
തിരുവനന്തപുരം: കന്നി ബജറ്റ് ഒരുക്കുന്നതിന്റെ അവസാനവട്ട പണിപ്പുരയിൽ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ.
ബജറ്റ് അവതരിപ്പിക്കുന്ന ജൂൺ 19 വെള്ളിയാഴ്ചവരെ സന്ദർശകർക്ക് നിയന്ത്രണമുണ്ട്. വിഴിഞ്ഞം ഇൻസ്പെക്ഷൻ ബംഗ്ലാവ്, മസ്കറ്റ് ഹോട്ടൽ എന്നിവിടങ്ങളിൽ സ്വസ്ഥമായിരുന്നാണ് ധനമന്ത്രിമാർ സാധാരണ ബജറ്റ് തയാറാക്കാറുള്ളത്. ബജറ്റ് ചർച്ചകൾക്കും വേദിയാകുന്നത് ഇവിടെയാണ്. എന്നാൽ, മുഖ്യമന്ത്രിയുടെ ചുമതലകൾക്കിടയിലാണ് ബജറ്റിനുള്ള തയാറെടുപ്പുകൾ വി.ഡി സതീശൻ നടത്തുന്നത്.
രാവിലെ കന്റോൺമെന്റ് ഹൗസിലും ഓഫിസിലും എത്തുന്നവരെ കണ്ടതിനുശേഷം പ്രധാനപ്പെട്ട പരിപാടികൾ കഴിഞ്ഞ് ബജറ്റ് ചർച്ചകളിലേയ്ക്ക് കടക്കുകയാണ് മുഖ്യമന്ത്രിയുടെ രീതി. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാൾ, മസ്‌കറ്റ് ഹോട്ടൽ, കോവളം ഗസ്റ്റ് ഹൗസ് എന്നിവടങ്ങളിലാണ് ചർച്ച. രാത്രി വെെകിയും ചർച്ചകൾ നീളുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂൺ 19-ന് മുഖ്യമന്ത്രി പദവിയിലിരുന്ന് ബജറ്റ് അവതരിപ്പിക്കുന്നതോടെ മുഖ്യമന്ത്രിസ്ഥാനത്തിരുന്ന് ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ കോൺഗ്രസ് മുഖ്യമന്ത്രിയാകും വി.ഡി സതീശൻ. ആർ. ശങ്കർ, ഉമ്മൻചാണ്ടി എന്നിവരാണ് ഇതിനു മുൻപ് ബജറ്റ് അവതരിപ്പിച്ച കോൺഗ്രസ് മുഖ്യമന്ത്രിമാർ.
കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്ക്കുള്ള ഫണ്ട്, ഉമ്മൻചാണ്ടിയുടെ പേരിലുള്ള ഇൻഷുറൻസ് പരിരക്ഷാ പദ്ധതി, വയോജന വകുപ്പിനുള്ള ഫണ്ട് എന്നിവയെല്ലാം പുതിയ ബജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടായേക്കും. സംസ്ഥാനത്തിന്റെ തനതുവരുമാനം വർധിപ്പിക്കാനുള്ള നടപടികൾക്ക് ഊന്നൽ നൽകുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.







