മുഖക്കുരു നിസ്സാരക്കാരനല്ല…! ‘വെറും’ മുഖക്കുരു എന്ന് കരുതുന്നവ ചിലപ്പോൾ  ചര്‍മരോഗങ്ങളാകാം; ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

മുഖക്കുരു നിസ്സാരക്കാരനല്ല…! ‘വെറും’ മുഖക്കുരു എന്ന് കരുതുന്നവ ചിലപ്പോൾ ചര്‍മരോഗങ്ങളാകാം; ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

Spread the love

സ്വന്തം ലേഖകൻ

മുഖക്കുരു സൗന്ദര്യപ്രശ്നം മാത്രമല്ല. അത് ചിലരിൽ വിഷാദം, അപകർഷതാ ബോധം, ആത്മവിശ്വാസക്കുറവ് മുതലായ മാനസിക വിഷമതകൾക്കും കാരണമാകാറുണ്ട്. സാധാരണമായി മുഖക്കുരു കൗമാര പ്രായത്തിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങുകയും ഏകദേശം 25 വയസ്സ് ആകുമ്പോൾ നിലയ്ക്കുകയും ചെയ്യും. എന്നാൽ ചിലരിൽ ചെറുപ്രായത്തിൽ തുടങ്ങുകയും മറ്റുചിലരിൽ മുപ്പതുകൾക്ക് ശേഷവും തുടരാറുമുണ്ട്.

എന്താണ് മുഖക്കുരു ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനുഷ്യശരീരത്തിൽ ഏറ്റവുമാദ്യം പ്രവർത്തിച്ചുതുടങ്ങുന്ന ഗ്രന്ഥിയാണ് സെബേഷ്യസ് ഗ്രന്ഥികൾ (Sebaceous Glands). ഇവ എണ്ണമയമാർന്ന സീബം (Sebum) എന്ന സ്രവം ഉത്പാദിപ്പിക്കുന്നു. ഈ സ്രവം രോമകൂപങ്ങൾ വഴി തൊലിപ്പുറത്തെത്തുകയും ചർമത്തിന് മെഴുക്കുമയം നൽകുകയും ചെയ്യുന്നു. ഗർഭാവസ്ഥയിൽ ഏകദേശം നാലാം മാസത്തിൽ തുടങ്ങി ജീവിതകാലം ഉടനീളം തുടരുന്ന പ്രക്രിയയാണിത്.

ഉത്പാദനം അധികമാകുമ്പോൾ അല്ലെങ്കിൽ ഗ്രന്ഥികളുടെ പുറത്തേക്കുള്ള പാത അടഞ്ഞ് പോകുമ്പോൾ സീബം ഉള്ളിൽ തിങ്ങിനിറയുകയും സെബേഷ്യസ് ഗ്രന്ഥികൾ വീർത്ത് മുഖത്ത് കുരുക്കൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇതാണ് മുഖക്കുരുവിന്റെ ആദ്യ ഘട്ടം. ഇവയെ കാര (comedones) എന്ന് വിളിക്കുന്നു.

ചർമപ്രതലത്തിലെ സുഷിരങ്ങൾ അടഞ്ഞിരുന്നാൽ വെളുത്ത് കാണപ്പെടുന്ന കാരകളെ വൈറ്റ്ഹെഡ്സ് (Whiteheads) എന്നും സുഷിരങ്ങൾ തുറന്ന അവസ്ഥയിൽ കറുത്ത് കാണപ്പെടുന്ന കാരകളെ ബ്ലാക്ക് ഹെഡ്സ് (Blackheads) എന്നും വിളിക്കുന്നു. ക്യൂട്ടിബാക്ടീരിയം അക്നെസ് പോലുള്ള രോഗാണുബാധമൂലം മുഖക്കുരു പഴുക്കുകയും അവ ഉണങ്ങിയാലും കലകളും വടുക്കളും അവശേഷിക്കുകയും ചെയ്യുന്നു.

മുഖക്കുരു മാറുന്ന സമയത്ത് തൊലിയിൽ അവശേഷിക്കുന്ന ഇളംബ്രൗൺ അല്ലെങ്കിൽ കറുപ്പുനിറത്തിലുള്ള അടയാളത്തെ കലകൾ (Postinflammatory hyperpigmentation) എന്നാണ് പറയുക. തീവ്രത കൂടിയ മുഖക്കുരുക്കൾ ഉണങ്ങുന്ന സമയത്ത് മുഖത്ത് അവശേഷിക്കുന്ന ചെറിയ സുഷിരങ്ങളാണ് വടുക്കൾ (Scars). കലകൾ ഏതാനും മാസങ്ങൾകൊണ്ടോ വർഷങ്ങൾകൊണ്ടോ തനിയെ മാറിപ്പോകാം. എന്നാൽ വടുക്കൾ എന്നെന്നും നിലനിൽക്കും.

