
തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശിയായ സൗരവ് (24) നെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റാ പേ എന്ന ലോണ്‍ ആപ്പിന്റെ ടെലികോളറായിരുന്ന സൗരവിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
നിതിന്‍ രാജിനെ പണം തിരിച്ചടയ്ക്കുന്നതിനായി ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഇന്‍സ്റ്റാ പേ ലോണ്‍ ആപ്പിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഓണ്‍ലൈന്‍ ലോണ്‍ മാഫിയ സംഘത്തില്‍നിന്ന് നിതിനും അധ്യാപികയായ ലതയ്ക്കും ലഭിച്ച ഭീഷണി സന്ദേശങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ലത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ കേസ് ചക്കരക്കല്‍ പൊലീസിന് കൈമാറിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.
ലോണ്‍ ആപ്പില്‍നിന്ന് അധ്യാപികയ്ക്ക് നിരന്തരം ഫോണ്‍ കോളുകള്‍ വന്നതിനെ തുടര്‍ന്ന് നിതിന്‍ രാജിനെ പ്രിന്‍സിപ്പലിന്റെ ചേംബറിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു നിതിന്റെ ആത്മഹത്യ. അതേസമയം, അമ്മയുടെ ചികിത്സാ ചെലവിനായാണ് നിതിന്‍ ഓണ്‍ലൈനായി വായ്പ എടുത്തതെന്നും തുക മുഴുവന്‍ തിരിച്ചടച്ചിരുന്നുവെന്നും നിതിന്റെ പിതാവ് രാജന്‍ നേരത്തെ പ്രതികരിച്ചിരുന്നു. അനാവശ്യ ചെലവുകള്‍ക്കായി പണം ഉപയോഗിക്കുന്ന സ്വഭാവക്കാരനല്ല നിതിനെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







