ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന മൊഴി നൽകി യുവതി പോലീസിനെ കുഴക്കിയ സംഭവം ; മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയ്ക്കിടെ വാടക വീട്ടിലുണ്ടായ നാശനഷ്ടത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമ രംഗത്ത്; വീടിനുണ്ടായിരിക്കുന്നത് 50000 രൂപയുടെ നാശ നഷ്ടം ; നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും വീട്ടുടമ
സ്വന്തം ലേഖകൻ
പത്തനംതിട്ട: ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന മൊഴി നല്‍കി പോലീസിനെ കുഴക്കിയ അഫ്‌സാനയെ കസ്റ്റഡിയില്‍ വാങ്ങില്ലെന്ന് പോലീസ്. ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി നല്‍കി ആയിരുന്നു അഫസ്‌ന കേരള പോലീസിനെ വട്ടം കറക്കിയത്.
പത്തനംതിട്ട കലഞ്ഞൂര്‍ പാടം സ്വദേശി നൗഷാദി(34)നെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയ ഭാര്യ അഫ്‌സാനയെയാണ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. യുവതിയുടെ കുറ്റസമ്മത മൊഴിയനുസരിച്ചാണ് നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, അഫ്‌സാനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയ്ക്കിടെയുണ്ടായ വീട്ടിലുണ്ടായ നാശനഷ്ടത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമയായ ബിജു രംഗത്തെത്തി.
തന്റെ അടുക്കള മുഴവന്‍ പൊളിച്ച് ഇട്ടിരിക്കുകയാണ്. ജനലും കതകും അടിച്ച് പൊളിച്ചിട്ടുണ്ട്. 50000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കാത്ത സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും ബിജു വ്യക്തമാക്കി.
ഒന്നരവര്‍ഷം മുന്‍പാണ് നൗഷാദിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. 2021 നവംബര്‍ അഞ്ചാം തീയതി മുതല്‍ യുവാവിനെ കാണാനില്ലെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നൗഷാദിനെ കണ്ടെത്താനായി വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലംകണ്ടില്ല.
അടുത്തിടെ ഭാര്യ അഫ്സാനയെ പോലീസ് വിശദമായി ചോദ്യംചെയ്തതാണ് കേസില്‍ വഴിത്തിരിവായത്. ഒരുമാസം മുന്‍പ് അഫ്സാനയെ ചോദ്യംചെയ്തപ്പോള്‍ നൗഷാദിനെ താന്‍ അടുത്തിടെ നേരിട്ടുകണ്ടെന്നായിരുന്നു ഇവരുടെ മൊഴി. ഇതേത്തുടര്‍ന്ന് അഫ്സാന പറഞ്ഞ സ്ഥലത്ത് പോലീസ് അന്വേഷണം നടത്തിയെങ്കിലും നൗഷാദ് ഇവിടെവന്നതായുള്ള വിവരങ്ങള്‍ ലഭിച്ചില്ല.
സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും തെളിവുകള്‍ കിട്ടിയില്ല. ഇതോടെ അഫ്സാനയെ വിശദമായി ചോദ്യംചെയ്തതോടെയാണ് ഭര്‍ത്താവിനെ ഒന്നരവര്‍ഷം മുന്‍പ് കൊലപ്പെടുത്തിയതായി മൊഴി നല്‍കിയത്.
ദമ്പതിമാര്‍ നേരത്തെ താമസിച്ചിരുന്ന ഏനാത്ത് പരുത്തിപ്പാറയിലെ വാടകവീട്ടില്‍വെച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നായിരുന്നു അഫ്സാന പോലീസിനോട് നടത്തിയ വെളിപ്പെടുത്തല്‍.
അതേസമയം, യുവതി ഇടയ്ക്കിടെ മൊഴി മാറ്റിപ്പറഞ്ഞത് അന്വേഷണസംഘത്തെ പ്രതിസന്ധിയിലാക്കി. മൃതദേഹം ഏനാത്തിന് സമീപം പുഴയില്‍ ഒഴുക്കിയെന്നായിരുന്നു യുവതി ആദ്യം പറഞ്ഞത്.
പിന്നാലെ പുഴയില്‍ ഒഴുക്കിയില്ല, വീടിന് സമീപത്തെ സെമിത്തേരിയോട് ചേര്‍ന്ന് കുഴിച്ചിട്ടെന്ന് മൊഴി നല്‍കി. ഇതനുസരിച്ച് വ്യാഴാഴ്ച രാവിലെ ആദ്യം സെമിത്തേരി പരിസരത്താണ് പോലീസ് സംഘം പരിശോധന നടത്തിയത്.
ഈ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ഇതോടെ അഫ്സാനയെ വീണ്ടും ചോദ്യംചെയ്തു. വീടിന് പിറകില്‍ കുഴിച്ചിട്ടെന്നായിരുന്നു പിന്നീടുള്ള മൊഴി. പുരയിടത്തില്‍ അടുക്കളയ്ക്ക് സമീപത്തുള്ള സ്ഥലവും ചൂണ്ടിക്കാണിച്ചു.