കാരണങ്ങൾ

മുഖക്കുരു എന്നാണ് പേരെങ്കിലും അവ മുഖത്തെ മാത്രമല്ല ബാധിക്കുക. സെബേഷ്യസ് ഗ്രന്ഥികൾ കൂടുതൽ ഉള്ള മുഖം, നെഞ്ച്, തോളുകൾ, മുതുക് എന്നിവിടങ്ങളിലാണ് കുരുക്കൾ കൂടുതൽ കാണപ്പെടുക. ഹോർമോണുകൾ, പ്രധാനമായും ലൈംഗികഹോർമോണുകൾ ആണ് സെബേഷ്യസ് ഗ്രന്ഥികളെ നിയന്ത്രിക്കുന്നത്. സ്ത്രൈണഹോർമോണായ ഈസ്ട്രജൻ സെബേഷ്യസ് ഗ്രന്ഥികളെ മന്ദീഭവിപ്പിക്കുമ്പോൾ പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോൺ അവയെ ഉത്തേജിപ്പിക്കുന്നു. പ്രായപൂർത്തിയാവുന്ന ഘട്ടത്തിലും ആർത്തവചക്രത്തിലുമുള്ള ഹോർമോൺ ഉത്പാദനം മുഖക്കുരു ഉണ്ടാവുന്നതിന് കാരണമാകാറുണ്ട്.

ജനിതകമായ കാരണങ്ങൾകൊണ്ടും മുഖക്കുരു ഉണ്ടാകാം. മാതാപിതാക്കളിൽനിന്ന് അടുത്ത തലമുറയിലേക്ക് പകരാൻ സാധ്യതയുണ്ട്. ചില സൗന്ദര്യവർധക ഉത്പന്നങ്ങളുടെ അമിതോപയോഗം മുഖത്ത് കാരകൾ ഉണ്ടാകാൻ കാരണമാകാറുണ്ട്. (Cosmetic acne / Acne venenata). ജോലി സംബന്ധിയായ കാരണങ്ങളാൽ ചില രാസപദാർഥങ്ങളുമായി സമ്പർക്കത്തിൽ വരുന്നവർക്കും കുരുക്കൾ ഉണ്ടാകാം (occupational acne). പെട്രോളിയം ഉത്പന്നങ്ങൾ, കോൾ ടാർ (Tar acne), ആരോമാറ്റിക് സംയുക്തങ്ങൾ മുതലായവ ഉദാഹരണങ്ങളാണ്. ചൂടും, ഈർപ്പവും കൂടുതൽ ഉള്ള കാലാവസ്ഥയിൽ (Tropical acne) ചിലപ്പോൾ മുഖക്കുരുക്കൾ പ്രത്യക്ഷപ്പെടാം. അമിത ക്ഷാരഗുണമുള്ള ഡിറ്റർജന്റ് ഉപയോഗം (Detergent acne), ഇടയ്ക്കിടെ തൊലിയിൽ ഉണ്ടാകുന്ന ഉരസൽ, അനാവശ്യമായി മുഖം ഉരച്ചുകഴുകുന്ന രീതി എന്നിവയെല്ലാം മുഖക്കുരു ഉണ്ടാകാൻ കാരണമാകാറുണ്ട്.

പലപ്പോഴും മുഖകാന്തിക്കുവേണ്ടി പുരട്ടുന്ന ലേപനങ്ങളിൽ സ്റ്റിറോയിഡ് മരുന്നുകൾ അടങ്ങിയിട്ടുണ്ടാവാം. സ്റ്റിറോയിഡ് മരുന്നുകളുടെ പാർശ്വഫലമായി മുഖക്കുരു പ്രത്യക്ഷപ്പെടാറുണ്ട് (Steroid induced acne). സ്ഥിരമായി സ്റ്റിറോയ്ഡ് മരുന്നുകൾ പുരട്ടി കേടുവന്ന ചർമത്തെ (Steroid damaged face) ഭേദപ്പെടുത്താൻ വളരെയധികം നാളുകളുടെ ചികിത്സ വേണ്ടി വന്നേക്കാം. ഏത് മരുന്നുകൾക്കും, പ്രത്യേകിച്ച് സ്റ്റിറോയിഡ് അടങ്ങിയ മരുന്നുകൾക്ക്, പാർശ്വഫലങ്ങൾ ഉണ്ടാകാമെന്നതുകൊണ്ട് ഡോക്ടറുടെ ഉപദേശപ്രകാരമല്ലാതെ മരുന്നുകൾ പുരട്ടരുത്. മാനസികപിരിമുറുക്കം, ഉത്കണ്ഠ മുതലായവ ശരീരത്തിലെ സ്റ്റിറോയിഡ് ഹോർമോണുകളുടെ അളവ് വർധിപ്പിച്ചു മുഖക്കുരുക്കൾ കൂട്ടാം. അപ്രകാരം മനസ്സും ചർമത്തിന്റെ ആരോഗ്യവും ബന്ധപ്പെട്ട് കിടക്കുന്നു.

