
പ്രവര്‍ത്തനം നടത്തിയിരുന്നത് കള്‍ച്ചറല്‍ സംഘം എന്ന പേരിൽ; ഓഫീസുകളിൽ കായിക പരിശീലനവും; ഈരാറ്റുപേട്ടയിലും കുമ്മനത്തുമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ പൂട്ടി സീല്‍ ചെയ്തു
സ്വന്തം ലേഖിക
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലും കുമ്മനത്തുമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ പോലീസ് പൂട്ടി സീല്‍ ചെയ്തു.
ഇന്നലെ വൈകുന്നേരത്തോടെയാണ് പോലീസെത്തി ഓഫീസുകള്‍ പൂട്ടി സീല്‍ ചെയ്തത്.
ഈരാറ്റുപേട്ട നഗരസഭയിലെ തടവനാല്‍ ഡിവിഷനില്‍ സ്ലോട്ടര്‍ ഹൗസിനു സമീപമുള്ള പീസ് വാലി കള്‍ച്ചറല്‍ സെന്റര്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ച ഓഫീസാണ് പാലാ ഡിവൈഎസ്പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നോട്ടീസ് പതിച്ച് പൂട്ടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

15 വര്‍ഷം മുന്‍പ് പോപ്പുലര്‍ ഫ്രണ്ട് സ്വന്തമായിട്ട് വാങ്ങിയ സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. കള്‍ച്ചറല്‍ സംഘം എന്ന പേരിലാണ് ഇവിടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം നടത്തിയിരുന്നത്. എന്നാല്‍ സംഘടനയുടെ എല്ലാ കമ്മിറ്റികളും ഇവിടെയാണ് നടന്നിരുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ യുഎപിഎ നിയമപ്രകാരമാണ് പോലീസ് ഓഫീസില്‍ നോട്ടീസ് പതിപ്പിച്ചത്.
നിലവില്‍ ഇവിടെ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓഫീസ് പൂട്ടുന്നത് അടക്കമുള്ള നടപടികള്‍ റവന്യൂ വകുപ്പ് സ്വീകരിക്കും.
പാലാ ഡിവൈഎസ്പി ഗിരീഷ് പി സാരഥി, ഈരാറ്റുപേട്ട എസ്എച്ച്ഒ ബാബു സെബാസ്റ്റ്യന്‍, എസ്ഐമാരായ വി.വി. വിഷ്ണു, എം. സുജിലേഷ്, വര്‍ഗീസ് കുരുവിള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഓഫീസ് പൂട്ടിയത്.
കുമ്മനം കളപ്പുരക്കടവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഓഫീസ് കെട്ടിടവും പോലീസ് പൂട്ടി സീല്‍ ചെയ്തത്. ഇവിടെ കായിക പരിശീലനവും കൂടിച്ചേരലുകളും ചര്‍ച്ചകളും നടത്തി വരുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ജില്ലാ പോലീസ് ചീഫിന്റെ നോട്ടീസിനെത്തുടര്‍ന്ന് ഇന്നലെ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.