Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം; പിടിച്ചെടുത്ത കായല്‍മീന്‍ രഹസ്യമായി വില്‍പ്പന നടത്തുകയും ബാക്കി വന്ന മീന്‍ വീട്ടില്‍ കൊണ്ടുപോകുകയും ചെയ്ത സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. മംഗലപുരം സ്റ്റേഷനിലെ മൂന്ന് എ.എസ്.ഐമാരെയാണ് നെയ്യാറ്റിന്‍കര പുളിങ്കുടിയിലെ എ.ആര്‍ ക്യാമ്പിലേക്ക് മാറ്റിയത്.

നാട്ടുകാര്‍ വലവീശിപ്പിടിച്ച കായല്‍മീന്‍ പൊലീസുകാര്‍ പിടിച്ചെടുത്ത് വില്‍പ്പന നടത്തുകയും ബാക്കി വീട്ടിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. സംഭവം വാര്‍ത്തയായതിന് പിന്നാലെയാണ് നടപടി. പൊലീസ് സേനയ്ക്ക് തന്നെ അപമാനമുണ്ടാക്കുന്ന സംഭവം പുറത്തറിഞ്ഞതോടെ ഡി.ജി.പി ഉള്‍പ്പെടെ വിഷയത്തില്‍ വിശദീകരണം തേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്നായിരുന്നു റൂറല്‍ എസ്.പിയുടെ നിര്‍ദേശ പ്രകാരം അന്വേഷണം ആരംഭിച്ചത്. അതിനിടെ സംഭവത്തില്‍ ഉള്‍പ്പെട്ട എസ്.ഐയെ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒഴിവാക്കിയെന്നും ആരോപണമുണ്ട്.

തീരദേശത്തുള്ള ചിലര്‍ കഠിനംകുളം കായലില്‍ നിന്ന് വലവീശിപ്പിടിക്കുന്ന കരിമീന്‍, തിലോപ്പിയ, വരാല്‍ തുടങ്ങിയ മീനുകള്‍ മുരുക്കുംപുഴ കടവില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. ജീപ്പില്‍ കൊണ്ടുപോയ മീന്‍ പിന്നീട് ഇടനിലക്കാര്‍ വഴി വില്‍പ്പന നടത്തിയെന്നും വീട്ടിലേക്ക് കൊണ്ടുപോയെന്നുമാണ് ആരോപണം. ഒരു എസ്.ഐ, എ.എസ്.ഐമാര്‍, ചില സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരായിരുന്നു ആരോപണത്തില്‍ ഉള്‍പ്പെട്ടത്.

സംഭവം വിവാദമായതോടെ അന്വേഷണത്തിനായി ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി വി.എസ് ദിനരാജിന് അന്വേഷണ ചുമതല നല്‍കി. തുടര്‍ന്ന് ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ടിലാണ് നടപടി.