play-sharp-fill
പ്ലസ് വണ്‍ പ്രവേശനം; സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിന് ഇന്നു മുതല്‍ അപേക്ഷിക്കാം

പ്ലസ് വണ്‍ പ്രവേശനം; സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിന് ഇന്നു മുതല്‍ അപേക്ഷിക്കാം

സ്വന്തം ലേഖിക

തിരുവനന്തപുരം: പ്ലസ് വണ്‍ സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിന് ഇന്നു രാവിലെ പത്തുമണി മുതല്‍ അപേക്ഷിക്കാം.

മുഖ്യ അലോട്ട്‌മെൻ്റില്‍ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിന് അപേക്ഷിക്കാം. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിവരെ പുതുക്കല്‍, പുതിയ അപേക്ഷാഫോറം എന്നിവ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടത് കൊണ്ട് അലോട്ട്‌മെൻ്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്കും സപ്ലിമെൻ്ററി അലോട്ട്‌മെൻ്റില്‍ അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്.

നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കും മുഖ്യഘട്ടത്തില്‍ അലോട്ട്‌മെൻ്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ക്കും ഈ ഘട്ടത്തില്‍ വീണ്ടും അപേക്ഷിക്കാന്‍ സാധിക്കില്ല.

വേക്കന്‍സിയും മറ്റു വിശദാംശങ്ങളും www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലെ click for higher secondary admission എന്ന ലിങ്കിലൂടെ പ്രവേശിക്കുമ്പോള്‍ കാണുന്ന ഹയര്‍സെക്കന്‍ഡറി അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഹെല്‍പ്‌ഡെസ്‌കുകളിലൂടെ ദൂരീകരിക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഒരുക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു.