എതിർപ്പുകൾക്കൊടുവിൽ ധനവകുപ്പ് കീഴടങ്ങി; ജല അതോറിറ്റിയിൽ പെൻഷൻ പരിഷ്കരണം, 2019 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യമുണ്ടാകുമെന്നും തീരുമാനം
തിരുവനന്തപുരം: ധനവകുപ്പ് ആദ്യവസാനം ഉന്നയിച്ച എതിർപ്പിനൊടുവിൽ ജല അതോറിറ്റിയിൽ പെൻഷൻ പരിഷ്കരണത്തിന് തീരുമാനം. 2019 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പരിഷ്കരണം.
മന്ത്രിസഭ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ പെൻഷൻകാർ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കഴിഞ്ഞ മാസം 12ന് ചേർന്ന മന്ത്രിസഭ യോഗത്തിൽ മുൻകാല പ്രാബല്യം നൽകാനാവില്ലെന്ന ധനവകുപ്പ് നിലപാടു മൂലം ഫയൽ മടക്കിയിരുന്നു.
ധന-ജല വിഭവ മന്ത്രിമാർ തമ്മിൽ ധാരണയായ ശേഷം തീരുമാനമെടുക്കാമെന്ന നിലപാടാണ് അന്ന് മന്ത്രിസഭയിൽ ഉണ്ടായത്. തുടർന്നും മുൻകാല പ്രാബല്യം വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്ന വാദം ധനവകുപ്പ് ആവർത്തിച്ചു. 2024 ഏപ്രിൽ ഒന്നുമുതൽ വർധനക്ക് പ്രാബല്യം നൽകിയാൽ മതിയെന്നായിരുന്നു ധനവകുപ്പ് ശുപാർശ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മന്ത്രിസഭയിലും പുറത്തും മുൻകാല പ്രാബല്യം അർഹതപ്പെട്ടതാണെന്ന നിലപാടെടുത്തതോടെ ധനവകുപ്പ് അയഞ്ഞു. സർക്കാർ സഹായം പ്രതീക്ഷിക്കേണ്ടെന്നും ജല അതോറിറ്റി സ്വന്തമായി അധികബാധ്യത കണ്ടെത്തണമെന്ന് ധനവകുപ്പ് അറിയിക്കുകയും ചെയ്തു.
ശമ്പളവും പെൻഷനും നൽകാനുള്ള വരുമാനം വെള്ളക്കരം വർധനക്ക് ശേഷം ലഭിക്കുന്നുണ്ടെന്ന് ജല അതോറിറ്റിയും വ്യക്തമാക്കി. തുടർന്നാണ് ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗം പരിഷ്കരണം ചർച്ച ചെയ്ത് തീരുമാനമെടുത്തത്. നാമമാത്ര പെൻഷൻ ലഭിക്കുന്നവരാണ് ജല അതോറിറ്റിയിൽനിന്ന് വിരമിച്ചവരിൽ വലിയൊരു വിഭാഗം.
പെൻഷൻ പരിഷ്കരണം ആവശ്യപ്പെട്ട് പെൻഷൻകാരുടെ സംഘടനകൾ അതോറിറ്റി ആസ്ഥാനത്തിന് മുന്നിൽ 108 ദിവസം അനിശ്ചിതകാല സമരം നടത്തിയിരുന്നു. സർക്കാർ ഉറപ്പിൽ സമരം പിൻവലിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ തീരുമാനം ഉണ്ടായില്ല.
പെരുമാറ്റച്ചട്ടം പിൻവലിച്ച ശേഷം ഫയൽ മന്ത്രിസഭയുടെ പരിഗണനയിലേക്ക് വന്ന ഘട്ടത്തിലാണ് അഞ്ചു വർഷമായി കിട്ടേണ്ട മുൻകാല പ്രാബല്യം 2024 ഏപ്രിൽ മുതലാക്കി ചുരുക്കി ധനവകുപ്പ് കുറിപ്പെഴുതിയത്. ഇതോടെ വീണ്ടും സമരം തുടങ്ങി.
നീണ്ട കാത്തിരിപ്പിനൊടുവിൽ അനുകൂല തീരുമാനമുണ്ടായതിന്റെ സന്തോഷവുമായാണ് മാസങ്ങളായി വിവിധ ജില്ലകളിൽനിന്ന് തലസ്ഥാനത്തെത്തി സമരപരിപാടികളിൽ പങ്കെടുത്തിരുന്ന പെൻഷൻകാർ മടങ്ങിയത്.