വളരെ അപൂർവമായി പനിയും, മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളും ആഴമേറിയ മുഖക്കുരുക്കൾ ഉണ്ടാകാൻ കാരണമാകാറുണ്ട് (Acne fulminans / acne maligna). ആഴമേറിയ വടുക്കളും കലകളും നിറയെ പ്രത്യക്ഷപ്പെടുന്ന, അസാധാരണവും തീവ്രവുമായ അസുഖവും (cne conglobata) കാണാറുണ്ട്.

ചിലപ്പോൾ ‘വെറും’ മുഖക്കുരു എന്ന് സാധാരണ ആളുകൾ കരുതുന്നത് യഥാർഥത്തിൽ മറ്റുചില ചർമരോഗങ്ങളാകാം. ഹൈഡ്രഡിനൈറ്റിസ് സപ്പുററ്റിവ, ട്യൂബറസ് സ്ക്ളീറോസിസ് മുതലായവ ഉദാഹരണം. അതുകൊണ്ട് തുടക്കത്തിൽത്തന്നെ ഡോക്ടറെ കാണിക്കുന്നതാണ് ഉചിതം.

ചികിത്സ

മുഖക്കുരു ചികിത്സിക്കുന്നതിന്റെ ഉദ്ദേശ്യം മുഖത്ത് വടുക്കളും പാടുകളും വരാതെ സംരക്ഷിക്കുക എന്നതാണ്. മുഖത്തെ കലകളും വടുക്കളും ചികിത്സിച്ച് ഭേദമാക്കുകയെന്നത് മുഖക്കുരു ചികിത്സപോലെ എളുപ്പമല്ല. മുഖക്കുരുവിന്റെ കാഠിന്യത്തിനനുസരിച്ചാണ് ചികിത്സ നിർണയിക്കുക. കാഠിന്യം കുറഞ്ഞ അവസ്ഥയിൽ ബെൻസോയ്ൽ പേറോക്സയിഡ്, ക്ലിൻഡമൈസിൻ, റെറ്റിനോയ്ഡ്സ് തുടങ്ങിയ ലേപനങ്ങൾ മതിയാകും. മുഖക്കുരുവിൽ മാത്രമല്ല, ലേപനങ്ങൾ മുഖം മുഴുവനായും പുരട്ടേണ്ടതുണ്ട്. ലേപനങ്ങൾ പുരട്ടുന്നതിനുമുൻപായി തീവ്രതകുറഞ്ഞ സോപ്പ്/ഫേസ്വാഷ് ഉപയോഗിച്ച് മുഖംകഴുകണം. റെറ്റിനോയ്ഡ് ക്രീമുകൾ സാധാരണയായി രാത്രിമാത്രമാണ് പുരട്ടേണ്ടത്. റെറ്റിനോയ്ഡുകൾ ചർമം വരണ്ടതാക്കാനുള്ള സാധ്യത ഉള്ളതിനാൽ ചിലപ്പോൾ മോയിസ്ചറൈസർ ക്രീമുകളും ഉപയോഗിക്കേണ്ടി വന്നേക്കാം. എന്നാൽ അഡിപ്ലിൻ ജെൽ (Adapalene gel) രണ്ട് നേരം പുരട്ടാവുന്നതാണ്.

മുഖക്കുരുവിന്റെ തീവ്രതകൂടിയ അവസരങ്ങളിൽ ഡോക്ടറുടെ ഉപദേശപ്രകാരം ആന്റിബയോടിക്, ഹോർമോൺ, റെറ്റിനോയ്ഡ് ഗുളികകൾ കഴിക്കേണ്ടിവന്നേക്കാം. മുഖക്കുരു ചികിത്സയിൽ ഏറ്റവും ഫലപ്രദമായ മരുന്നാണ് റെറ്റിനോയ്ഡ്. എന്നാൽ ഗർഭിണികൾ ഉപയോഗിക്കാൻ പാടില്ലാത്ത മരുന്നാണിത്. അവയുടെ ഉപയോഗം നിർത്തിയശേഷം ഒരുമാസംകഴിഞ്ഞ് ഗർഭധാരണത്തിന് കുഴപ്പമില്ല.

Tags :