Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് വൻ അഴിമതിയും കോർപ്പറേറ്റ് കൊള്ളയുമാണ് നടക്കുന്നതെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

video
play-sharp-fill

ബക്കാർഡി എന്ന കുത്തക മദ്യക്കമ്പനിയെ സഹായിക്കാൻ വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തിൽ ഗൂഢനീക്കങ്ങൾ നടന്നെന്ന മാധ്യമവാർത്തകൾ ഉദ്ധരിച്ചാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സർക്കാരിനെതിരെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചത്.

യുഡിഎഫ് സർക്കാർ അധികാരമേറ്റെടുത്ത് ഒരു മാസം തികയും മുൻപേ അഴിമതിയുടെ ദുരൂഹതകൾ സർക്കാരിനെ വലയം ചെയ്തുവെന്ന് പിണറായി വിജയൻ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251 ശതമാനത്തിൽ നിന്ന് 120 ശതമാനമായി ഒറ്റയടിക്ക് വെട്ടിക്കുറയ്ക്കാൻ ചരടുവലികൾ നടന്നത് മാധ്യമങ്ങൾ തെളിവുസഹിതം പുറത്തുവിട്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അധികാരമേറ്റെടുത്ത് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ വകുപ്പ് മന്ത്രിയോ കോൺഗ്രസ് നേതൃത്വമോ പോലും അറിയാതെ ശരവേഗത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിനായുള്ള നീക്കങ്ങൾ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

തിരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ നിന്ന് ഒഴുകിയെത്തിയ കോടികളുടെ കള്ളപ്പണത്തിനുള്ള പ്രത്യുപകാരമായാണ് യുഡിഎഫ് ഇപ്പോൾ സംസ്ഥാന ഭരണത്തെ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

നിയമസഭയിൽ ചർച്ചയ്ക്ക് പോലും തയ്യാറാകാതെ പലതും മറയ്ക്കാനുള്ള വ്യഗ്രതയിലാണ് മുഖ്യമന്ത്രിയും സർക്കാരും. ഇതുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസംഗം സഭാരേഖകളിൽ നിന്നും സഭാ ടിവിയിൽ നിന്നും നീക്കം ചെയ്യാൻ മുഖ്യമന്ത്രി തന്നെ ആവശ്യപ്പെട്ടത് ആ പരിഭ്രമം വ്യക്തമാക്കുന്നതാണെന്നും പിണറായി വിജയൻ കുറിച്ചു.

പ്രസംഗം സഭാരേഖകളിൽ നിന്ന് നീക്കിയത് കൊണ്ട് മാത്രം ഈ വിഷയം കേരളത്തിലെ പൊതുസമൂഹം ഏറ്റെടുക്കുന്നത് തടയാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

നാടിനെ കുത്തകകൾക്ക് തീറെഴുതുന്നതും മദ്യത്തിൽ മുക്കുന്നതുമായ സർക്കാർ അഴിമതിക്കെതിരെ എൽഡിഎഫിനൊപ്പം ജനങ്ങൾ അണിചേരുമെന്നും, അന്യായമായ നടപടി തിരുത്തിക്കാൻ നാടൊന്നാകെ ശബ്ദമുയർത്തുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു