ്പോള്‍ സിപിഎം എന്തുകൊണ്ട് തള്ളി പറഞ്ഞില്ല…?

സമ്മേളനം, സ്മാരക പണി, നവകേരള യാത്ര, ഇലക്ഷൻ പിരിവ് അത് ഇത് എന്നും പറഞ്ഞു തൊട്ടതിനും പിടിച്ചതിനുമെല്ലാം വ്യാപാരികളില്‍ നിന്നും ജനത്തില്‍ നിന്നും ഫണ്ട് പിരിക്കാൻ ലോക്കല്‍ നേതാക്കള്‍ ഇറങ്ങുന്ന രീതി ജനത്തിന് ഇഷ്ടമല്ല. ഇത്തരം പരിപാടികള്‍ ഇനിയെങ്കിലും നിർത്തണം..? നിങ്ങള് സമ്മേളനം നടത്തുന്നതിന് സാധാര മനുഷ്യർ എന്തിന് പിരിവ് നല്‍കണം..?

പ്രദേശിക തലത്തിലും സംസ്ഥാന തലത്തിലുമുള്ള നേതാക്കളുടെ മസിലുപിടുത്തം, ധാർഷ്ട്യം, പ്രത്യേക യേക്ഷൻ ഒന്നും ജനത്തിന് ഇഷ്ടമല്ല, ജനത്തെ മൈന്റ് ചെയ്താല്‍ മാത്രമേ ജനം മൈന്റ് ചെയ്യു എന്ന് നേതാക്കള്‍ ഓർക്കണം. ജനങ്ങളുമായി ഇടപെടാൻ മടിയും മിണ്ടാൻ ബുദ്ധിമുട്ടുള്ള പ്രദേശിക നേതാക്കളെ പാർട്ടിയില്‍ നിന്ന് ഒഴിവാക്കണം. ഇവരുടെ ഇത്തരം സമീപനങ്ങള്‍ പാർട്ടിയില്‍ നിന്ന് ജനത്തെ അകറ്റും ജനത്തിനും, അണികള്‍ക്കും ഇഷ്ടമുള്ള നേതാക്കളെ ഗ്രൂപ്പിസം കളിച്ച്‌ നാട് കടത്തുന്ന രീതി ഇനിയെങ്കിലും നിർത്തണം. അതിന്റെ ആഘാതം എത്ര വലുതായിരിക്കുമെന്ന് പാർട്ടി കോട്ടകള്‍ പോലും തെളിയിച്ചു.

കരുവന്നൂർ അടക്കമുള്ള സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ നടത്തിയത് വഴി ജനങ്ങളുടെ ഇടയില്‍ അവമതിപ്പ് ഉണ്ടാക്കി. സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയെ അത് ബാധിച്ചു.സംസ്ഥാനത്ത് സംരംഭങ്ങള്‍ കൊണ്ട് വരുന്നതില്‍ സർക്കാരിന് വീഴ്ച സംഭവിച്ചു. കേരളം എന്ന് കേട്ടാല്‍ സംരംഭകർ കണ്ടം വഴി ഓടുന്ന അവസ്ഥയാണ് ഇന്നും. കാലത്തിന് ഒത്ത മാറ്റം കൊണ്ട് വരാൻ വൈകിയത് മൂലം വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലവാര തകർച്ച ഉണ്ടായി. അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന പരീക്ഷകളില്‍ സർക്കാർ സ്‌കുളില്‍ പഠിക്കുന്ന എത്ര വിദ്യാർത്ഥികള്‍ വിജയിക്കുന്നുണ്ട്..?

കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ഒരു വിദ്യാർത്ഥിക്ക് തെറ്റ് കൂടാതെ രണ്ട് പാരഗ്രാഫ് ഇംഗ്ലീഷില്‍ എഴുതാനാറിയാമോ..? പ്രസംഗിക്കാൻ അറിയാമോ..? ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി ഇറങ്ങുന്ന വിദ്യാർത്ഥികള്‍ക്ക് മികച്ച ശമ്ബളത്തില്‍ ജോലി പോലും കേരളത്തില്‍ കിട്ടാനില്ല. കർണാടകയിലും തമിഴ്‌നാട്ടിലും തെലുങ്കാനയിലും പോയി ജോലി ചെയ്യേണ്ട അവസ്ഥയാണ് മലയാളികള്‍ക്ക്. അതിനൊരു മാറ്റമുണ്ടാക്കാൻ നിങ്ങള്‍ക്ക് സാധിച്ചോ..? പിന്നെ പഴയ വീട് അളക്കല്‍ പരിപാട് ഷീറ്റ് ഇട്ടാലും, കുറച്ച്‌ കൂട്ടി എടുത്താലും പണി ഇതൊക്കെ വോട്ട് ചെയ്യുന്നവർ മറക്കുമോ? ഇത്തരം കാര്യങ്ങള്‍ ഒന്നും ശ്രദ്ധിക്കാതെ ഇടത് ഉണ്ടെങ്കിലെ ഇന്ത്യയൊള്ളു എന്ന പഞ്ച് ഡയലോഗ് പറഞ്ഞാലൊന്നും ജനം വോട്ട് ചെയ്യില്ല. അതോടൊപ്പം കേരളത്തിലെ 80 ശതമാനം ജനങ്ങളും കൈരളിയും ദേശാഭിമാനിയുമല്ല കാണുന്നതെന്നും നേതാക്കള്‍ തിരിച്ചറിയണം.