
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹി–കോഴിക്കോട് വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോകോൾ വിഭാഗത്തിന്റെ ഭാഗത്ത് ആശയവിനിമയത്തിലെ വീഴ്ച ഉണ്ടായെന്ന് കേരള ഹൗസ് അഡിഷണൽ റെസിഡന്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ് വ്യക്തമാക്കി. വിഷയം ഗൗരവമായി കാണുന്നുവെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു. അനുബന്ധ നടപടികൾ തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്നും വ്യക്തമാക്കി.
പ്രോട്ടോകോൾ ഓഫീസർ, കൺട്രോളർ, അഡിഷണൽ റെസിഡന്റ് കമ്മീഷണർ എന്നിവർ പങ്കെടുത്ത അവലോകന യോഗത്തിനുശേഷമാണ് അശ്വതി ശ്രീനിവാസിന്റെ പ്രതികരണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടിയതിന് പിന്നാലെ വിമാനക്കമ്പനിയുമായും വിമാനത്താവള അധികൃതരുമായും നടത്തിയ ആശയവിനിമയത്തിലെ പിഴവാണ് സംഭവത്തിന് കാരണമായതെന്ന് കണ്ടെത്തിയതായി അവർ പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവ് യാത്ര തിരിച്ചതിന് ശേഷമേ പ്രോട്ടോകോൾ ഓഫീസർ മടങ്ങാറുള്ളൂ എന്ന നടപടിക്രമത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിൽ സമയത്ത് എത്തിയിട്ടും പിണറായി വിജയന് ഉച്ചയ്ക്ക് 2.50-നുള്ള കോഴിക്കോട് വിമാനത്തിൽ കയറാനായിരുന്നില്ല. വി.ഐ.പി. ലോഞ്ചിൽ ഉണ്ടായിരുന്ന അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനക്കമ്പനി പ്രതിനിധികൾ എത്താതിരുന്നതിനെ തുടർന്നുണ്ടായ ആശയക്കുഴപ്പമാണ് യാത്ര മുടങ്ങാൻ കാരണമായതെന്നാണ് വിവരം. പിന്നീട് മറ്റൊരു വിമാനത്തിൽ അദ്ദേഹം കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






