play-sharp-fill
ഓൺലൈൻ പണമിടപാടുകൾ ജാഗ്രതൈ;പേ ടി എം പണമിടപാട് യുവാവിന്റെ അക്കൗണ്ടിൽ നിന്നും 44998 രൂപ തട്ടിയെടുത്തു.

ഓൺലൈൻ പണമിടപാടുകൾ ജാഗ്രതൈ;പേ ടി എം പണമിടപാട് യുവാവിന്റെ അക്കൗണ്ടിൽ നിന്നും 44998 രൂപ തട്ടിയെടുത്തു.

സ്വന്തം ലേഖകൻ
ചേർത്തല:പേടിഎം മൊബൈൽ ആപ്പ് ഉപയോഗിച്ച് പണമിടപാട് നടത്തിയതിന് പിന്നാലെ യുവാവിന്റെ അക്കൗണ്ടിൽനിന്ന് 44,998 രൂപ നഷ്ടമായി. ചേർത്തല വാരനാട് പീടികച്ചിറ വി ജയറാമിനാണ് പണം നഷ്ടപ്പെട്ടത്. ഡിഷ് ടിവി കണക്ഷൻ പേടിഎം ഉയോഗിച്ച് റീചാർജ് ചെയ്തതിന് പിന്നാലെയാണ് എസ്ബിഐ വാരനാട് ശാഖയിലെ അക്കൗണ്ടിൽനിന്ന് മിനിട്ടുകൾക്കകം നാല് പ്രാവശ്യമായി പണം പിൻവലിച്ചത്. 12ന് രാത്രി 350 രൂപയ്ക്ക് റീചാർജ് ചെയ്തപ്പോൾ അബദ്ധത്തിൽ രണ്ട് തവണ തുക ട്രാൻസ്ഫർ ചെയ്തു. അധികമായി നൽകിയ തുക തിരിച്ചുവാങ്ങുന്നതിന് ഡിഷ് ടിവി കമ്പനിയുടെ കസ്റ്റമർകെയർ സെന്ററുമായി 13ന് രാവിലെ ജയറാം ബന്ധപ്പെട്ടു. റീചാർജിന് പണം ട്രാൻസ്ഫർചെയ്യാൻ ഉപയോഗിച്ച ആപ്പിന്റെ കസ്റ്റമർകെയർ സെന്ററുമായി ബന്ധപ്പെട്ടാൽ പണം തിരിച്ച് കിട്ടുമെന്ന് അവർ അറിയിച്ചു.അതനുസരിച്ച് പേടിഎം കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടപ്പോൾ ജയറാമിന്റെ എടിഎം കാർഡിലെ സിവി നമ്പർ പറഞ്ഞുകേൾപ്പിക്കുകയും അധികമായി നൽകിയ തുക അക്കൗണ്ടിലേക്ക് മാറ്റിയെന്ന് അറിയിക്കുകയും ചെയ്തു. 918617070213 എന്ന ഫോൺനമ്ബറിൽ നിന്നാണ് വിവരങ്ങൾ നൽകിയത്. 10 മിനിട്ട് കഴിഞ്ഞപ്പോൾ 9,999, 20,000, 9,999, 5,000 രൂപ വീതം അക്കൗണ്ടിൽനിന്ന് പിൻവലിച്ചു. ഉടനെ എസ്ബിഐ കസ്റ്റമർകെയർ സെന്ററിൽ ബന്ധപ്പെട്ട് എടിഎം കാർഡ് മരവിപ്പിച്ചു. തട്ടിപ്പ് മനസിലാക്കിയ ജയറാം ചേർത്തല പൊലീസിൽ പരാതിനൽകി.തട്ടിപ്പ് നടന്ന ശേഷവും പേടിഎം കസ്റ്റമർകെയറിലെ നമ്പറിൽനിന്ന് ജയറാമിന് വിളിയെത്തുന്നുണ്ട്. എടിഎം കാർഡ് പ്രവർത്തനക്ഷമമാക്കിയാൽ പണം ലഭിക്കുമെന്നാണ് അറിയിക്കുന്നത്. പൊലീസ് സൈബർസെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.