
ടെഹ്റാൻ : അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തില്‍ പുതിയൊരു വഴിത്തിരിവിന് വഴിയൊരുക്കി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. പരസ്പര ധാരണ എന്നത് ഇരുവശത്തു നിന്നും ഉണ്ടാകേണ്ടതാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങള്‍ കൃത്യമായി പാലിക്കാൻ തയ്യാറായാല്‍ ഇറാനും വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങളില്‍ ഒരു പുതിയ സമവായത്തിനുള്ള സാധ്യതയാണ് ഇതിലൂടെ തെളിയുന്നത്. അടിസ്ഥാനമില്ലാത്ത യുദ്ധഭീഷണികളെയും പ്രകോപനപരമായ വെല്ലുവിളികളെയും തങ്ങള്‍ അതീവ വിവേകത്തോടെയാണ് നോക്കിക്കാണുന്നതെന്ന് പെസെഷ്കിയാൻ പറഞ്ഞു. വിദ്വേഷം പ്രചരിപ്പിക്കുന്നതിനേക്കാള്‍ മനുഷ്യത്വത്തിലും യുക്തിയിലുമാണ് തങ്ങളുടെ ഭരണകൂടം വിശ്വസിക്കുന്നത്.
എന്നാല്‍, രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഘട്ടങ്ങള്‍ ഉണ്ടായാല്‍, ഒട്ടും ഭയമില്ലാതെയും കരുത്തോടെയും പ്രതികരിക്കാൻ തങ്ങള്‍ ഒട്ടും മടിക്കില്ലെന്നും അദ്ദേഹം ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്കി. അമേരിക്കൻ ഭാഗത്തുനിന്നുള്ള സുരക്ഷാ ഉറപ്പുകളും കരാറുകളോടുള്ള ആത്മാർത്ഥതയുമാണ് ഇറാൻ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാക്കുകള്‍ക്കപ്പുറം പ്രവൃത്തിയിലൂടെ അമേരിക്ക തങ്ങളുടെ വിശ്വാസ്യത തെളിയിക്കണമെന്നാണ് ഇറാന്റെ നിലപാട്. പ്രതിരോധിക്കാൻ സമയം വരുമ്പോള്‍ പൂർണ്ണ ശക്തിയോടെ പോരാടുമെന്ന് പ്രഖ്യാപിച്ച പെസെഷ്കിയാൻ, സമാധാനപരമായ അന്തരീക്ഷം പുനസ്ഥാപിക്കാനുള്ള വാതിലുകള്‍ അടച്ചിട്ടിട്ടില്ലെന്നും സൂചിപ്പിച്ചു.