ഇവിടെ പോലീസ് സംഘം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ വീട്ടിനുള്ളിലെ അടുക്കളയുടെ തറപൊളിച്ചും സെപ്റ്റിക്ക് ടാങ്കിന്റെ മേല്‍മൂടി മാറ്റിയും പോലീസ് സംഘം പരിശോധന നടത്തിയിരുന്നു.
കഴിഞ്ഞ ഒന്നര വര്‍ഷമായി തൊടുപുഴയില്‍ ആരുമറിയാതെ താമസിക്കുകയായിരുന്നു നൗഷാദ്. തൊടുപുഴ തൊമ്മൻ കുത്തില്‍ ആരും തിരിച്ചറിയാതിരിക്കാൻ പേരുപോലും മാറ്റിയാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. ജീവിക്കാനായി തോട്ടം തൊഴിലാളിയായി.
ഭാര്യയോട് പിണങ്ങി വീടുവിട്ട നൗഷാദ് തൊടുപുഴയിലെത്തുകയായിരുന്നു. ഭാര്യയെ പേടിച്ചാണ് നാടുവിട്ടതെന്നും ഇനി വീട്ടിലേക്ക് മടങ്ങിപ്പോകില്ലെന്നും നൗഷാദ് പറഞ്ഞു.
സ്വസ്ഥമായി താമസിക്കാനാണ് നാടുവിട്ടതെന്നും അത് വീട്ടുകാരെ അറിയിക്കേണ്ട കാര്യമില്ലെന്നും നൗഷാദ് പൊലീസിനോട് പറഞ്ഞു. നൗഷാദ് കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ കണ്ട തൊമ്മൻകുത്ത് സ്വദേശിയായ പൊലീസുകാരനാണ് നൗഷാദിനെ തിരിച്ചറിഞ്ഞ് പൊലീസിനെ വിവരം അറിയിച്ചത്.
നൗഷാദിനെ താൻ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് ഇന്നലെ നൗഷാദിന്റെ ഭാര്യ അഫ്സാന പൊലീസിന് മൊഴി നല്‍കിയിരുന്നു. തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു യുവതിയുടെ മൊഴി.നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു.
എന്തുകൊണ്ടാണ് ഭാര്യ തന്നെ കൊന്നു എന്ന് പൊലീസിന് മൊഴിനല്‍കിയതെന്ന് അറിയില്ലെന്ന് നൗഷാദ് പറഞ്ഞു. പേടിച്ചാണ് നാട്ടില്‍ നിന്നും മാറിനിന്നത്. ഇനി തിരിച്ചുപോകാനും പേടിയാണ്. ഭാര്യ തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നു.
ഭാര്യയോടൊപ്പം ഒരുകൂട്ടം ആളുകള്‍ തന്നെ മര്‍ദ്ദിച്ചു. തന്റെ പേരിലുള്ള കേസ് ഇത്ര സംഭവമായി മാറിയതായി അറിഞ്ഞിരുന്നില്ലെന്നും വീട്ടുകാരുമായും ഒന്നരവര്‍ഷത്തോളമായി ബന്ധപ്പെട്ടിരുന്നില്ലെന്നും ഇയാള്‍ അറിയിച്ചു.
തെളിവ് നശിപ്പിക്കല്‍, പൊലീസിനെ കബളിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിലവില്‍ അഫ്സാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കുകയും മൃതശരീരം കണ്ടെത്താൻ കഴിയാതിരുന്നതോടെ പൊലീസ് നൗഷാദ് ജീവനോടെയുണ്ടെന്ന നിഗമനത്തിലെത്തുകയായിരുന്നു.
നൗഷാദിന്റെതെന്ന് സംശയിക്കുന്ന രക്തക്കറ പുരണ്ട ഷര്‍ട്ടിന്റെ ഭാഗങ്ങള്‍ കത്തിച്ചു നിലയില്‍ കണ്ടെത്തിയിരുന്നു. അതിനിടെ കൊലപാതകത്തില്‍ സുഹൃത്തിന്റെ സഹായവും ലഭിച്ചിട്ടുണ്ടെന്ന് നൗഷാദിന്റെ ഭാര്യ അഫ്‌സാന വെളിപ്പെടുത്തിയിരുന്നു.
മൃതദേഹം സുഹൃത്തിൻറെ പെട്ടി ഓട്ടോറിക്ഷയിലാണ് കൊണ്ടുപോയതെന്നാണ് അഫ്സാന പറയുന്നത്. ഇയാളെയും പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിട്ടുണ്ട്. നൗഷാദിന് വാടക വീട് ശരിയാക്കിക്കൊടുത്ത ബ്രോക്കറെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.