
പനച്ചിക്കാട്ട് ഇനി അപേക്ഷിക്കുന്നു വേണ്ട! കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനങ്ങളിൽ മാതൃകയാക്കാവുന്ന പ്രഖ്യാപനവുമായി പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി
സ്വന്തം ലേഖകൻ
പനച്ചിക്കാട് : ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾക്കായി പഞ്ചായത്താഫീസുമായി കത്തിടപാടുകൾ നടത്തുമ്പോൾ ഇനി മുതൽ ‘അപേക്ഷിക്കുന്നു’ എന്ന വാക്ക് ഒഴിവാക്കി താൽപ്പര്യപ്പെടുന്നു എന്നു ചേർക്കണം എന്നതാണ് ഭരണ സമിതിയുടെ പ്രഖ്യാപനം.
ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഭരണ സമിതിക്കു വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ ഈ പ്രഖ്യാപനം നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വാന്തന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ ജനങ്ങൾക്കാണ് പരമാധികാരം എന്ന ജനാധിപത്യ മൂല്യം ഉയർത്തിപ്പിടിച്ചാണ് പഞ്ചായത്ത് ഭരണ സമിതി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വൈസ് പ്രസിഡന്റ് റോയി മാത്യു പറഞ്ഞു.
സർക്കാർ ജീവനക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധത്തിൽ പതിറ്റാണ്ടുകളായി തുടരുന്ന രീതിയിൽ വലിയൊരു പൊളിച്ചെഴുത്തിന്റെ തുടക്കത്തിനു വേദിയാകുകയാണ് പനച്ചിക്കാട് പഞ്ചായത്തെന്നും അദ്ദേഹം പറഞ്ഞു.
ജനകീയാസൂത്രണത്തിനു തുടക്കമിട്ട 1995 മുതൽ പഞ്ചായത്ത് ഭരണ സമിതികൾക്ക് നേതൃത്വം നൽകിയ ശാലിനി തോമസ് ,പികെമോഹനൻ, ഐക്ക് മാണി , ജെസ്സി ചാക്കോ , ഗിരിജാ തുളസീധരൻ, ജീനാ ജേക്കബ്, ഇ ആർ സുനിൽ കുമാർ എന്നീ ഏഴ് പ്രസിഡന്റുമാരെയും തുടർച്ചയായി അഞ്ച് തവണ വിവിധഭരണ സമിതികളിൽ അംഗമായ നിലവിലെ വൈസ് പ്രസിഡന്റ് റോയി മാത്യുവിനെയും പൊന്നാട അണിയിച്ചും മെമന്റോ നൽകിയും യോഗത്തിൽ ആദരിച്ചു.
കുഴിമറ്റം പള്ളിക്കടവിൽ ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി സ്മാരകമായി ഒരു പാർക്ക് നിർമിക്കുന്നതിനും പഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നത്തിന് ‘നിർമലം പനച്ചിക്കാട് ‘ എന്ന പദ്ധതിയും യോഗത്തിൽ പ്രഖ്യാപിച്ചു.
വൈസ് പ്രസിഡന്റ് റോയി മാത്യു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ , സ്ഥിരം സമിതി അദ്ധ്യക്ഷ പ്രിയാ മധുസൂദനൻ , പഞ്ചായത്തംഗങ്ങളായ ജയൻ കല്ലുങ്കൽ, സുനിൽ ചാക്കോ , ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എബിസൺ കെ എബ്രഹാം , പഞ്ചായത്ത് സെക്രട്ടറി അരുൺകുമാർ എൻ തുടങ്ങിയവർ പ്രസംഗിച്ചു. സൂപ്രണ്ട് ബിന്ദുമോൻ വി ആർ റിപ്പോർട്ട് അവതരിപ്പിച്ചു. അപേക്ഷിക്കുക എന്നത് ഒരർത്ഥത്തിൽ യാചിക്കുക എന്നാണെന്നും ലഭിക്കേണ്ട അവകാശങ്ങൾക്കായി ജനങ്ങൾ യാചിക്കേണ്ടതില്ലെന്ന കാഴ്ചപ്പാടാണ് ഈ പ്രഖ്യാപനത്തിനു പിന്നിലെന്നും റോയി മാത്യു പറഞ്ഞു.