Spread the love

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന്റെ നിർണായക യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ട് കോൺഗ്രസ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ പരാമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് കഴിയില്ലെന്ന് രാഹുൽ ഗാന്ധി പ്രസംഗത്തിൽ വ്യക്തമാക്കി. അദ്ദേഹവുമായി താൻ രാഷ്ട്രീയ പോരാട്ടത്തിലാണെന്നും അത്തരമൊരു നിർദേശം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

video
play-sharp-fill

ഇന്ത്യ സഖ്യത്തിലെ കക്ഷികൾ പ്രാദേശിക രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ കൃത്യമായി മനസ്സിലാക്കി മുന്നോട്ടുപോകേണ്ടതുണ്ടെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. തൃണമൂൽ കോൺഗ്രസിൽ തനിക്ക് നിരവധി സുഹൃത്തുക്കളുണ്ടെങ്കിലും, തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന അവരുടെ വിലയിരുത്തൽ യാഥാർത്ഥ്യബോധമില്ലാത്തതാണെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് നിന്നാൽ ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കുമെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

ഇന്ത്യ സഖ്യത്തിലെ എല്ലാ കക്ഷികളെയും ഒരുമിച്ച് നിർത്തുന്നതിൽ കോൺഗ്രസിന് വലിയ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിന്റെ ആശയധാരയെ അടിസ്ഥാനപരമായി എതിർക്കുന്ന തനിക്ക് മുന്നണിക്കുള്ളിലെ പോരാട്ടങ്ങളിൽ താൽപര്യമില്ലെന്നും രാഹുൽ വ്യക്തമാക്കി. നിലവിലെ കേന്ദ്ര സർക്കാർ ദീർഘകാലം നിലനിൽക്കില്ലെന്നും പ്രതിപക്ഷ ഐക്യത്തെ തകർക്കാനുള്ള ശ്രമങ്ങളെ അതിജീവിച്ച് ഇന്ത്യ സഖ്യം മുന്നോട്ടുപോകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group