
കൊച്ചി: താര സംഘടനയായ ‘അമ്മ’യില്‍ ഉടലെടുത്ത ഭരണപ്രതിസന്ധിക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് കൂട്ടരാജി നടന്നത്. പ്രസിഡന്റ് ശ്വേത മേനോനും ഭരണസമിതിയിലെ മറ്റ് 17 അംഗങ്ങളും കൂട്ടത്തോടെ രാജിവയ്ക്കുകയായിരുന്നു.
സംഘടനയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനൊപ്പം ‘അമ്മ’യുടെ പ്രാഥമിക അംഗത്വവും ശ്വേത മേനോൻ ഉപേക്ഷിച്ചു. അമ്മ’യുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റായിരുന്നു ശ്വേത.
ഇപ്പോഴിതാ സംഘടന നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്ക് കാരണം നടൻ മോഹൻലാലിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുൻ ഭരണസമിതിയാണെന്ന് നടി വാർത്താ സമ്മേളനത്തില്‍ ആരോപിച്ചിരിക്കുകയാണ്. മുൻ കമ്മിറ്റിയുടെ കണക്കുകള്‍ പൂർണമായും തെറ്റായിരുന്നുവെന്നും കോടിക്കണക്കിന് രൂപ ബാങ്ക് വഴിയല്ലാതെ കൈപ്പണമായി കൈകാര്യം ചെയ്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നും ശ്വേത കുറ്റപ്പെടുത്തി. താൻ ആരുടെയും കളിപ്പാവയാകാൻ ഉദ്ദേശിക്കുന്നില്ലെന്നും ശ്വേതാ മേനോൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘മുൻ കമ്മിറ്റിയിലുണ്ടായിരുന്നവർ വരുത്തിവച്ച വിനകളാണ് ഞങ്ങള്‍ തുറന്നുകാട്ടിയത്. ട്രഷറർ ഇല്ലാത്ത അവസ്ഥയിലായിരുന്നു ഞങ്ങളുടെ കമ്മിറ്റി. എങ്കിലും സെപ്തംബർ ഒന്ന് മുതലുള്ള എല്ലാ കണക്കുകളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് മുൻപുള്ള കണക്കുകളിലാണ് ക്രമക്കേടുള്ളത്. ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞതില്‍ ഇപ്പോള്‍ ആശ്വാസമുണ്ട്. കമ്മിറ്റിയിലെ ചിലരൊഴികെ ഭൂരിഭാഗം സഹപ്രവർത്തകരോടും എനിക്ക് സഹതാപമുണ്ട്’.- ശ്വേതാ മേനോൻ പറഞ്ഞു.
ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വരവ്‌ചെലവ് കണക്കുകളെച്ചൊല്ലി യോഗത്തില്‍ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാഗ്വാദമുണ്ടാവുകയും നേതൃത്വത്തിനെതിരെ അവിശ്വാസ പ്രമേയത്തിന് ഒരു വിഭാഗം നോട്ടീസ് നല്‍കുകയും ചെയ്തതോടെയാണ് ശ്വേതയും സംഘവും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ 2024ല്‍ മോഹൻലാല്‍ കമ്മിറ്റി രാജിവച്ചതിനെ തുടർന്നാണ് 2025 ഓഗസ്റ്റില്‍ ചരിത്രത്തിലാദ്യമായി വനിതാ നേതൃത്വത്തില്‍ പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്നത്. എന്നാല്‍ തുടക്കം മുതല്‍ കടുത്ത ആഭ്യന്തര തർക്കങ്ങളാണ് കമ്മിറ്റിയില്‍ നിലനിന്നിരുന്നത്.







